സ്നേഹം തുന്നിച്ചേർത്ത ഇഴയടുപ്പം

HIGHLIGHTS
  • അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസിനെ ഉറ്റബന്ധുക്കൾ അനുസ്മരിക്കുന്നു
Oscar-Fernandez-and-Anto-Antony
ശക്തികേന്ദ്രം... കേന്ദ്രമന്ത്രിയായിരുന്ന ഓസ്കർ ഫെർണാണ്ടസ് 2006 ഡിസംബർ 30ന് കോട്ടയത്തെ സ്വകാര്യ ഹോട്ടലിലെ ഹെൽത്ത് ക്ലബ്ബിൽ വ്യായാമം നടത്തുന്നതിനിടെ അന്നത്തെ ഡിസിസി പ്രസിഡന്റ് ആന്റോ ആന്റണിയുമായി പഞ്ചഗുസ്തിയിലേർപ്പെട്ടപ്പോൾ.
SHARE

കോട്ടയം ∙ കസവ് കരയുള്ള കോട്ടൺ സാരി – ഓസ്കർ ഫെർണാണ്ടസിന്റെ ഈ സമ്മാനം സെഡ്രിക് ലോബോക്കും ഷൈലിനും ഓസ്കർ പുരസ്കാരം പോലെയാണ്. ഇന്നലെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസിന് കോട്ടയവുമായുള്ള ബന്ധവും കോട്ടൺ സാരിയുടെ ഇഴയടുപ്പത്തിൽ കാണാം. 

നഗരത്തിലെ ഹിന്ദ് മെഡിക്കൽസിന്റെ ഉടമയാണ് സെഡ്രിക് ലോബോ. സെഡ്രിക്കിന്റെ അമ്മ സിൽവിയ ലോബോയുടെ അമ്മയും ഓസ്കർ ഫെർണാണ്ടസിന്റെ അമ്മയും സഹോദരങ്ങളാണ്. സെഡ്രിക്കിന്റെ അമ്മാവന്റെ സ്ഥാനമാണ് ഓസ്കറിന്. സെഡ്രിക്കിന്റെ കുടുംബവുമായുള്ള ബന്ധമാണ് ഓസ്കർ ഫെർണാണ്ടസിനെ പലപ്പോഴും കോട്ടയത്തേക്ക് സ്വാഗതം ചെയ്തത്. 

‘ഓസ്കർ ഫെർണാണ്ടസിന്റെ 25ാം വിവാഹ വാർഷികത്തിനു ഡൽഹിയിൽ പോയപ്പോൾ അദ്ദേഹം സമ്മാനിച്ചതാണ് കോട്ടൺ സാരി’ – സെഡ്രിക്കിന്റെ ഭാര്യ ഷൈലിൻ പറഞ്ഞു. ‘ആന്ധ്രയിലെ തുണിമില്ലിൽ നെയ്തെടുത്ത് നേരിട്ടു വരുത്തിയതാണ്.’

സെഡ്രിക്കിന്റെ അച്ഛൻ മൈക്കിൾ പോൾ ലോബോ മെഡിക്കൽ സ്റ്റോർ ബിസിനസുമായി വർഷങ്ങൾക്കു മുൻപ് കോട്ടയത്ത് എത്തിയതാണ്. ജനറൽ ആശുപത്രിക്ക് എതിർവശത്ത് ഹിന്ദ് മെഡിക്കൽസ് എന്ന സ്ഥാപനം തുടങ്ങി. പിന്നീട് മകൻ സെഡ്രിക് മെഡിക്കൽ സ്റ്റോറിന്റെ ചുമതലയേറ്റു.

കഞ്ഞിക്കുഴിയിലെ ലോബോസ് വീട്ടിൽ മാത്രമല്ല ഹിന്ദ് മെഡിക്കൽസിലും ഓസ്കർ ഫെർണാണ്ടസ് എത്തിയിട്ടുണ്ട്. കുമരകത്ത് താമസിച്ചിട്ടുമുണ്ട്. ‘ശാന്തനാണ്. പക്ഷേ അമ്മാവൻ എന്ന മട്ടിലുള്ള വിളി അദ്ദേഹത്തിന് ഇഷ്ടമല്ല. ഓസ്കർ എന്നു തന്നെ വിളിക്കണം. കോട്ടയത്ത് വന്നാൽ പാലപ്പവും വെജിറ്റബിൾ കറിയുമാണ് ഇഷ്ടഭക്ഷണം. കുമരകം വലിയ ഇഷ്ടമാണ്’ – സെഡ്രിക് ലോബോ പറഞ്ഞു. 

ഓസ്കർ ഫെർണാണ്ടസിന്റെ സംസ്കാര ചടങ്ങിൽ കുടുംബത്തെ പ്രതിനിധീകരിച്ച് മംഗളൂരുവിലുള്ള തന്റെ സഹോദരി വിമല മൊന്തേറോ പങ്കെടുക്കുമെന്നും സെഡ്രിക് പറഞ്ഞു. 

ഓസ്കർ നന്നായി മൗത്ത് ഓർഗൻ വായിക്കും. കോട്ടയം ബിസിഎം കോളജിൽ നടന്ന ചടങ്ങിൽ ഒരിക്കൽ ഓസ്കർ ഫെർണാണ്ടസ് പങ്കെടുത്തു. പ്രസംഗിക്കാനായി ചെന്നപ്പോൾ പോക്കറ്റിൽ നിന്നു മൗത്ത് ഓർഗൻ എടുത്ത് ഗാനം ആലപിച്ചു. അതോടെ സദസ്സ് ഓസ്കറിന്റെ കയ്യിലായി.

Content Highlight: Oscar Fernandez

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA