ADVERTISEMENT

കോട്ടയം ∙ കേരള കോൺഗ്രസ് എമ്മിനെ നിശിതമായി വിമർശിക്കുന്ന സിപിഐ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി യോഗത്തിൽ രൂക്ഷ വിമർശനം. കേരള കോൺഗ്രസ് (എം) യുഡിഎഫ് ഘടകകക്ഷിയായിരുന്ന കാലത്തെ അതേ നിലപാട് സിപിഐ ഇപ്പോഴും തുടരുകയാണെന്നു യോഗത്തിൽ വിമർശനമുയർന്നു. 

ജനകീയ അടിത്തറ ഇല്ലാത്തവരായതുകൊണ്ടാണോ മൂവാറ്റുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളിൽ സിപിഐ സ്ഥാനാർഥികൾ തോറ്റത് എന്ന് പരിശോധിക്കണം. പാലായും കടുത്തുരുത്തിയും പരാജയപ്പെട്ടതിൽ എൽഡിഎഫിന് ഉത്തരവാദിത്തമില്ല എന്ന സിപിഐ നിലപാട് ശരിയല്ല. ജയിക്കുന്ന സീറ്റുകളുടെ അവകാശം ഏറ്റെടുക്കുക, തോറ്റ സീറ്റുകളുടെ ഉത്തരവാദിത്തം വ്യക്തികളിൽ കെട്ടിവയ്ക്കുക എന്നത് പാപ്പരത്തമാണ് – കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 

പതിവായി തോറ്റിരുന്ന പല സീറ്റുകളും ഇത്തവണ എൽഡിഎഫ് ജയിച്ചത് കേരള കോൺഗ്രസ് (എം) സഹായം കൊണ്ടാണ്. തിരഞ്ഞെടുപ്പിൽ സിപിഐയുടെ വോട്ടുകൾ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിക്ക് ലഭിച്ചോ എന്നും നേതൃത്വം അന്വേഷിക്കണം. – നേതാക്കൾ പറഞ്ഞു. 

എൽഡിഎഫിൽ കേരള കോൺഗ്രസ് (എം) വന്നതോടെ രാഷ്ട്രീയ പ്രാധാന്യം കുറയുമെന്നു സിപിഐ ഭയക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ സീറ്റുകളിൽ സിപിഎം വിലയിരുത്തൽ നടത്തിയിട്ടുണ്ട്. എന്നാൽ, സിപിഐ നടത്തിയത് വ്യക്തിനിഷ്ഠവും അടിസ്ഥാനരഹിതവുമായ പരാമർശങ്ങളാണെന്നും കേരള കോൺഗ്രസ് യോഗം കുറ്റപ്പെടുത്തി.

∙ ‘‘ജോസ് കെ. മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാർക്കിടുന്നവരിൽ പലരും പല തിരഞ്ഞെടുപ്പുകളിലും തോറ്റവരാണെന്നു മറക്കരുത്. കേരള കോൺഗ്രസിന്റെ സഹായത്തോടെ ജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കിൽ വാഴൂർ സോമൻ എംഎൽഎയോട് ചോദിച്ചാൽ മതി. ഞങ്ങളുടെ സഹായത്താലാണ് ജയിച്ചതെന്നു സോമൻ പറഞ്ഞിരുന്നു.’’ - സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി)

English Summary: Kerala Congress M against CPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com