ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് രണ്ടാം തരംഗവും തുടർന്നു നടപ്പാക്കിയ ലോക്ഡൗണും സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തു സൃഷ്ടിച്ച ആഘാതത്തെക്കുറിച്ചു പഠിക്കാൻ സർക്കാർ തീരുമാനം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനെയാണു പഠനത്തിനായി ധനവകുപ്പ് ചുമതലപ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങൾ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്തു എന്നു കൂടി പഠനത്തിൽ വിലയിരുത്താൻ നിർദേശിച്ചു. 

കോവിഡ് ഒന്നാം തരംഗത്തിനും ലോക്ഡൗണിനും പിന്നാലെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, സംസ്ഥാന ആസൂത്രണ ബോർഡ്, കെ.എം.ഏബ്രഹാം സമിതി എന്നിവ പഠനം നടത്തി സർക്കാരിനു റിപ്പോർട്ട് സമർ‌പ്പിച്ചിരുന്നു. വരുമാനം വർധിപ്പിക്കുന്നതിനും ചെലവു ചുരുക്കുന്നതിനുമായി ഒട്ടേറെ നിർദേശങ്ങളും ഇവർ മുന്നോട്ടു വച്ചിരുന്നു. ചെലവു ചുരുക്കൽ നടപടികൾ ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ. പെൻഷൻ‌ പ്രായം വർധിപ്പിക്കുകയെന്ന പ്രധാന നിർദേശം സർക്കാർ തള്ളുകയും ചെയ്തു. 

ഫീസും നികുതിയും കൂട്ടി വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ജനരോഷം ഭയന്നു സർക്കാർ ഒഴിവാക്കി. ഇൗ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ പാസാക്കിയ പുതുക്കിയ ബജറ്റിലും ജനങ്ങൾക്കു മേൽ അധികഭാരം ചുമത്തിയിരുന്നില്ല. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനു പിന്നാലെ വരുമാന വർധനയ്ക്കുള്ള നടപടികൾക്കു തുടക്കമിടുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ആദ്യ പടിയായാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ പഠനത്തിനു നിയോഗിച്ചതെന്നാണു സൂചന.

റിപ്പോർട്ടിലെ നിർദേശങ്ങൾ വരുന്നതോടെ മദ്യം, ലോട്ടറി, ഭൂമി റജിസ്ട്രേഷൻ, വാഹന നികുതി, കെട്ടിട നികുതി തുടങ്ങി സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലുള്ളവയിൽ നിരക്കു വർധനയ്ക്കു സാധ്യതയുണ്ട്. 

English Summary: Gulathi institute to study covid financial setback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com