ADVERTISEMENT

തിരുവനന്തപുരം / കോട്ടയം ∙ സപ്ലൈകോയിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഉദ്യോഗാർഥിയുടെ പേര് നീക്കം ചെയ്യാൻ തെറ്റായ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ പിഎസ്‌സി ഓഫിസിൽ അപേക്ഷിച്ച ആൾക്കെതിരെയും കൂട്ടുനിന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കും. ഒപ്പം പിഎസ്‌സിയുടെ വിജിലൻസും അന്വേഷിക്കും.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യഥാർഥ ഉദ്യോഗാർഥി എസ്.ശ്രീജയ്ക്കു നിയമന ശുപാർശ നൽകാനും യോഗം തീരുമാനിച്ചു. ഈ  പട്ടികയിൽ ഉൾപ്പെടാത്ത, കൊല്ലം ജില്ലക്കാരിയായ റവന്യു ഉദ്യോഗസ്ഥയാണ് അതേ പേരും ഇനിഷ്യലും ജനനത്തീയതിയും ഉള്ള മറ്റൊരു ഉദ്യോഗാർഥിയുടെ റജിസ്റ്റർ നമ്പർ വച്ച് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷിച്ചത്. ഈ അപേക്ഷ ഗസറ്റഡ് ഉദ്യോഗസ്ഥനും നോട്ടറിയും സാക്ഷ്യപ്പെടുത്തി. അപേക്ഷ പരിശോധിച്ച പിഎസ്‍സി കോട്ടയം ജില്ലാ ഓഫിസ് സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുകയും ചെയ്തു. 

തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥ ഇക്കാര്യം സമ്മതിച്ചു പിഎസ്‌സിക്കു രേഖാമൂലം പ്രസ്താവന നൽകിയിട്ടുണ്ട്. റാങ്ക് പട്ടികയിലുള്ള ചിലർ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതു ചെയ്തതെന്ന് അവർ പറയുന്നു. 2014ൽ ഇവർക്കു സർക്കാർ ജോലി ലഭിച്ചിരുന്നു. അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് 2015ൽ ആണ്. എന്നാൽ ഈ റാങ്ക് ലിസ്റ്റിൽ താൻ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്, ജോലി വേണ്ടെന്ന് എഴുതി വാങ്ങിച്ചെന്നാണ് ഇവർ അറിയിച്ചത്. ഇതു സത്യമാണോയെന്ന് അന്വേഷണത്തിലേ വ്യക്തമാകൂ. മുൻപ് വെള്ളക്കടലാസിൽ സ്വയം സത്യപ്രസ്താവന തയാറാക്കി ഗസറ്റഡ് ഉദ്യോഗസ്ഥനെ കൊണ്ട് സാക്ഷ്യപ്പെടുത്തി അപേക്ഷ സമർപ്പിച്ചാൽ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുമായിരുന്നു. തട്ടിപ്പ് തടയാൻ വേണ്ടിയാണ് നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ കൂടി പുതിയതായി ഏർപ്പെടുത്തിയത്. റാങ്ക് ഹോൾഡേഴ്സ് എന്ന പേരിൽ ചിലരെങ്കിലും ഈ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് പിഎസ്‌സി ചൂണ്ടിക്കാട്ടി.

പിഎസ്‌സി ഓഫിസിൽ ഗുരുതര വീഴ്ച

എസ്.ശ്രീജയുടെ പേരിൽ സമർപ്പിച്ച, ജോലി വേണ്ടെന്ന സമ്മതപത്രത്തിന്റെ നിജസ്ഥിതി ഉറപ്പാക്കുന്നതിൽ പിഎസ്‌സി ഓഫിസിനും വീഴ്ച വന്നു. 

∙ റാങ്ക് ലിസ്റ്റിലുള്ളത് മല്ലപ്പള്ളി സ്വദേശി എസ്.ശ്രീജയാണ്. ജോലി വേണ്ടെന്ന സമ്മതപത്രം സമർപ്പിച്ചത് കൊല്ലം മൈനാഗപ്പള്ളി സ്വദേശി എസ്.ശ്രീജയും. ഇരുവരുടെയും പേരും ഇനിഷ്യലും ജനനത്തീയതിയും ഒന്നാണ്. എന്നാൽ വിലാസം വ്യത്യസ്തമാണ്. ഇരുവരും രണ്ടു ജില്ലക്കാരാണ്. സത്യപ്രസ്താവന നൽകിയ ശ്രീജയുമായി പിഎസ്‌സി ഓഫിസിൽ നിന്നു കത്തിടപാടും നടത്തി. എന്നിട്ടും വിലാസം മാറിയത് ശ്രദ്ധിച്ചില്ല.

∙ ഇരുവരുടെയും ഫോട്ടോകൾ വ്യത്യസ്തമാണ്. 

∙ ജോലി വേണ്ട എന്ന് സത്യപ്രസ്താവന നൽകിയ ഉദ്യോഗാർഥി സിവിൽ സപ്ലൈസ് സെയിൽസ്മാൻ പരീക്ഷ എഴുതിയിട്ടില്ല. ഇക്കാര്യം പിഎസ്‌സി പരിശോധിച്ചില്ല.

Content Highlight: Sreeja, Kerala PSC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com