ADVERTISEMENT

ന്യൂഡൽഹി ∙ പാർട്ടി േദശീയ നിർവാഹക സമിതിയംഗമായ ആനി രാജയുടെ പ്രസ്താവനയെച്ചൊല്ലി സിപിഐയിലുണ്ടായ തർക്കം നേതൃതലത്തിൽ വ്യക്തമായ വിഭാഗീയതയുടെ തലത്തിലേക്കു മാറുകയാണ്. കേന്ദ്രത്തിലും കേരളത്തിലും വ്യക്തമായ ചേരിതിരിവ് രൂപപ്പെട്ടതു നേരത്തെ സിപിഎം നേരിട്ടതിനു സമാനമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ്. 

വിഭാഗീയത അർബുദം പോലെ പാർട്ടിയെ ബാധിച്ചിരിക്കുകയാണെന്നും പലരും അതിനെ ആശയപരമായ ഭിന്നതയുടെ മൂടുപടം അണിയിക്കുന്നുവെന്നുമാണ് 2018 ൽ സിപിഐ കൊല്ലം പാർട്ടി കോൺഗ്രസിന്റെ സംഘടനാ റിപ്പോർട്ടിൽ പറഞ്ഞത്. ദേശീയ നേതൃത്വത്തിലുൾപ്പെടെ പാർട്ടിയുടെ എല്ലാ തലങ്ങളിലും വ്യക്തിയധിഷ്ഠിത വിഭാഗീയതയുണ്ടെന്ന് അന്നു നേതാക്കാൾ പരസ്യമായി പറഞ്ഞിരുന്നു. 

വീണ്ടും പാർട്ടി കോൺഗ്രസിന് തയാറെടുക്കുമ്പോഴാണ് ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഏറ്റുമുട്ടുന്നത്. കേരളത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ േദശീയ നിർവാഹക സമിതിയിൽ ചർച്ച ചെയ്യണമെന്ന് കെ.ഇ. ഇസ്മായിൽ കത്തിലൂടെ ആവശ്യപ്പെട്ടതോടെ തർക്കം സജീവമായി നിൽക്കുന്ന സ്ഥിതിയായി. അടുത്ത മാസം ആദ്യ വാരമാണ് ഇനി നിർവാഹക സമിതി ചേരുന്നത്. 

ആനിയുടെ പ്രസ്താവനയെച്ചൊല്ലിയാണ് കാനത്തിന്റെ വിമർശനം തുടങ്ങിയതെങ്കിൽ ഇപ്പോഴത് ജനറൽ സെക്രട്ടറി ഡി. രാജയിലേക്കു വഴിമാറിയിരിക്കുന്നു. പാർട്ടിയിലെ എഐടിയുസി പക്ഷത്തിന്റെ സമീപനരീതികളെച്ചൊല്ലിയും സംസ്ഥാനത്തെ നിലപാടുകൾക്ക് ജാതീയമായ കാരണങ്ങൾ പറഞ്ഞുമുള്ള തർക്കങ്ങളാണ് പാർട്ടിയുടെ പല തട്ടുകളിൽ ഇപ്പോൾ സജീവമായിരിക്കുന്നത്. 

കൊല്ലം പാർട്ടി കോൺഗ്രസിൽ എസ്.സുധാകർ റെഡ്ഡി ജനറൽ സെക്രട്ടറിയായി തുടരട്ടെയെന്നും ഡപ്യൂട്ടി ജനറൽ സെക്രട്ടറി വേണ്ടെന്നും തീരുമാനിച്ചപ്പോഴും വിഭാഗീയത സൂചിപ്പിക്കപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളപ്പോഴും ഒരു വിഭാഗത്തിന്റെ സമ്മർദത്തിനു വഴങ്ങിയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരാൻ സുധാകർ റെഡ്ഡി തയാറായത്. ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം സ്ഥാനമൊഴിയേണ്ടിയും വന്നു. തുടർന്നാണ്, 2019 ജൂലൈയിൽ രാജ ജനറൽ സെക്രട്ടറിയാവുന്നത്. 

കേരളത്തിലെ പൊലീസിൽ ആർഎസ്എസ് ഗാങ് ഉണ്ടെന്ന ആനിയുടെ പരാമർശത്തെ അടുത്തിടെ നടന്ന ദേശീയ നിർവാഹക സമിതി തള്ളിക്കളഞ്ഞിട്ടും രാജ, ആനിയെ പരസ്യമായി ന്യായീകരിച്ചുവെന്നാണു സംസ്ഥാനത്ത് ആരോപണമുയർന്നത്. എന്നാൽ, വിഷയങ്ങളെക്കുറിച്ചു പ്രതികരിക്കുന്നതിനെക്കുറിച്ചു പാർട്ടിയുടെ നിലപാടെന്തെന്നതു രാജ വിശദീകരിച്ചതല്ലാതെ ദേശീയ സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും ചർച്ച നടന്നില്ലെന്നാണു പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

വിഷയം ചർച്ചയാക്കാൻ കാനവും ആനിയും ശ്രമിച്ചിരുന്നു. എന്നാൽ, ജനറൽ സെക്രട്ടറി നിലപാടു വിശദീകരിച്ചുകഴിഞ്ഞും ചർച്ചയെന്ന രീതി പാർട്ടിയിലില്ലെന്നു നിർവാഹക സമിതിയിൽ അധ്യക്ഷത വഹിച്ച കെ.രാമകൃഷ്ണ വ്യക്തമാക്കിയതോടെ യോഗം അവസാനിച്ചുവെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. 

ഏതെങ്കിലും സംസ്ഥാനത്തേതു മാത്രമായ വിഷയങ്ങളിൽ ദേശീയ നേതൃത്വം പ്രതികരിക്കുന്നത് സംസ്ഥാനഘടകത്തോട് ആലോചിച്ചുവേണമെന്നും സ്ത്രീകൾക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പോലെയുള്ള വിഷയങ്ങളിൽ കമ്യൂണിസ്റ്റ് നിലപാടിൽ ഊന്നി പ്രതികരിക്കുന്നതിൽ കുഴപ്പമില്ലെന്നും പാർട്ടിയുടെ നിലപാടായി രാജ വിശദീകരിച്ചുവെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

ഡൽഹിയിൽ നടന്ന കാര്യങ്ങളല്ല സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തതെന്നും ജനറൽ സെക്രട്ടറിക്കെതിരെ സംസ്ഥാന നിർവാഹകസമിതിയിലും കൗൺസിലിലും വിമർശനമുണ്ടാകാൻ കാരണം അതാണെന്നും ആരോപണമുയർന്നിട്ടുണ്ട്. കാനത്തിന്റെ പരസ്യവിമർശനത്തോടു പ്രതികരിക്കാൻ രാജ തയാറായിട്ടില്ല. 

രാജയ്ക്കെതിരായുള്ള വിമർശനം: തിരുത്തില്ലെന്ന് കാനം

തിരുവനന്തപുരം ∙ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കെതിരായുള്ള പരസ്യ നിലപാടു തിരുത്തില്ലെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാന കൗൺസിലിന്റെ തീരുമാനമാണു വിശദീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറിക്കെതിരായുള്ള പരസ്യ വിമർശനത്തിന്റെ പേരിൽ കാനത്തിനെതിരെ സിപിഐയിൽ പടയൊരുക്കമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണു വഴങ്ങാനില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചത്. 

ജനറൽ സെക്രട്ടറിയെ വിമർശിച്ചിട്ടില്ലെന്നു കാനം പറഞ്ഞു. പാർട്ടി അച്ചടക്കം ആരു ലംഘിച്ചാലും അതു തെറ്റു തന്നെയാണ്. അക്കാര്യമാണു പറഞ്ഞത്. വിമർശനത്തിനെതിരെ കേന്ദ്ര നേതൃത്വത്തിനു ദേശീയ നിർവാഹക സമിതി അംഗം കെ.ഇ. ഇസ്മായിൽ കത്തു നൽകിയത് അറിയില്ല. പോസ്റ്റ് ഓഫിസ് ഉള്ളതു കത്ത് അയയ്ക്കാൻ വേണ്ടിയാണല്ലോ– കാനം പരിഹസിച്ചു. 

അതേസമയം, കേന്ദ്ര–കേരള തർക്കത്തിൽ കക്ഷി ചേരാൻ കൂടുതൽ‍ സിപിഐ നേതാക്കൾ മുതിർന്നില്ല. കാനം അറിയില്ലെന്നു പറഞ്ഞ കത്തിനെക്കുറിച്ചു കൂടുതൽ പ്രതികരണങ്ങൾക്ക് ഇസ്മായിലും തയാറായില്ല. എന്നാൽ, കത്തയച്ചു എന്ന വാർത്ത അദ്ദേഹം നിഷേധിച്ചില്ല. അതുകൊണ്ടു തന്നെ അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചെന്നാണു പാർട്ടി കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നത്. 

സമൂഹത്തെ ഭിന്നിപ്പിക്കരുത്

സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം മതമേലധ്യക്ഷന്മാരിൽനിന്ന് ഉണ്ടാകരുതെന്നു പാലാ ബിഷപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കാനം പ്രതികരിച്ചു. ‘‘വിഷയത്തിൽ എൽഡിഎഫ് നിലപാട് എടുക്കാത്തതിനാൽ ഘടകകക്ഷികൾ‍ അവരുടെ അഭിപ്രായം പറയുമല്ലോ’’ എന്നായിരുന്നു ബിഷപ്പിനെ ജോസ് കെ.മാണി അനുകൂലിച്ചതു സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി. 

Content Highlight: CPI factionalism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com