ഡിസിസി പ്രസിഡന്റ് പട്ടികയായി; അവസാന നിമിഷം 3 മാറ്റം

HIGHLIGHTS
  • ഗ്രൂപ്പു താൽപര്യങ്ങൾ കൂടി കണക്കിലെടുത്ത് ഹൈക്കമാൻഡ്
  • ഇടുക്കിയിൽ സി.പി.മാത്യു, കോട്ടയത്ത് നാട്ടകം സുരേഷ്
congress-flag–1248
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ സംസ്ഥാന നേതൃത്വം കൈമാറിയ ഡിസിസി പ്രസിഡന്റ് പട്ടികയിൽ ഗ്രൂപ്പു താൽപര്യങ്ങൾ കൂടി കണക്കിലെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ് അവസാന നിമിഷം മാറ്റങ്ങൾ വരുത്തി. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മാറ്റങ്ങളുമായി അന്തിമ പട്ടിക പ്രഖ്യാപിച്ചു.

സംസ്ഥാന നേതൃത്വം തയാറാക്കിയ പട്ടികയിൽ പ്രതിഷേധമറിയിച്ച് ഉമ്മൻ ചാണ്ടിയും രമേശും കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ആലപ്പുഴയിൽ കെ.പി. ശ്രീകുമാറിനു പകരം രമേശ് ചെന്നിത്തല നിർദേശിച്ച ബി. ബാബു പ്രസാദിനെ ഉൾപ്പെടുത്തി. കോട്ടയത്ത് ഫിൽസൺ മാത്യൂസിനു പകരം നാട്ടകം സുരേഷിനെയും ഇടുക്കിയിൽ എസ്. അശോകനു പകരം സി.പി. മാത്യുവിനെയും പ്രസിഡന്റുമാരാക്കി.

കോട്ടയത്ത് സുരേഷ് വേണമെന്ന ഉമ്മൻ ചാണ്ടിയുടെ നിലപാട് അംഗീകരിച്ചതോടെ, സാമുദായിക സന്തുലനം പാലിക്കാനാണ് ഇടുക്കിയിൽ സി.പി. മാത്യുവിനെ തീരുമാനിച്ചത്. കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ തീരുമാനം നടക്കട്ടെയെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തു. 

ഉമ്മൻ ചാണ്ടിയെയും രമേശിനെയും പൂർണമായി അവഗണിക്കുന്നത് വൻ പൊട്ടിത്തെറിക്കു കാരണമാകുമെന്ന വിലയിരുത്തലിലാണ്, അവസാന നിമിഷം മാറ്റങ്ങൾ വരുത്തിയത്. വൻ പ്രത്യാഘാതങ്ങളുണ്ടാകുന്ന സ്ഥിതിയുണ്ടാക്കരുതെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിലപാടെടുത്തു. രാഹുൽ ഗാന്ധിയും അതിനെ അനുകൂലിച്ചു. ഇന്നലെ ഉമ്മൻ ചാണ്ടിയെയും രമേശിനെയും രാഹുൽ ഫോണിൽ വിളിച്ചതിനു പിന്നാലെ  പട്ടിക പുറത്തിറക്കി.

ജില്ലാ കോൺഗ്രസ് നായകർ ഇവർ

തിരുവനന്തപുരം: പാലോട് രവി (72)

മുൻ ഡപ്യൂട്ടി സ്പീക്കർ, 3 തവണ നെടുമങ്ങാട് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ദേശീയ സെക്രട്ടറിയും. 

കൊല്ലം: പി. രാജേന്ദ്ര പ്രസാദ് (75)

കെപിസിസി ജനറൽ സെക്രട്ടറി. 31 വർഷം ജനപ്രതിനിധി.

ആലപ്പുഴ: ബി. ബാബുപ്രസാദ് (60)

കെപിസിസി ജനറൽ സെക്രട്ടറി. ഹരിപ്പാട് മുൻ എംഎൽഎ. 

പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പിൽ

കെപിസിസി ജനറൽ സെക്രട്ടറി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്. .

കോട്ടയം: നാട്ടകം സുരേഷ് (52)

കെപിസിസി സെക്രട്ടറി. നാട്ടകം പഞ്ചായത്ത് മുൻ പ്രസിഡന്റ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി. 

ഇടുക്കി: സി.പി. മാത്യു (74)

കെപിസിസി നിർവാഹക സമിതി അംഗം. ഡിസിസി മുൻ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി. 

എറണാകുളം: മുഹമ്മദ് ഷിയാസ് (44)

ഡിസിസി വൈസ് പ്രസിഡന്റ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്‌യു  ട്രഷറർ പദവികൾ വഹിച്ചു. 

തൃശൂർ: ജോസ് വള്ളൂർ (55)

കെപിസിസി സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡന്റ്. ഇത്തവണ ഒല്ലൂരിൽ നിന്നു നിയമസഭയിലേക്കു മത്സരിച്ചു. 

പാലക്കാട്: എ.തങ്കപ്പൻ (61)

കെപിസിസി ജനറൽ സെക്രട്ടറി. 1987 ൽ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചു 

മലപ്പുറം: വി.എസ്. ജോയ് (36)

കെപിസിസി ജനറൽ സെക്രട്ടറി. കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റ്. 2016 ൽ മലമ്പുഴ മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു. 

കോഴിക്കോട്: കെ.പ്രവീൺ കുമാർ (51)

കെപിസിസി ജനറൽ സെക്രട്ടറി, ഖാദി എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. 2016, 21 തിരഞ്ഞെടുപ്പുകളിൽ നാദാപുരത്തു മത്സരിച്ചു. 

വയനാട്: എൻ.ഡി. അപ്പച്ചൻ (72)

യുഡിഎഫ് ജില്ലാ കൺവീനർ. ബത്തേരി മുൻ എംഎൽഎ, ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ്, മുൻ ഡിസിസി പ്രസിഡന്റ്. 

കണ്ണൂർ: മാർട്ടിൻ ജോർജ് (54)

കെപിസിസി ജനറൽ സെക്രട്ടറി. കണ്ണൂർ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ. 

കാസർകോട്: പി.കെ. ഫൈസൽ (48)

ഡിസിസി വൈസ് പ്രസിഡന്റ്. യൂത്ത് കോൺ‌ഗ്രസ് മുൻ ജില്ലാ പ്രസി‍ഡന്റ്. 

English Summary: New district congress committee president list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA