‘തോറ്റത് എൽദോയുടെ ആർഭാടവിവാഹം മൂലം’; നിങ്ങളെല്ലാം ഉണ്ടായിരുന്നില്ലേ:കാനം

kanam-rajendran-and-eldo-abraham
കാനം രാജേന്രൻ, എൽദോ എബ്രഹാം
SHARE

കൊച്ചി ∙ നിയമസഭ തിരഞ്ഞെടുപ്പിൽ പറവൂരിലെയും മൂവാറ്റുപുഴയിലെയും തോൽവിയുടെ പൂർണ ഉത്തരവാദിത്തം ജില്ലാ കൗൺസിലിന്റെ തലയിൽ വച്ചുകെട്ടി സിപിഐ സംസ്ഥാന നേതൃത്വം.

സിറ്റിങ് സീറ്റായ മൂവാറ്റുപുഴയിലെ തോൽവിക്കു കാരണം എൽദോ ഏബ്രഹാം എംഎൽഎയുടെ ആർഭാട വിവാഹമാണെന്നു പറഞ്ഞൊഴിയാൻ ശ്രമിച്ച ജില്ലാ സെക്രട്ടറി പി.രാജുവിനെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രൂക്ഷമായി വിമർശിച്ചു. ‘നിങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നില്ലേ’ എന്നായിരുന്നു കാനത്തിന്റെ ചോദ്യം. വിവാഹം ലളിതമായി നടത്തണമെന്ന് എൽദോയോട് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നു ജില്ലാ കൗൺസിലിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു സംസ്ഥാന കൗൺസിലിൽ രാജു പറഞ്ഞു.

ഇടതുപക്ഷം ഭരിക്കുമ്പോൾ എറണാകുളം ജില്ലയിൽ പാർട്ടിക്കു പ്രാതിനിധ്യം ഇല്ലാതെപോയ കാലം ഉണ്ടായിട്ടില്ലെന്നും അതിന്റെ പൂർണ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനാണെന്നും സംസ്ഥാന കൗൺസിൽ വിലയിരുത്തി.  തിരഞ്ഞെടുപ്പു വിഷയങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ എക്സിക്യൂട്ടീവ് ചേരാനും സംസ്ഥാന കൗൺസിൽ നിർദേശം നൽകി.

∙ ആർഭാടവിവാഹം

ദാരിദ്ര്യം പറഞ്ഞു വോട്ടു നേടി തിരഞ്ഞെടുപ്പിൽ ജയിച്ച എൽദോ രണ്ടാം തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു നടത്തിയ ആർഭാട വിവാഹം ജനങ്ങളെ അകറ്റിയതായി ജില്ലാ കൗൺസിലിന്റെ തിരഞ്ഞെടുപ്പ് അവലോകനത്തിൽ പറയുന്നു. സിപിഎമ്മിനെതിരെ സമരത്തിന് എംഎൽഎയെ മുന്നിൽ നിർത്തിയതും ലാത്തിച്ചാർജിൽ എംഎൽഎയുടെ കൈ ഒടിഞ്ഞതായി തെറ്റായ പ്രചാരണം നടത്തിയതും ദോഷം ചെയ്തതായി കൗൺസിലിൽ അഭിപ്രായമുയർന്നു. സിപിഎം ഒന്നടങ്കം എംഎൽഎക്ക് എതിരായി. എംഎൽഎ ഇടപെടേണ്ട കാര്യമോ പൊലീസ് കമ്മിഷണർ ഓഫിസിലേക്കു മാർച്ച് നടത്തി സ്വയം അപഹാസ്യരാവേണ്ട ആവശ്യമോ ഉണ്ടായിരുന്നില്ലെന്നും ചർച്ചകളുണ്ടായി.

∙ റോക്കറ്റ്‌വേഗം

പറവൂരിൽ ജില്ലാ ഘടകം നിർദേശിച്ച 3 സ്ഥാനാർഥികൾക്കും വിജയ സാധ്യതയില്ലെന്ന് ആദ്യമേ ഉറപ്പായിരുന്നു. ആ ലിസ്റ്റ് തിരിച്ചയച്ചപ്പോൾ, എന്തോ വാശി പോലെ റോക്കറ്റ് വേഗത്തിൽ അതേ പേരുകൾ വീണ്ടും ജില്ലാ ഘടകം അയച്ചു. ആ ലിസ്റ്റിലെ ആദ്യ പേരുതന്നെ സംസ്ഥാന നേതൃത്വം അംഗീകരിച്ചു. അതിനാൽ പറവൂരിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനുണ്ട്. 

സമീപ മണ്ഡലങ്ങളിലെല്ലാം എൽഡിഎഫിനു വൻ മുന്നേറ്റമുണ്ടായിട്ടും പറവൂരിൽ ദയനീയ തോൽവി നേരിട്ടു. രണ്ടു സീറ്റിൽ മത്സരിച്ച ജില്ലയിൽ രണ്ടും തോറ്റതുവഴി 100% പരാജയമാണെന്നു സംസ്ഥാന കൗൺസിൽ വിലയിരുത്തി.

English Summary: CPI election review meeting 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA