ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മതിയായ പരിഗണനയില്ല; തൃപ്തി പോരാതെ ഗ്രൂപ്പുകൾ

HIGHLIGHTS
  • മാറ്റങ്ങൾ ഉമ്മൻ ചാണ്ടിയുമായും രമേശുമായും രാഹുൽ സംസാരിച്ചശേഷം
Ramesh-Chennithala-Oommen-Chandy-K-Sudhakaran-VD-Satheesan-19
രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.സുധാകരൻ, വി.ഡി.സതീശൻ
SHARE

തിരുവനന്തപുരം ∙ ഡിസിസി അധ്യക്ഷ പട്ടികയിൽ കോൺഗ്രസിലെ എ–ഐ ഗ്രൂപ്പുകൾ പൂർണ തൃപ്തരല്ല. എന്നാൽ അവസാനവട്ട തിരുത്തലുകൾ കണക്കിലെടുത്ത് പരസ്യ പ്രതികരണങ്ങളിൽനിന്ന് അവർ ഒഴിഞ്ഞുമാറിയേക്കും. പരസ്യ പ്രസ്താവന നടത്തിയ കെ.ശിവദാസൻ നായരെയും കെ.പി. അനിൽകുമാറിനെയും സസ്പെൻഡ് ചെയ്തുകൊണ്ട് ഹൈക്കമാൻഡ് അച്ചടക്ക വാൾ വീശിയതും ബോധപൂർവം തന്നെ. 

ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കേരളത്തിലെ പുതിയ നേതൃത്വം മതിയായ പരിഗണന നൽകിയില്ലെന്നു ഗ്രൂപ്പുകൾ വിചാരിക്കുന്നു. ഇവിടെ നടന്ന കൂടിയാലോചനകളിൽ അഭിപ്രായം തേടി എന്നതൊഴിച്ചാൽ അന്തിമ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ ഇരു നേതാക്കളും ഇരുട്ടിലായതോടെ പ്രതിഷേധം കനത്തു. ഇങ്ങനെ പട്ടിക പ്രഖ്യാപിച്ചാൽ പരസ്യ പ്രതികരണങ്ങളുണ്ടാകുമെന്നു മുന്നറിയിപ്പുമുണ്ടായി.

ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഹുൽ ഗാന്ധി സംസാരിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രസിഡന്റുമാർ മാറിയത് ഈ ചർച്ചകൾക്കു ശേഷമാണ്. മറ്റു ജില്ലകളിലും ഗ്രൂപ്പുകാരും അനുയായികളുമുണ്ട് എന്നതു ശരിതന്നെ. പക്ഷേ, ചോദിച്ചാൽ ഗ്രൂപ്പുകൾ പറയുന്ന ആദ്യ പേരുകൾ ഒരു പക്ഷേ ഇവർ ആകുമായിരുന്നില്ല.

രമേശ് ചെന്നിത്തലയുടെ ‘ഐ’ വിഭാഗത്തിലെ പലരും പട്ടികയിൽ വന്നത് ആ വിഭാഗമെന്നു പറയാവുന്ന കെ.സി. വേണുഗോപാലിന്റെയോ കെ. സുധാകരന്റെയോ വി.ഡി. സതീശന്റെയോ അക്കൗണ്ടിലാണ്. ഉമ്മൻ ചാണ്ടി നിർദേശിച്ചവർ പട്ടികയിൽ ഉണ്ടെങ്കിലും എല്ലാവരും അദ്ദേഹം ആഗ്രഹിച്ചവരല്ല. ഗ്രൂപ്പു പട്ടികയിൽ ഉള്ളവർ തന്നെയാണ് ഏറിയ പങ്കുമെന്നു കെ.സുധാകരൻ–വി.ഡി. സതീശൻ അച്ചുതണ്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പ് ഒന്നാം പേരായി നൽകുന്ന നോമിനികളെ മാത്രം വച്ചു പാർട്ടിയെ കൊണ്ടുപോകാൻ കഴിയില്ലെന്നും വാദിക്കുന്നു. ഗ്രൂപ്പുകൾ ഒരിടത്തും പുതിയ നേതൃത്വം അപ്പുറത്തുമായി പോർമുഖം തുറക്കുന്ന സ്ഥിതി വന്നതോടെയാണ് ഹൈക്കമാൻഡ് ഒത്തുതീർപ്പിനു തുനിഞ്ഞത്.

പേരിൽ എ–ഐ; കൂറ് വേറെ

പാലോട് രവി (തിരുവനന്തപുരം), പി.രാജേന്ദ്രപ്രസാദ് (കൊല്ലം) സതീഷ് കൊച്ചുപറമ്പിൽ (പത്തനംതിട്ട), നാട്ടകം സുരേഷ് (കോട്ടയം), വി.എസ്. ജോയി (മലപ്പുറം) എൻ.ഡി. അപ്പച്ചൻ (വയനാട്) എന്നിവരാണ് പട്ടികയിലെ എ വിഭാഗക്കാർ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും സതീശനുമായും നല്ല ബന്ധത്തിലാണ് പാലോട് രാവി. രാജേന്ദ്രപ്രസാദ് കൊടിക്കുന്നിൽ സുരേഷിന്റെ നോമിനിയാണ്. പി.ജെ.കുര്യനു സ്വീകാര്യനായതു സതീഷ് കൊച്ചുപറമ്പിലിനു സഹായകരമായി. കോട്ടയത്ത് ഉമ്മൻ ചാണ്ടി നിർദേശിച്ചവരിൽ ഫിൽസൺ മാത്യൂസ് ഉള്ളതു കണക്കിലെടുത്താണ് അദ്ദേഹത്തെ ആദ്യം തീരുമാനിച്ചതെങ്കിലും താരിഖ് അൻവറുമായുള്ള ചർച്ചയിൽ നാട്ടകം സുരേഷിന് ഉമ്മൻ ചാണ്ടി മുൻഗണന നൽകി. ആര്യാടൻ വിരുദ്ധരും അന്തരിച്ച വി.വി. പ്രകാശിന്റെ അനുയായികളും ഒരുമിച്ചതോടെയാണു മലപ്പുറത്ത് സജീവ പരിഗണനയിൽ ഉണ്ടായിരുന്ന ആര്യാടൻ ഷൗക്കത്തിനു പകരം യുവ നേതാവ് വി.എസ്. ജോയിക്കു നറുക്കു വീണത്. ക്രൈസ്തവസഭാ വിഭാഗങ്ങളുടെ ആവശ്യവും രാഹുൽ ഗാന്ധിയുടെ താൽപര്യവും വയനാട്ടിൽ എൻ.ഡി. അപ്പച്ചന്റെ രണ്ടാം വരവിനു വഴിയൊരുക്കി.

ബാബു പ്രസാദ് (ആലപ്പുഴ), മുഹമ്മദ് ഷിയാസ് (എറണാകുളം), ജോസ് വള്ളൂർ (തൃശൂർ), കെ.പ്രവീൺകുമാർ (കോഴിക്കോട്), മാർട്ടിൻ ജോർജ് (കണ്ണൂർ), പി.കെ. ഫൈസൽ (കാസർകോട്) എന്നിവർ ഐ വിഭാഗക്കാരാണ്. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മുൻകയ്യെടുത്ത് കെ.പി. ശ്രീകുമാറിനെ നിശ്ചയിച്ചങ്കിലും ബാബുവിനു വേണ്ടി ചെന്നിത്തല പിടിമുറുക്കി. ഇടുക്കിയിൽ ആദ്യം നിശ്ചയിച്ച എസ്. അശോകൻ ഐ ആയിരുന്നു. കോട്ടയത്ത് സുരേഷ് വന്നപ്പോൾ സാമുദായിക സന്തുലനത്തിനായി ഇടുക്കിയിൽ മാറ്റി തീരുമാനിച്ച സി.പി. മാത്യു പി.ടി.തോമസിന്റെ അനുയായിയാണ്. ജോസ് വള്ളൂർ ചെന്നിത്തലയുടെ പട്ടികയിൽ ഉണ്ടായെങ്കിലും അദ്ദേഹം കെ.സുധാകരനുമായി നല്ല ബന്ധത്തിലാണ്.

സുധാകരന്റെ കണ്ണൂരിലും സതീശന്റെ എറണാകുളത്തും അവരുടെ നോമിനികളെയാണു വച്ചത്. എം.കെ. രാഘവന്റെയും കെ.മുരളീധരന്റെയും പിന്തുണ പ്രവീണിനു തുണയായി. പി.കെ. ഫൈസലിനു വഴിയൊരുക്കിയതു കെ.സി.വേണുഗോപാലിന്റെ പിന്തുണയാണ്. പട്ടികയിൽ വനിതാ, ദലിത് പ്രാതിനിധ്യം ഇല്ലെന്ന പരാതി ഉയർന്നു കഴിഞ്ഞു. സാമുദായിക സന്തുലനവും പാലിക്കപ്പെട്ടില്ലെന്നു ചില വിഭാഗങ്ങൾ ആരോപിക്കുന്നു.

Content Highlights: Congress, DCC, KPCC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA