സമ്മതപത്രം ഒപ്പിട്ട് നൽകിയത് എന്തിന്?; ശ്രീജ പുറത്തായതെങ്ങനെ?

Sreeja
എസ്.ശ്രീജ
SHARE

കോട്ടയം ∙ സിവിൽ സപ്ലൈസ് കോർപറേഷന്റെ റാങ്ക് ലിസ്റ്റിൽ നിന്ന് മല്ലപ്പള്ളി സ്വദേശി എസ്.ശ്രീജ പുറത്തായതെങ്ങനെ? കൊല്ലത്ത് റവന്യു വകുപ്പിൽ ജോലി ചെയ്യുന്ന മൈനാഗപ്പള്ളി സ്വദേശി എസ്.ശ്രീജ ജോലി വേണ്ടെന്ന് സത്യവാങ്മൂലം ഒപ്പിട്ടു നൽകിയത് എന്തിന്? ഈ ചോദ്യങ്ങൾക്കാണ് പിഎസ്‍സി ഉത്തരം കണ്ടെത്തേണ്ടത്.

പരീക്ഷയിലും പരിശോധനയിലും പിഎസ്‍സി പുലർത്തുന്ന കെടുകാര്യസ്ഥതയാകാം അർഹമായ ജോലി ശ്രീജയ്ക്ക് നഷ്ടപ്പെടാൻ കാരണം. അല്ലെങ്കിൽ ഉദ്യോഗാർഥികളെ കരുവാക്കി പ്രവർത്തിക്കുന്ന നിയമന മാഫിയയാകാം ഇതിനു പിന്നിൽ.

നിയമനം ലഭിച്ചില്ല

∙ പിഎസ്‌സി സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷ നടത്തിയത് 2016 ഓഗസ്റ്റ് 27നാണ്. 2018 മേയ് 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മല്ലപ്പള്ളി സ്വദേശി എസ്.ശ്രീജയ്ക്ക് 233ാം റാങ്ക്. 199 പേർക്കാണ് നിയമനം. ലിസ്റ്റിലുള്ള കുറെയാളുകൾക്ക് മറ്റു ജോലികൾ കിട്ടിയതുമൂലം ലിസ്റ്റിൽ 268 വരെയുള്ളവർക്ക് നിയമനം ലഭിച്ചു.

2020 സെപ്റ്റംബർ 30ന് മൈനാഗപ്പള്ളി സ്വദേശി എസ്.ശ്രീജ തനിക്കു ജോലി വേണ്ട എന്ന സമ്മതപത്രം പിഎസ്‌സിക്കു നൽകി. ഈ സത്യവാങ്മൂലം സ്വീകരിച്ച പിഎസ്‌സി മല്ലപ്പള്ളി സ്വദേശി എസ്.ശ്രീജയെ ഒഴിവാക്കി. 2021 ഓഗസ്റ്റിൽ അവസാനത്തെ 14  പേർക്കു കൂടി നിയമനം നൽകി. ഇതിൽ മല്ലപ്പള്ളി സ്വദേശി ശ്രീജ ഉൾപ്പെടേണ്ടതാണ്. എന്നാൽ ശ്രീജയ്ക്കു നിയമനം ലഭിച്ചില്ല. 

സമ്മതപത്രം ഒപ്പിട്ട് നൽകിയത് എന്തിന്?

∙ മൈനാഗപ്പള്ളി സ്വദേശി എസ്.ശ്രീജ പറയുന്നു: ‘റാങ്ക് ലിസ്റ്റിലുള്ള സനിൽ കെ.പിള്ള എന്നൊരാൾ എന്നെ സമീപിച്ചു. എനിക്കു മറ്റൊരു ജോലി ഉള്ളതിനാൽ ജോലി വേണ്ട എന്ന സമ്മത പത്രം നൽകിയാൽ റാങ്ക് ലിസ്റ്റിൽ ഒരാൾക്കു കൂടി ജോലി ലഭിക്കുമെന്നു സനിൽ പറഞ്ഞു. റാങ്ക് ലിസ്റ്റിൽ ഞാൻ ഉൾപ്പെട്ടതിന്റെ രേഖകൾ കാണിച്ചു. പേര്, ജനനത്തീയതി, റജിസ്റ്റർ നമ്പർ എന്നിവ അതിലുണ്ട്. വിവിധ പിഎസ്‌സി പരീക്ഷകൾ ഞാൻ എഴുതിയിട്ടുണ്ട്. പല ലിസ്റ്റുകളിലും എന്റെ പേരുണ്ട്. 5 വർഷം മുൻപാണ് അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷ നടന്നത്. അത് ഞാൻ എഴുതിയിരുന്നോ എന്ന് ഓർമയുണ്ടായിരുന്നില്ല. സമ്മതപത്രം സനിലിനു നൽകി. കഴിഞ്ഞയാഴ്ച റാങ്ക് ലിസ്റ്റിലുള്ള എസ്.ശ്രീജ വിളിച്ചപ്പോഴാണ് അബദ്ധം മനസ്സിലാക്കിയത്. ഉടനെ പിഎസ്‍സിക്കു മാപ്പപേക്ഷയും നൽകി. 

എന്തിനാണ് സത്യവാങ് മൂലം നൽകാൻ പ്രേരിപ്പിച്ചത് ?

∙ കൊല്ലം സ്വദേശി സനിൽ കെ.പിള്ള പറയുന്നു: ‘റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടോണിമോൻ ജോസഫ് പറഞ്ഞിട്ടാണ് ശ്രീജയെ കണ്ട് സമ്മതപത്രം വാങ്ങിയത്. റാങ്ക് ലിസ്റ്റിൽ പേര്, ജനനത്തീയതി, റജിസ്റ്റർ നമ്പർ എന്നിവ മാത്രമാണുള്ളത്. അതുനോക്കി ശ്രീജയെ കണ്ടെത്തി സമ്മതപത്രം വാങ്ങി കോട്ടയത്തെ മറ്റൊരു ഉദ്യോഗാർഥിക്ക് അയച്ചുകൊടുത്തു.’ ലിസ്റ്റിൽ 304–ാം റാങ്ക് ലഭിച്ച സനിലിനു നിയമനം ലഭിച്ചില്ല. 

ശ്രീജയുടെ പേര് ലഭിച്ചത് എവിടെനിന്നാണ് ?

∙ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടോണിമോൻ ജോസഫ് പറയുന്നു: ‘ഇന്റർനെറ്റിൽ നോക്കിയാണ് പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ വിലാസം കണ്ടെത്തിയത്. എസ്.ശ്രീജയുടെ വിലാസവും മറ്റും ഇത്തരത്തിലാണ് കണ്ടെത്തിയത്. സമ്മതപത്രം വാങ്ങിനൽകാൻ സനിലിനെ ചുമതലപ്പെടുത്തി. അന്വേഷിച്ചു വേണം സമ്മതപത്രം വാങ്ങാനെന്നും നിർദേശിച്ചിരുന്നു.’ കോട്ടയം സ്വദേശി ടോണിമോന്റേത് 214–ാം റാങ്കാണ്. സിവിൽ സപ്ലൈസിലാണ് ടോണിക്കു ജോലി.

Content Highlight: S. Sreeja

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA