ADVERTISEMENT

തിരുവനന്തപുരം∙ മന്ത്രി, എംഎൽഎ മോഹം പാർട്ടിക്കാരെ വല്ലാതെ പിടികൂടുന്നതായി സിപിഎം. ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ തെറ്റായ പ്രവണതകൾ ഇതിനു തെളിവാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ബൂർഷ്വാ പാർട്ടികളിൽ ഉള്ളതു പോലെ സ്ഥാനാർഥിത്വം കിട്ടാനായി മുൻകൂർ പ്രവർത്തനങ്ങളും ചരടുവലികളും നടത്തുന്നവർ പാർട്ടിയിൽ കൂടി വരുന്നു. സ്ഥാനാർഥിത്വത്തിനായി ശുപാർശ നടത്തുന്നു. കിട്ടിയില്ലെങ്കിൽ പൊന്നാനിയിലും കുറ്റ്യാടിയിലും നടന്നതു പോലെ പ്രതിഷേധം സംഘടിപ്പിക്കുന്നു. കുറ്റ്യാടിയിലെ പ്രകടനത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെയും കുടുംബത്തെയും കടന്നാക്രമിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർന്നു. സ്ഥാനാർഥി നിർണയത്തിനു മുൻപായി സമൂഹമാധ്യമങ്ങൾ വഴി ചിലരെ തേജോവധം ചെയ്യുന്ന രീതിയും ഉണ്ടായി–പാർലമെന്ററി വ്യാമോഹം മറയില്ലാതെ സംസ്ഥാന കമ്മിറ്റി വരച്ചു കാട്ടി.

ഘടകകക്ഷി സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി അവരിൽ നിന്നു നേരിട്ടു പണം വാങ്ങുന്ന രീതിയുണ്ടെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ചിലയിടത്തു വിഭാഗീയതയുടെ അംശങ്ങളും ദൃശ്യമായി. തെറ്റായ സമീപനം സ്വീകരിക്കാതെ ജനങ്ങളെ വിശ്വാസത്തിലെടുത്തു പ്രവർത്തിക്കാൻ പാർട്ടിയിലും സർക്കാരിലും തദ്ദേശ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവർ തയാറാകണമെന്നു സിപിഎം നിർദേശിച്ചു.

പാർട്ടിയോട് അടുക്കുന്ന ജനവിഭാഗങ്ങളെ തിരഞ്ഞെടുപ്പിലും അതിനു ശേഷവും കൂടുതലായി അടുപ്പിക്കണം. മത ന്യൂനപക്ഷങ്ങളിൽ പെട്ടവരെ ആകർഷിക്കാ‍ൻ കൂടുതൽ പരിശ്രമിക്കണം. ധനമോഹവും അഴിമതിയും തീർത്തും ഒഴിവാക്കണം. ഇതിനെല്ലാം തടസ്സം നിൽക്കുന്ന സംഘടനാ പരിമിതികൾ അതിജീവിക്കാൻ കഴിയണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 

English Summary: CPM assembly election analysis report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com