ഡിസിസി: അന്തിമ പട്ടികയിലേക്ക് ഹൈക്കമാൻഡ്; നിസ്സഹകരണ സൂചന നൽകി ഗ്രൂപ്പുകൾ

HIGHLIGHTS
  • ഇനി പേരുകൾ പറയാനില്ലെന്ന് ഗ്രൂപ്പു നേതൃത്വങ്ങൾ
Congress-logo
SHARE

ന്യൂഡൽഹി / തിരുവനന്തപുരം ∙ കോൺഗ്രസ് ജില്ലാ കമ്മിറ്റി (ഡിസിസി) പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന നേതൃത്വം കൈമാറിയ ചുരുക്കപ്പട്ടികയിൽ നിന്ന് അന്തിമ പട്ടിക തീരുമാനിക്കാനുള്ള നടപടികൾ ഹൈക്കമാൻഡ് ആരംഭിച്ചു. ഡിസിസി പ്രസിഡന്റുമാരായി ഏതാനും ജില്ലകളിൽ ഒന്നിലധികം പേരുകൾ സംസ്ഥാന നേതൃത്വം കൈമാറിയിട്ടുണ്ട്. ഇതിൽ നിന്ന് ഓരോരുത്തരെ വീതം തീരുമാനിക്കാനുള്ള ചർച്ചകളാണു നടക്കുന്നത്.

ഇതിനിടെ, ഇനി പേരുകൾ നിർദേശിക്കാനില്ലെന്നു തീരുമാനിച്ചു കൊണ്ട് എ–ഐ ഗ്രൂപ്പുകൾ നിസ്സഹകരണത്തിന്റെ ആദ്യ സൂചനകൾ നൽകി.ഡിസിസി പ്രസിഡന്റുമാർ ആകാൻ ഇടയുള്ളവരുടെ പേരുകൾ ഇതിനിടയിൽ പ്രചരിച്ചു തുടങ്ങി.പട്ടിക പൂർണമായി പുറത്തു വരുമ്പോൾ ആക്ഷേപങ്ങൾ മാറുമെന്ന അവകാശവാദത്തിലാണു നേതൃത്വം.

പട്ടികയ്ക്കതിരെ കലാപക്കൊടി ഗ്രൂപ്പുകൾ ഉയർത്തിയിട്ടും ഉമ്മൻ ചാണ്ടിയോടോ ചെന്നിത്തലയോടോ കേന്ദ്ര–കേരള നേതാക്കൾ സംസാരിച്ചതായി വിവരമില്ല. ഇരുവരുടെയും പരാതികൾ പരിഹരിക്കാൻ നോക്കുമെന്നു നേതൃത്വത്തിലെ പലരും അവകാശപ്പെടുന്നു. പരാതികളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം ഗ്രൂപ്പുകൾക്കു തീരെ രുചിച്ചിട്ടില്ല.

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഹൈക്കമാൻഡിനു രേഖാമൂലം പരാതി നൽകിയതു കൂടി കണക്കിലെടുത്താണു പട്ടികയുടെ പ്രഖ്യാപനം നീളുന്നത് എന്ന സൂചനയാണു ശക്തം. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും തീരുമാനിച്ചപ്പോൾ അപമാനിതരായെന്ന വികാരത്തിലായിരുന്നു ഇരു നേതാക്കളും. തുടർന്നാണ് ഇരുവരെയും രാഹുൽ ഗാന്ധി നേരിട്ടു വിളിച്ചു സംസാരിച്ചത്.  ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചില പേരുകൾ കൈമാറിയിരുന്നു. ഇതിൽ ചിലരുടെ കാര്യത്തിൽ സതീശനും സുധാകരനും വിയോജിപ്പുണ്ടായി. ഈ ഭിന്നത നിലനിൽക്കെയാണ് ഇരുവരും ഡൽഹിക്കു പോയതും പട്ടിക ഏതാണ്ട് അന്തിമമാക്കിയതും.

സാധ്യതാ പട്ടികയിൽ ഇവർ

∙ കോട്ടയം: നാട്ടകം സുരേഷ്, ജോമോൻ ഐക്കര

∙ എറണാകുളം: മുഹമ്മദ് ഷിയാസ്

∙ തൃശൂർ: ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ

∙ മലപ്പുറം: വി.എസ്.ജോയ്, ആര്യാടൻ ഷൗക്കത്ത്

∙ കോഴിക്കോട്: കെ.പ്രവീൺ കുമാർ

∙ വയനാട്: കെ.കെ.ഏബ്രഹാം, പി.ഡി. സജി

∙ കണ്ണൂർ: മാർട്ടിൻ ജോർജ്, കെ.പി.സാജു

∙ കാസർകോട്: ഖാദർ മങ്ങാട്, പി.കെ. ഫൈസൽ

English Summary: High command DCC restructuring in last phase

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA