കോഴിക്കോട്∙ സമൂഹമാധ്യമം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയെ കോഴിക്കോട്ടെ ഹോട്ടലിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. രണ്ടു പേർ ഒളിവിലാണ്. അത്തോളി കൊളിയോട്ട്താഴം കവലയിൽ മീത്തൽ കെ.എം. അജ്നാസ് (36), ഇടത്തിൽതാഴം നെടുവിൽപൊയിൽ വീട്ടിൽ എൻ.പി. ഫഹദ് (36) എന്നിവരാണ് അറസ്റ്റിലായത്.
2 വർഷം മുൻപാണ് യുവതിയെ ടിക്ടോക് വഴി അജ്നാസ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുപ്പത്തിലായി. ബുധനാഴ്ച കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും ഫഹദും ചേർന്നു കാറിൽ ചേവരമ്പലത്തെ ഹോട്ടലിലെത്തിച്ചു. പിന്നീട് മദ്യവും ലഹരിമരുന്നും നൽകി 4 പേർ ചേർന്നു പീഡിപ്പിച്ചതായാണു പരാതി. ക്രൂരപീഡനത്തിനിരയായി അബോധാവസ്ഥയിലായ യുവതിക്കു ശ്വാസതടസ്സം ഉണ്ടായതോടെ പ്രതികൾ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഡോക്ടർമാരോട് യുവതി പീഡനവിവരം പറഞ്ഞതിനെ തുടർന്നു പൊലീസ് എത്തി കേസെടുക്കുകയുമായിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഹോട്ടലിൽ ഓൺലൈൻ വഴി മുറി ബുക്ക് ചെയ്യാൻ അജ്നാസ് നൽകിയ വിലാസം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കോഴിക്കോട്ട് തുടർച്ചയായി രണ്ടാമത്തെ കൂട്ടപീഡനമാണിത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ജൂലൈ 4ന് ചേവായൂരിൽ 3 പേർ ചേർന്നു ബസിനുള്ളിൽ പീഡിപ്പിച്ചിരുന്നു. ആ കേസിൽ ഒരാളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.
English Summary: Two people arrested in Chevayur gang rape case