ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മിനെ കാര്യമായി കുത്തി സിപിഐ സംസ്ഥാന കൗൺസിൽ അംഗീകരിച്ച നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സിപിഎം–സിപിഐ ബന്ധത്തെക്കുറിച്ചു സംസ്ഥാന നേതൃത്വത്തിനുള്ള നല്ല അഭിപ്രായം റിപ്പോ‍ർട്ടിലുണ്ടെങ്കിലും മണ്ഡലങ്ങളുടെ സ്ഥിതി പരാമർശിക്കുന്ന ഭാഗത്തു സിപിഎമ്മിനെതിരെ കടുത്ത വിമർശനമാണുള്ളത്. പല ജില്ലാ കമ്മിറ്റികളും സിപിഎമ്മിനെതിരെ വിരൽ ചൂണ്ടുന്നു.

പറവൂരിൽ ചില സിപിഎം നേതാക്കളുടെ പ്രവർത്തനം സംശയകരമായിരുന്നുവെന്നാണു സിപിഐ കുറ്റപ്പെടുത്തുന്നത്. സിപിഐയുടെ വീഴ്ചയും പാ‍ർട്ടി നേതാക്കൾ തമ്മിലെ അനൈക്യവും തോൽവിയിലേക്കു നയിച്ചു. സിപിഐ ജില്ലാ നേതാവായ കെ.ആർ. രമ പാർട്ടി വിട്ടു പോയതും പരാജയകാരണമായി. സിപിഎം നേതാക്കളുടെ പ്രസംഗങ്ങൾക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.

പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മണ്ഡലത്തിലെ തോൽവിയുടെ പേരിലും സിപിഎമ്മിനെയാണു സിപിഐ കുത്തുന്നത്. സിപിഎമ്മിനു നല്ല രാഷ്ട്രീയ സ്വാധീനമുള്ള കുമാരപുരം പഞ്ചായത്തിലും തീരദേശ പഞ്ചായത്തായ തൃക്കുന്നപ്പുഴയിലും വേണ്ട മുന്നേറ്റം എൽഡിഎഫിന് ഉണ്ടായില്ല. ഇക്കാര്യം ജില്ലാ കമ്മിറ്റി പരിശോധിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ഹരിപ്പാട് ലഭിച്ചില്ലെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.

സിപിഐക്ക് ഒരുവിധം സ്വാധീനമുള്ള ഉദുമയിൽ കൂടിയാലോചനകൾക്കു പോലും സിപിഎം വൈമനസ്യം കാട്ടി. സ്ഥാനാർഥിയുടെ 10 ദിവസത്തെ പര്യടനം സിപിഎം ഒറ്റയ്ക്കാണു നടത്തിയത്. കാസർകോട് ജില്ലാ കമ്മിറ്റിയും സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നു. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റികൾ ചേരുന്നതല്ലാതെ യോഗങ്ങൾ ചേരണമെന്ന ഒരു നിർബന്ധവും സിപിഎമ്മിനില്ല. കൂട്ടായ ആലോചനകളും നടക്കുന്നില്ല. സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിൽ അവർ തീരുമാനിക്കുന്നതനുസരിച്ചു കാര്യങ്ങൾ നടത്തുകയാണെന്നും സിപിഐ പരാതിപ്പെട്ടു.

സിറ്റിങ് സീറ്റായ കരുനാഗപ്പള്ളിയിലെ തോൽവിയിൽ സിപിഎമ്മിനും സിപിഐക്കും ഒരു പോലെ പങ്കുണ്ടെന്ന സൂചനയാണു റിപ്പോർട്ടിലുള്ളത്. വൻ മാർജിനിൽ ഉണ്ടായ തോൽവി തികച്ചും നിർഭാഗ്യകരമായി. ചാത്തന്നൂരിൽ എൽഡിഎഫ് വോട്ട് ബിജെപിയിലേക്കു പോയെന്ന ആക്ഷേപവും സിപിഎമ്മിനെ ചൊടിപ്പിക്കുന്നതാണ്. 

പല മണ്ഡലങ്ങളിലും പ്രചാരണ ഏകോപനത്തിനു സിപിഎം മുൻകൈ എടുത്തില്ല. തൃക്കരിപ്പൂരിൽ‍ ഒരു ദിവസം മാത്രമാണു തിരഞ്ഞെടുപ്പു സമിതി ചേർന്നത്. കോന്നിയിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ആലോചിക്കാൻ തയാറായില്ല. സിപിഐയുടെ സിറ്റിങ് സീറ്റായ അടൂരിലെ വലിയ ഭൂരിപക്ഷത്തിൽ ഉണ്ടായ ചോർച്ചയിലും പാർട്ടിക്കു പരാതികളുണ്ട്. 

പാലായിലും കടുത്തുരുത്തിയിലും കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾക്കുണ്ടായ പരാജയത്തിനു മുന്നണി ഉത്തരവാദിയല്ലെന്ന നിഗമനമാണു പാർട്ടിക്ക്. പാലായിലെ തോൽവിയിൽ പാർട്ടിക്കു വീഴ്ചയുണ്ടായെന്ന സിപിഎമ്മിന്റെ വിലയിരുത്തലിൽ നിന്നു വ്യത്യസ്തമാണ് സിപിഐയുടേത്.

English Summary: CPI review report against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com