ADVERTISEMENT

കൊല്ലം ∙ പാർട്ടി ദേശീയ നിർവാഹക സമിതിയംഗം ആനി രാജ കേരള പൊലീസിനെക്കുറിച്ചു നടത്തിയ പ്രസ്താവനയെച്ചൊല്ലി സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ കാനം- ഇസ്മായിൽ പക്ഷങ്ങൾ കൊമ്പു കോർത്തു.

ദേശീയ നേതൃത്വത്തെ ദുർബലപ്പെടുത്തുംവിധം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി രംഗത്തുവരാൻ പാടില്ലായിരുന്നുവെന്ന വാദവുമായി ഇസ്മായിൽ- പ്രകാശ് ബാബു പക്ഷങ്ങൾ രംഗത്തുവന്നപ്പോൾ നേരത്തേയും പാർട്ടി അച്ചടക്കം ലംഘിച്ചിട്ടുള്ള ആനിക്കെതിരെ സംഘടനാ നടപടി ആവശ്യമാണെന്നു കാനം പക്ഷവും ശക്തമായി വാദിച്ചു.

ഇസ്മായിൽ- പ്രകാശ്ബാബു പക്ഷത്തിനു മേധാവിത്വമുള്ള ജില്ലയിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനമുയർന്നെങ്കിലും ആനി രാജയുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഈ ചേരിയിൽ നിന്നു തന്നെ അഭിപ്രായമുയർന്നതും ശ്രദ്ധേയമായി. എസ്. വേണുഗോപാൽ, ജി.ആർ രാജീവൻ, എം. സലിം, കെ.സി ജോസ് തുടങ്ങിയവരാണ് ആനിയെയും ദേശീയ നേതൃത്വത്തെയും അനുകൂലിച്ചത്.

ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി കൂടിയായ ആനി രാജയ്ക്കെതിരെ നടപടിയെടുക്കണമെന്ന വാദമാണു വിജയമ്മ ലാലി ഉയർത്തിയത്. സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടാണു ശരിയെന്നും രാഷ്ട്രീയ ധാരണ തൊട്ടുതീണ്ടാത്ത പ്രസ്താവന ആനി രാജ നടത്താൻ പാടില്ലായിരുന്നുവെന്നു പറഞ്ഞു ഔദ്യോഗിക പക്ഷത്തെ പിന്തുണച്ച് ഇസ്മയിൽ-പ്രകാശ്പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ രംഗത്തുവന്നു.

കേരളത്തിലെ പാർട്ടിയോട് ആലോചിക്കാതെ ആനി രാജ അഭിപ്രായം പറഞ്ഞതു ഗുരുതരമായ അച്ചടക്കലംഘനമാണെന്നു ചർച്ച ഉപസംഹരിച്ച മുതിർന്ന നേതാവ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായ കെ.ആർ ചന്ദ്രമോഹനൻ പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും ചർച്ചയിൽ പങ്കെടുത്തു.

Content Highlight: Annie Raja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com