ADVERTISEMENT

ന്യൂഡൽഹി ∙ സാമ്പത്തിക തട്ടിപ്പു വീരൻ സുകാഷ് ചന്ദ്രശേഖറിന്റെ കൂട്ടാളിയും മലയാളിയുമായ നടി ലീന മരിയ പോളിനെ (33) ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 200 കോടി രൂപ തട്ടിച്ചുവെന്നു ചൂണ്ടിക്കാട്ടി ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങിന്റെ ഭാര്യ അദിതി സിങ് നൽകിയ പരാതിയിലാണു ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക വിഭാഗം ലീനയെ അറസ്റ്റ് ചെയ്തത്. 

ഈ കേസിൽ നേരത്തേ അറസ്റ്റിലായ സുകാഷിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി 16 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. 2 ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 7 പേരും അറസ്റ്റിലായിട്ടുണ്ട്. സുകാഷിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിച്ചെടുത്ത പണം ലീനയാണു കൈകാര്യം ചെയ്തിരുന്നതെന്നാണു സൂചന. മക്കോക്ക നിയമപ്രകാരമാണ് ലീനയുടെ അറസ്റ്റ്. ലീനയുടെ ചെന്നൈയിലെ വീട്ടിൽ ഏതാനും ദിവസം മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.

സാമ്പത്തിക തട്ടിപ്പുകേസിൽ തിഹാർ ജയിലിൽ കഴിയുന്ന ശിവിന്ദർ സിങ്, സഹോദരൻ മൽവിന്ദർ സിങ് എന്നിവരുടെ ഭാര്യമാർ ഓഗസ്റ്റ് 30നാണു തട്ടിപ്പു സംബന്ധിച്ച പരാതി ഡൽഹി പൊലീസിനു നൽകിയത്. നിയമ സെക്രട്ടറിയെന്ന വ്യാജേനയെത്തിയയാൾ ഭർത്താക്കൻമാരെ രക്ഷപെടുത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിച്ചുവെന്നാണ് അദിതി സിങിന്റെയും മൽവീന്ദറിന്റെ ഭാര്യ ജപ്ന സിങിന്റെയും പരാതി. 

മൊബൈൽ ഫോൺ വഴി സുകാഷാണു തട്ടിപ്പു സംഘത്തെ നയിച്ചിരുന്നതെന്നു പൊലീസ് കണ്ടെത്തി. പിന്നീട് സുകാഷിനെ രോഹിണി ജയിലിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൂട്ടാളി പ്രദീപ്, ദീപക്, ഡപ്യൂട്ടി ജയിൽ സൂപ്രണ്ട് സുഭാഷ് ബത്ര, അസി. ജയിൽ സൂപ്രണ്ട് ധരംസിങ് മീണ, കൊണാട്ട് പ്ലേസിലെ ആർബിഎൽ ഓഫിസ് മാനേജർ കോമൾ പൊഡാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. 

ജയിലിൽ സുകാഷിന്റെ കളി ; കളത്തിൽ ലീനയുടെ ‘ട്രാപ്’

ന്യൂഡൽഹി ∙ ജയിലിൽ കഴിയുന്ന സുകാഷ് ചന്ദ്രശേഖർ ഇത്ര വലിയ തട്ടിപ്പ് എങ്ങനെ നടത്തിയെന്നാണു ഡൽഹി പൊലീസ് പരിശോധിക്കുന്നത്. ജൂൺ 15നാണു നിയമ സെക്രട്ടറിയെന്നു പരിചയപ്പെടുത്തിയയാളുടെ ഫോൺ സന്ദേശം തനിക്കു  ലഭിച്ചതെന്നു അദിതി സിങ് പറയുന്നു. ലാൻഡ് ഫോണിൽ നിന്നാണ് ലോ സെക്രട്ടറി എന്നു പരിചയപ്പെടുത്തിയയാൾ വിളിച്ചത്. ഇയാൾ വീണ്ടും വിളിച്ചപ്പോൾ ട്രൂ കോളർ ആപ്ലിക്കേഷൻ വഴി നമ്പർ പരിശോധിച്ചപ്പോൾ പ്രധാനമന്ത്രിയുടെ ഓഫിസ് എന്നാണു കണ്ടത്. പിന്നീടു പലതവണ ഫോണിൽ ബന്ധപ്പെടുകയും  പാർട്ടി ഫണ്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നു മറ്റൊരാളുടെ ഫോൺ നമ്പർ നൽകി. ഇയാളും സഹായം വാഗ്ദാനം ചെയ്തു’– അദിതി സിങ് പരാതിയിൽ പറയുന്നു.  

മൽവിന്ദറിന്റെ ഭാര്യ ജപ്ന സിങ് 3.5 കോടി രൂപയാണു ജൂലൈ 28, 29, 30, ഓഗസ്റ്റ് 6 തീയതികളിലായി ഇവർക്കു കൈമാറിയത്. സുകാഷിന്റെ പങ്കാളിയായ ലീനയുടെ ചെന്നൈയിലെ വീട്ടിൽ ഏതാനും ദിവസം മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 200 കോടി തട്ടിപ്പിലും ലീനയ്ക്കു പങ്കുണ്ടെന്നു കണ്ടെത്തിയത്.

English Summary: Actor Leena Maria Paul Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com