ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ 4000 ജീവനക്കാരെ ലേ ഓഫ് (താൽക്കാലികമായി പിരിച്ചുവിടൽ) ചെയ്യണമെന്ന ശുപാർശ സിഎംഡി ബിജു പ്രഭാകർ സർക്കാരിനു സമർപ്പിച്ചത് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന്. 100 കോടി രൂപ മാസ ശമ്പളത്തിനു നൽകി വന്ന സർക്കാർ കഴിഞ്ഞ മാസം ഇത് 80 കോടിയായി കുറച്ചതോടെയാണ് വീണ്ടും പ്രതിസന്ധിയായത്.

മാസം 4 ദിവസം പോലും ജോലി ചെയ്യാതെ മുഴുവൻ ശമ്പളവും വാങ്ങുന്ന നാലായിരത്തിലധികം ജീവനക്കാരുണ്ടെന്ന കണ്ടെത്തലാണ് സർക്കാരിനു മുന്നിലെത്തിയത്. രണ്ടും മൂന്നും യാത്രക്കാരെ വച്ചുപോലും ബസ് സർവീസുകൾ നടത്തുന്നുവെന്ന റിപ്പോർട്ടും സർക്കാരിന്റെ പക്കലുണ്ട്. ഇതോടെയാണ് ജോലി ചെയ്യാത്തവർക്കും ശമ്പളം കൊടുക്കുന്ന അവസ്ഥ ഒഴിവാക്കണമെന്ന നിർദേശം സർക്കാർ മുന്നോട്ടുവച്ചതും ശമ്പളത്തുകയിൽ 20 കോടി കുറച്ചതും. തുടർന്നാണ് ലേ ഓഫ് ആലോചിച്ചത്.

നാലായിരം പേരെ മാറ്റി നിർത്തുമ്പോൾ 18 കോടിയാണ് മാസം ശമ്പളയിനത്തിൽ കുറയുന്നത്. ഇവർക്കു പകുതി ശമ്പളം നൽകുന്ന മറ്റൊരു പാക്കേജും സിഎംഡി മുന്നോട്ടുവച്ചു. ഇതു വഴി 9 കോടി കുറയ്ക്കാനാകും. എംഡിയുമായി നടന്ന ചർച്ചയിൽ യൂണിയൻ നേതാക്കൾ രണ്ടിനെയും എതിർത്തു. ഡിപ്പോകളിലെയും മറ്റും സുരക്ഷാ ജോലിക്കുള്ള 238 സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് 37 ലക്ഷം രൂപ ലാഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

രാത്രി ജോലി ആവശ്യപ്പെട്ട മെക്കാനിക്, കണ്ടക്ടർ വിഭാഗത്തിലുള്ളവരെ പകരം ഇൗ ജോലിക്ക് നിയോഗിക്കുന്ന നിർദേശവും സർക്കാരിനു നൽകി. യാത്രക്കാർ കുറവുള്ള ട്രിപ്പുകളെല്ലാം നിർത്തുന്നതിന് ഡിപ്പോകൾക്കു നിർദേശം നൽകും. ഇതിനു ശേഷവും ഇൗ ട്രിപ്പുകൾ നടത്തിയാൽ ഡിപ്പോ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി ആന്റണി രാജു ചർച്ച നടത്തും. ഡിപ്പോകളിലെ വീഴ്ച പരിഹരിക്കാനും ട്രിപ്പുകൾ ലാഭകരമാക്കാനും മന്ത്രി കെഎസ്ആർടിസി ഉദ്യോഗസ്ഥരെ മേഖല തിരിച്ചു കാണും.

പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ അധിക ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള സിഎംഡിയുടെ നിർദേശം സർക്കാരിനു മുന്നിൽ എത്തിയിട്ടില്ലെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. എടുത്തുചാടി തീരുമാനമെടുക്കില്ലെന്നും ശുപാർശ ലഭിച്ചാൽ ലേ ഓഫ് അടക്കമുള്ള നിർദേശങ്ങൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. 

Content Highlight: KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com