ADVERTISEMENT

തിരുവനന്തപുരം ∙ കൊച്ചി ലഹരിക്കേസ് അട്ടിമറിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മഹസർ എഴുതിയതിലും കേസ് റജിസ്റ്റർ ചെയ്തതിലും വീഴ്ച വരുത്തുകയും 2 പ്രതികളെ ഒഴിവാക്കുകയും ചെയ്ത എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എൻ.ശങ്കറിനെ സസ്പെൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ കെ.എസ്. പ്രമോദിനെ മലപ്പുറത്തേക്കും സിഇഒ എം.എസ്.  ശിവകുമാറിനെ ആലപ്പുഴയ്ക്കും സിഇഒ എം.എ.

മേൽനോട്ടച്ചുമതലയുണ്ടായിരുന്ന സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി.വിനോജിനെ കാസർകോട് വെള്ളരിക്കുണ്ടിലേക്കു സ്ഥലം മാറ്റി. സ്ക്വാഡിലെ ഒരു പ്രിവന്റീവ് ഓഫിസറെയും 2 സിവിൽ എക്സൈസ് ഓഫിസർമാരെയും എറണാകുളം ജില്ലയ്ക്കു പുറത്തേക്കു മാറ്റി. ഷിബുവിനെ തൃശൂരിലേക്കുമാണു മാറ്റിയത്.

അഡീഷനൽ എക്സൈസ് കമ്മിഷണർ അബ്ദുൽ റാഷി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണനാണു നടപടിയെടുത്തത്. വകുപ്പിന്റെ വിശ്വാസ്യതയ്ക്കു മങ്ങലേൽപിക്കാൻ ഉദ്യോഗസ്ഥരുടെ പ്രവൃത്തി കാരണമായെന്ന പരാമർശത്തോടെയാണു നടപടി.

നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്ന കുറ്റപ്പെടുത്തൽ മാത്രമാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. മനഃപൂർവം കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഒരു കേസിനെത്തുടർന്ന്, അതേ സ്ഥലത്തു നടത്തിയ റിക്കവറി മറ്റൊരു കേസായി റജിസ്റ്റർ ചെയ്തതിന്റെ നിയമസാധുത പരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. വിശദമായ അന്വേഷണം വേണമെന്ന് എക്സൈസ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ചേർന്നാണ് 84 ഗ്രാം എംഡിഎംഎയുമായി ഏഴംഗ സംഘത്തെ പിടികൂടിയത്. കേസ് റജിസ്റ്റർ ചെയ്യാനായി പ്രതികളെയും തൊണ്ടിമുതലും എറണാകുളത്തെ സ്ക്വാഡിനു കൈമാറി. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്നു തന്നെ ഇതേ ഫ്ലാറ്റിൽ പരിശോധന നടത്തി 1.115 കിലോഗ്രാം എംഡിഎംഎ കൂടി ഇൻസ്പെക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ എറണാകുളത്തെ സ്ക്വാഡ് പിടികൂടി. എന്നാൽ രണ്ടാമത്തെ കേസ് പ്രതികളും സാക്ഷികളുമില്ലാത്ത അൺ ഡിറ്റക്റ്റഡ് കേസായി എഴുതുകയും 2 പ്രതികളെ ആദ്യ കേസിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. മാൻകൊമ്പ് ഉൾപ്പെടെ ഫ്ലാറ്റിൽനിന്നു കണ്ടെത്തിയ പല വസ്തുക്കളും മഹസറിൽ ചേർത്തതുമില്ല.

7 വീഴ്ചകൾ 

1. 2 പ്രതികളെ ചോദ്യം ചെയ്യാതെ വിട്ടയച്ചു.

2. പിടിച്ച പണം കൃത്യമായി തിട്ടപ്പെടുത്തി സൂക്ഷിച്ചില്ല.

3. 7 പ്രതികളിൽനിന്നായി 9 ഫോണുകൾ പിടിച്ചെടുത്തെങ്കിലും അഞ്ചെണ്ണം പരിശോധിക്കാതെ വിട്ടുകൊടുത്തു.

4. പിടിച്ചെടുത്ത മാൻകൊമ്പ് മഹസറിൽ രേഖപ്പെടുത്തിയില്ല.

5. ഫ്ലാറ്റിലുണ്ടായിരുന്ന, പ്രതികളുടെ ലാപ്ടോപ് പിടിച്ചെടുത്തില്ല.

6. ആദ്യ കേസ് റജിസ്റ്റർ ചെയ്ത ഉടൻ ഫ്ലാറ്റിൽനിന്ന് മുഴുവൻ ലഹരിയും കണ്ടെടുക്കാൻ ശ്രമിച്ചില്ല.

7. അതീവ ശ്രദ്ധയോടെയും നിയമം പാലിച്ചും കേസ് അന്വേഷിക്കണമെന്ന ജോയിന്റ് എക്സൈസ് കമ്മിഷണറുടെ നിർദേശം പാലിച്ചില്ല.

English Summary: Kakkanad drugs case, investigation report against officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com