ADVERTISEMENT

തിരുവനന്തപുരം ∙ കേരള രാഷ്ട്രീയത്തിലെ മുൻനിര കക്ഷികൾക്ക് ഇതു സംഘടനാ പരിഷ്കാരങ്ങളുടെയും തിരുത്തലുകളുടെയും കാലം. നിയമസഭാ തിരഞ്ഞെടുപ്പി‍ൽ വലിയ തിരിച്ചടിയേറ്റതോടെ കോൺഗ്രസ് ഒരു ആൾക്കൂട്ടം മാത്രമാണെന്ന തിരിച്ചറിവിലാണ് നേതൃത്വം. അച്ചടക്കവും കാര്യക്ഷമതയും ഉറപ്പാക്കുന്ന സെമി കേഡർ സ്വഭാവത്തിലേക്കു മാറാനാണ് കോൺഗ്രസ് കച്ച മുറുക്കുന്നത്. 

പാർട്ടി സമ്മേളനങ്ങളിലെ സംഘടനാ ചർച്ചകളിലേക്കും തിരഞ്ഞടുപ്പുകളിലേക്കുമാണ് സിപിഎം പ്രവേശിക്കുന്നത്. സിപിഎമ്മിന്റെ നയങ്ങളെ എതിർക്കുമ്പോഴും പാർട്ടിയുടെ കെട്ടുറപ്പും ചിട്ടയും എതിരാളികളും വിലമതിക്കുന്നു. 

നിയമസഭയിലെ ഏക സീറ്റും ഈ തിരഞ്ഞെടുപ്പോടെ നഷ്ടപ്പെട്ട സാഹചര്യത്തിൽ സംഘടനയിലും പ്രവർത്തനത്തിലും വലിയ മാറ്റം വേണമെന്ന ആവശ്യം ബിജെപിയിലും ശക്തം. ഞായറാഴ്ച ചേർന്ന കോർ കമ്മിറ്റി യോഗത്തോടെ പാർട്ടി അതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നു. 

നായകഘടന

3 മുന്നണികളെ നയിക്കുന്ന പാർട്ടികളുടെ ഘടന ഇങ്ങനെ: 

സിപിഎം

1. സംസ്ഥാന കമ്മിറ്റി 

ഭാരവാഹി: സംസ്ഥാന സെക്രട്ടറി. 

2–3 മാസത്തെ ഇടവേളയിൽ ചേരും. 

എല്ലാ ആഴ്ചയും ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, നയ–സംഘടനാപരമായ തീരുമാനങ്ങൾ എടുക്കും. 

2. ജില്ലാ കമ്മിറ്റി 

ഭാരവാഹി: ജില്ലാ സെക്രട്ടറി. സഹായിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ്. 

3. ഏരിയ കമ്മിറ്റി 

ഭാരവാഹി: ഏരിയ സെക്രട്ടറി. 

സഹായിക്കാൻ ഏരിയ സെന്റർ. 

4. ലോക്കൽ കമ്മിറ്റി 

ഭാരവാഹി: ലോക്കൽ സെക്രട്ടറി 

5. ബ്രാഞ്ച് കമ്മിറ്റി 

ഭാരവാഹി: ബ്രാഞ്ച് സെക്രട്ടറി 

∙ തീരുമാനങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നതിന് റിപ്പോർട്ടിങ് രീതി 

സംസ്ഥാനകമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ ബ്രാഞ്ച് വരെ കൃത്യമായി റിപ്പോർട്ട് ചെയ്യും. ഇതിനായി ഷെഡ്യൂൾ തയാറാക്കും. ഓരോ കമ്മിറ്റിയുടെയും മേൽഘടകത്തിലുള്ള നേതാവായിരിക്കും റിപ്പോർട്ടിങിനെത്തുക. 

∙ കേഡർമാർ 

ജില്ല മുതൽ ബ്രാഞ്ച് വരെ മുഴുവൻ സമയവും പാർട്ടിക്കായി പ്രവർത്തിക്കുന്നവരുണ്ട്. മിനിമം ജീവിതാവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന അലവൻസ് നൽകും: കുറഞ്ഞത് മാസം 5,000 രൂപ. പാർട്ടിയുടെ പോഷകസംഘടനകളിലും മുഴുവൻ സമയ കേഡർമാരുണ്ട്. അവർക്ക് അലവൻസ് നൽകേണ്ടത് ആ സംഘടനകൾ. 

കോൺഗ്രസ്

1. കെപിസിസി 

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി. 

പ്രസിഡന്റ്, ഭാരവാഹികൾ, നിർവാഹകസമിതി അംഗങ്ങൾ എന്നിവരുൾപ്പെടുന്നു. 

2. ഡിസിസി 

ജില്ലാ കോൺഗ്രസ് കമ്മിറ്റി. 

ഡിസിസി പ്രസിഡന്റ്, ഭാരവാഹികൾ, നിർവാഹകസമിതി. 

3. ബ്ലോക്ക് കമ്മിറ്റി 

ഒരു നിയോജകമണ്ഡലത്തിൽ 2 ബ്ലോക്ക് കമ്മിറ്റികൾ. കേരളത്തിൽ ആകെ: 280 

ബ്ലോക്ക് പ്രസിഡന്റ്, ഭാരവാഹികൾ, നിർവാഹകസമിതി. 

4. മണ്ഡലം കമ്മിറ്റി

ഒന്നോ രണ്ടോ പഞ്ചായത്തുകൾ ചേർന്ന് മണ്ഡലം കമ്മിറ്റി. 

മണ്ഡലം പ്രസിഡന്റ്, ഭാരവാഹികൾ, നിർവാഹകസമിതി. 

5. വാർഡ് കമ്മിറ്റി 

വാർഡ് പ്രസിഡന്റ്, ഭാരവാഹികൾ 

6. ബൂത്ത് കമ്മിറ്റി 

ബൂത്ത് പ്രസിഡന്റ്, ഭാരവാഹികൾ 

ഇതിനു കീഴിൽ പുതുതായി കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനം. ഒരു ബൂത്തിനു കീഴിലെ 50 വീടുകളിലെ കോൺഗ്രസ് കുടുംബങ്ങൾ, കോൺഗ്രസ് സൗഹൃദ കുടുംബങ്ങൾ എന്നിവരെ ഉൾപ്പെടുത്തും. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ ഭാരവാഹികൾ. 

തീരുമാനങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നത്

ഭരണഘടനാപരമായി ഇല്ലെങ്കിലും രാഷ്ട്രീയകാര്യ സമിതിയാണ് ഇപ്പോൾ നയപരവും സംഘടനാപരവുമായ കാര്യങ്ങൾ തീരുമാനിക്കുന്നത്. താഴേത്തട്ടുവരെ സംഘടനാ ശ്രേണി അനുസരിച്ച് റിപ്പോർട്ട് ചെയ്യുന്ന രീതി നിലവിൽ ഇല്ല. പാർട്ടിയെ സെമി കേഡർ ആക്കുന്നതിന്റെ ഭാഗമായി സിപിഎമ്മിന്റെ റിപ്പോർട്ടിങ് ശൈലി കോൺഗ്രസും ആരംഭിക്കുകയാണ്. നെയ്യാർഡാമിലെ ഡിസിസി പ്രസിഡന്റുമാരുടെ ക്യാംപിൽ കൈക്കൊണ്ട തീരുമാനങ്ങൾ ജില്ലാ നേതൃയോഗങ്ങൾ വിളിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തന്നെ റിപ്പോർട്ട് ചെയ്തു. താഴേത്തട്ടിലേക്കു തീരുമാനങ്ങളെത്തിക്കാനുള്ള സംവിധാനത്തിനു രൂപം കൊടുക്കാൻ ഡിസിസികളോട് ആവശ്യപ്പെട്ടു. 

∙ മുഴുവൻ സമയ കേഡർമാർ 

ബൂത്ത്, വാർഡ് തലത്തിൽ മുഴുവൻ സമയ പ്രവർത്തനത്തിനായി കേഡർമാരെ നിയോഗിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇവർക്ക് ഓണറേറിയം നൽകും. സേവാദൾ പ്രവർത്തകരെ ഇതിനായി നിയോഗിക്കും. 

ബിജെപി

1. സംസ്ഥാന കോർ കമ്മിറ്റി 

സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, മുൻ സംസ്ഥാന പ്രസിഡന്റുമാർ, 2 സംഘടനാ സെക്രട്ടറിമാർ എന്നിവർ ഉള്ള ഉന്നത നേതൃഘടകം. ദേശീയ നേതൃത്വത്തിന്റെ പ്രതിനിധികളായി പ്രഭാരിയും സഹപ്രഭാരിയും. 

2. സംസ്ഥാന സമിതി 

പ്രസിഡന്റ്, ഭാരവാഹികൾ, സംസ്ഥാന സമിതി അംഗങ്ങൾ. 

3. മേഖലാ കമ്മിറ്റി 

3 ജില്ലകൾ ചേർന്ന് ഒരു മേഖലാ കമ്മിറ്റി. 

പ്രസിഡന്റും മറ്റു ഭാരവാഹികളും. മേഖലാ സംഘടനാ സെക്രട്ടറിമാർ ആർഎസ്എസിൽനിന്ന്. 

4. ജില്ലാ കമ്മിറ്റി 

ഭാരവാഹികൾ, കോർ കമ്മിറ്റി. 

5. മണ്ഡലം കമ്മിറ്റി 

ഭാരവാഹികൾ, കോർ കമ്മിറ്റി. 

6. പഞ്ചായത്ത് കമ്മിറ്റി 

ഇവിടെ കോർ കമ്മിറ്റി ഇല്ല, ഭാരവാഹികൾ മാത്രം. 

7. ശക്തി കേന്ദ്ര 

3–4 ബൂത്ത് കമ്മിറ്റികൾ ചേർന്നുള്ള യൂണിറ്റ്. 

പഞ്ചായത്തിലെ ജനറൽ സെക്രട്ടറി മുതൽ സംസ്ഥാന പ്രസിഡന്റ് വരെയുള്ള നേതാക്കളിൽ ആ പ്രദേശത്തുനിന്നുള്ള ഒരാൾക്കാണ് ബന്ധപ്പെട്ട ശക്തികേന്ദ്രയുടെ ചുമതല. ഉദാഹരണത്തിന് സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രന് ഒരു ശക്തികേന്ദ്രയുടെ ചുമതല കൂടിയുണ്ട്. 

8. ബൂത്ത് കമ്മിറ്റി ഭാരവാഹികൾ. 

∙ തീരുമാനങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നത്

തീരുമാനങ്ങൾ എടുക്കുന്ന ആദ്യ ഘടകം സംസ്ഥാന കോർ കമ്മിറ്റി. കോർ കമ്മിറ്റിക്കു ശേഷം സംസ്ഥാന ഭാരവാഹികളുടെ യോഗം ചേരും. അതിനു ശേഷം ഇവിടെനിന്നു സംസ്ഥാന ഭാരവാഹികൾ ജില്ലാ കമ്മിറ്റികളിലെത്തി തീരുമാനങ്ങൾ അറിയിക്കും. പിന്നീട് ബൂത്തു കമ്മിറ്റി വരെ ജില്ലാ ഭാരവാഹികൾ പങ്കെടുത്ത് അറിയിക്കും. 

∙ മുഴുവൻ സമയ കേഡർമാരെ നിയോഗിക്കണമെന്ന നിർദേശം പരിഗണനയിൽ. 

English Summary: How political parties work?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com