സുധാകരന്റെ കാലത്തെ റോഡ് പണിയിൽ അന്വേഷണം: ആരിഫിന്റെ ആവശ്യം സിപിഎം തള്ളി

arif-riyas-sudhakaran
എ.എം. ആരിഫ്, മന്ത്രി മുഹമ്മദ് റിയാസ്, ജി. സുധാകരൻ
SHARE

ആലപ്പുഴ ∙ ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ ദേശീയപാത അറ്റകുറ്റപ്പണി സംബന്ധിച്ചു വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട എ.എം.ആരിഫ് എംപിയെ തള്ളി സിപിഎം നേതൃത്വം. ജില്ലാ സെക്രട്ടറി ആർ.നാസർ, മന്ത്രി സജി ചെറിയാൻ എന്നിവരുൾപ്പെടെ ആരിഫിന്റെ നടപടിയെ തള്ളിപ്പറഞ്ഞു. തുടർഭരണം കിട്ടിയ സംസ്ഥാന സർക്കാരിന്റെ പ്രതിഛായയ്ക്ക് എംപിയുടെ പരാതി കോട്ടം വരുത്തുമെന്ന നിലപാടിലാണു പാർട്ടി നേതൃത്വം. സിപിഎം ജില്ലാ കമ്മിറ്റിയിലും വിഷയം ചർച്ച ചെയ്തേക്കും.

ആരിഫിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആരിഫ് ആവശ്യപ്പെട്ട വിഷയത്തിൽ വകുപ്പുതലത്തിൽ നടത്തിയ അന്വേഷണം തൃപ്തികരമാണ്. ആരിഫിന്റെ ആവശ്യപ്രകാരം തന്നെയാണ് ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.

പരാതി നൽകുന്നതു സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയെ അറിയിച്ചിരുന്നതായി ഇന്നലെ എ.എം.ആരിഫ് എംപി പറഞ്ഞിരുന്നു. പ്രശ്നപരിഹാരമാണു വേണ്ടതെന്നും നിർമാണ അപാകത പരിഹരിക്കാനാണു പരാതി നൽകിയതെന്നും നേരത്തെ അന്വേഷണം നടത്തിയ കാര്യം അറിഞ്ഞിരുന്നില്ലെന്നും ആരിഫ് പറഞ്ഞു. ആരിഫിന്റെ വാദം ജില്ലാ സെക്രട്ടറ‍ി ആർ.നാസർ നിഷേധിച്ചു. പരാതിയെക്കുറിച്ച് തന്നോടു പറഞ്ഞിട്ടില്ലെന്നും പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയത് അനൗചിത്യമാണെന്നും നാസർ വ്യക്തമാക്കി.

ജി.സുധാകരനെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആരിഫ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകുകയും അതു പരസ്യപ്പെടുത്തുകയും ചെയ്തതെന്നാണു പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. പാർട്ടി അറിയാതെ പരാതി നൽകിയതിൽ ആരിഫിന് വീഴ്ചയുണ്ടായോ എന്നതിൽ പാർട്ടി ചർച്ച നടത്തുമെന്നാണു വിവരം.

ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നു പൊതുമരാമത്ത് മന്ത്രി തീരുമാനിക്കട്ടെ. വിജിലൻസ് അന്വേഷണം വേണ്ടെന്ന മന്ത്രി സജി ചെറിയാന്റെ അഭിപ്രായത്തെ എതിർക്കുന്നില്ല. നാട്ടുകാരുടെ പരാതിയാണു ഞാൻ കത്തായി നൽകിയത്. എന്റെ ഭാഗത്തു തെറ്റുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കാൻ പാർട്ടിക്ക് അധികാരമുണ്ട്–എ.എം.ആരിഫ് എംപി

English Summary: CPM denied AM Arif's request for investigation in national highway construction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA