ADVERTISEMENT

തിരുവനന്തപുരം ∙ വിയ്യൂർ സെൻട്രൽ ജയിലിൽ റഷീദ് എന്ന തടവുകാരൻ മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ട ഗുണ്ടകളെക്കുറിച്ചും ടിപി കേസിലെ കൊടി സുനി നടത്തിയ ഫോൺ വിളികളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു നിർദേശിച്ചു ജയിൽ മേധാവി ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകി.

സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നൽകിയ റിപ്പോർട്ടിന്മേലാണ് ജയിൽ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നടപടി. ജയിൽ സുരക്ഷയെ ബാധിക്കും വിധം തടവുകാരുടെ ഫോൺ വിളി വർധിച്ചുവെന്നു പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം അന്വേഷിച്ചു ബന്ധപ്പെട്ട തടവുകാർക്കും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ കത്ത്.

വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ കുപ്രസിദ്ധ തടവുകാരൻ റഷീദ് മൊബൈൽ ഫോൺ വഴി ഒരു മാസത്തിനിടെ പുറത്തുള്ള 223 പേരുടെ മൊബൈ‍ൽ നമ്പറുകളിലേക്കു 1346 കോളുകളാണു നടത്തിയത്. ഇതേ സിം കാർഡ്, മറ്റ് 5 മൊബൈൽ ഫോണുകളിലിട്ടു മറ്റു തടവുകാരും പലവട്ടം വിളിച്ചു. ജയിലിലെ ക്രിമിനലുകളാണ് ഇത്തരത്തിൽ പുറത്തെ ഗുണ്ടകളെയും കുഴൽപ്പണക്കാരെയും വിളിച്ചതെന്നു റിപ്പോർട്ടിലുണ്ട്. ഈ 5 മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പറും കൈമാറി.

ഇതേജയിലിൽ തീവ്രവാദ കേസുകളിൽപെട്ട കൊടുംകുറ്റവാളികളുണ്ട്. അവർക്കു ജയിലിൽനിന്നു രാജ്യദ്രോഹ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധിക്കുമെന്നും അതിനാൽ ഉടൻ നടപടി വേണമെന്നുമാണു ശുപാർശ.

റഷീദിന്റെ ‘സെൽ’ഫോൺ

∙ ശിക്ഷിക്കപ്പെട്ടത് കൊലക്കേസിൽ

∙ കഴിയുന്നത് ജയിൽ സി ബ്ലോക്കിൽ

∙ പരിശോധിച്ചത് ജൂലൈ 6 മുതൽ ഓഗസ്റ്റ് 9 വരെയുള്ള ഫോൺ കോളുകൾ

∙ സിം കാർഡ് അന്തിക്കാട്ടെ കുപ്രസിദ്ധ ഗുണ്ടയുടെ പേരിൽ (ഇയാളുടെ സംഘത്തിൽ പെട്ട വ്യക്തി ഇക്കാലയളവിൽ ജയിലിലുണ്ടായിരുന്നു.)

∙ റഷീദിന്റെ ഫോണിലേക്കു വന്ന കോളുകൾ: 232

∙ വന്ന എസ്എംഎസുകൾ: 875

∙ അയച്ച എസ്എംഎസ്: 1049

∙ അങ്ങോട്ടു വിളിച്ചവരിൽ ബന്ധുക്കൾ (ഒരാൾക്ക് 150 കോൾ, 387 എസ്എംഎസ്. അതിലേറെ തിരിച്ചും), തൃശൂരിലെ ഗുണ്ട പല്ലൻ ഷൈജു (2 മൊബൈലുകളിലായി 14 തവണ) എന്നിവരുൾപ്പെടുന്നു.

റഷീദിനെയും കൊടി സുനിയെയും മാറ്റി

ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊടി സുനിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റി. വിയ്യൂർ ജയിലിൽ വച്ചു കൊടി സുനിയുടെ കയ്യിൽനിന്നു മൊബൈൽ ഫോൺ പിടിച്ചിരുന്നു. എന്നാൽ, ഇതിൽ വിളിച്ചവരുടെ വിശദാംശം ജയിൽ ഉദ്യോഗസ്ഥർ ശേഖരിച്ചില്ല. അതിനാലാണു റഷീദ് കേസിനൊപ്പം സുനിയുടെ കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു ജയിൽ മേധാവി ആവശ്യപ്പെട്ടത്.

English Summary: Kodi Suni and Rasheed phone call from jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com