ADVERTISEMENT

കോഴിക്കോട് ∙ സംസ്ഥാനത്തെ ഞെട്ടിച്ച മരം കൊള്ളയുടെ മുഴുവൻ കുറ്റവും റവന്യു വകുപ്പിന്റെ തലയിൽ കെട്ടിവച്ച് വനം വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. റവന്യുവിൽ നിന്നുള്ള വിവാദ ഉത്തരവും ഈ ഉത്തരവിന്റെ ചുവടുപിടിച്ച് വിവിധ തഹസിൽദാർമാർ നൽകിയ നിർദേശങ്ങളുമാണ് മരംകൊള്ളയ്ക്കു കാരണം എന്നു വിലയിരുത്തുന്നതാണ് വനം വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്. വനം വിജിലൻസ് പിസിസിഎഫ് ഗംഗാസിങ് കഴിഞ്ഞ ജൂൺ 25ന് സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിശദാംശങ്ങൾ ഉള്ളത്. 

ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിരുന്ന ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. 2248 തേക്ക് മരങ്ങളും (1612 മെട്രിക് ടൺ) 171 ഈട്ടി മരങ്ങളും (327.584 െമട്രിക് ടൺ) അനധികൃതമായി മുറിച്ചിട്ടുണ്ട് എന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളും ശുപാർശകളും:

∙ 28 വനം റേഞ്ച് ഓഫിസുകളുടെ പരിധിയിൽ മരംമുറി നടന്നു. പട്ടയ ഭൂമിയിൽ അനധികൃത മരങ്ങൾ മുറിക്കാനായി 483 പെർമിറ്റുകൾ നൽകി. മിക്ക സ്ഥലത്തും റവന്യു അധികൃതർ നൽകിയ ബാധ്യതാരഹിത സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് മരം മുറി അനുവദിച്ചത്. ഏറ്റവും കൂടുതൽ എറണാകുളത്ത് – 205, രണ്ടാമത് ഇടുക്കിയിൽ നിന്ന് – 119. നേര്യമംഗലം റേഞ്ചിൽ മാത്രം 147 പെർമിറ്റുകൾ. അടിമാലിയിൽ 56, മുള്ളരിങ്ങാട് 46, തട്ടേക്കാട് 40, മച്ചാട് 35 എന്നിങ്ങനെ പെർമിറ്റുകൾ നൽകി. സർക്കാർ വില കണക്കാക്കി മാത്രം ആകെ 1441.751 ലക്ഷത്തിന്റെ മരം മുറിച്ചു. 

∙ ഏറ്റവും കൂടുതൽ മരം മുറിച്ചത് നേര്യമംഗലം റേഞ്ചിൽ നിന്ന്– 643 തേക്ക്. മച്ചാട് റേഞ്ച് – 429, അടിമാലി 281, പട്ടിക്കാട് 181, തട്ടേക്കാട് 152, മുള്ളരിങ്ങാട് 120 എന്നിങ്ങനെ മറ്റ് റേഞ്ചുകളിൽ മരം മുറിച്ചു. ഏറ്റവും കൂടുതൽ തേക്ക് മരങ്ങൾ നഷ്ടപ്പെട്ടത് നേര്യമംഗലത്തു നിന്ന്. ഈട്ടിമരങ്ങൾ ഏറ്റവും കൂടുതൽ മുറിച്ചത് വയനാട് മേപ്പാടി റേഞ്ചിൽ നിന്ന്– 106 എണ്ണം. 

∙ അടിമാലി റേഞ്ചിനു കീഴിൽ ദേവികുളം തഹസിൽദാർ, വെള്ളത്തൂവൽ– കൊന്നത്തടി– മണ്ണാർകണ്ടം– ആനവിരത്തി വില്ലേജ് ഓഫിസർമാർ ബാധ്യതാരഹിത സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. 

∙ അടിമാലിയിൽ ഒരു പെർമിറ്റ് ഉപയോഗിച്ച് 5 തേക്ക് മരങ്ങൾ വരെ വെട്ടി. 18 കൂറ്റൻ ഈട്ടിമരങ്ങൾ മുറിക്കാനുള്ള െപർമിറ്റ് നൽകിയത് ഒക്ടോബർ 24ന്റെ ഉത്തരവ് റദ്ദാക്കിയതിനു ശേഷമാണ്. 

∙ 100 ക്യുബിക് മീറ്ററിൽ മുകളിൽ മരം മുറിച്ചത് നേര്യമംഗലം, മച്ചാട്, അടിമാലി റേഞ്ചുകളിൽ. 

∙ അടിമാലിയിൽ റേഞ്ച് ഓഫിസറും വിവിധ വില്ലേജ് ഓഫിസർമാരും ഉത്തരവാദികൾ. 8 പാസുകൾ ഒരു രേഖയുമില്ലാതെ നൽകിയ അടിമാലി റേഞ്ച് ഓഫിസർ കുറ്റക്കാരൻ. ഉത്തരവ് റദ്ദാക്കിയതിനു ശേഷം 18 പെർമിറ്റുകൾ ഈ റേഞ്ച് ഓഫിസർ നൽകിയതും തെറ്റ്.  

English Summary: Wood smuggling, forest department put responsibility on revenue department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com