ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിന്റെ സമ്മേളനങ്ങളിൽ പാർട്ടി–ഭരണ ബന്ധം സംബന്ധിച്ച നയവും വേർതിരിവും നേതൃത്വം സ്പഷ്ടമാക്കി. ഭരണത്തിൽ കീഴ്ഘടകങ്ങൾ ഇടപെടരുതെന്ന കർശന നിർദേശം പാർട്ടി നൽകിത്തുടങ്ങി. ഇന്നലെ സംസ്ഥാന വ്യാപകമായി ആരംഭിച്ച ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിൽ തന്നെ ഈ നിർദേശം നേതാക്കന്മാർ നൽകണമെന്നു നിർദേശിച്ച സംസ്ഥാന കമ്മിറ്റി ഇതിനായി പ്രത്യേക കുറിപ്പും തയാറാക്കി കൈമാറി.

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കായി ആനുകൂല്യം പ്രതീക്ഷിച്ചു ശുപാർശ ചെയ്യരുത്. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ദൈംനദിന പ്രവർത്തനത്തിൽ പാർട്ടി ഇടപെടരുത്. ജില്ലാ കമ്മിറ്റിക്കു താഴെയുള്ള ഒരു കമ്മിറ്റിയും സർക്കാരിനു നേരിട്ടു കത്തെഴുതരുത്. അഴിമതിക്കെതിരെ ജാഗ്രത പുലർത്തണം. തുടർഭരണം ലഭിച്ച സാഹചര്യത്തിൽ പാർട്ടി അംഗങ്ങളുടെ മനോഭാവം വളരെയധികം മാറണം. സ്ഥലംമാറ്റവും മറ്റും മാനദണ്ഡ പ്രകാരം നടക്കണം. സ്വയം അധികാര കേന്ദ്രങ്ങളാകാൻ ആരെയും അനുവദിക്കരുത്.

കരുവന്നൂർ വിവാദ പശ്ചാത്തലത്തിൽ സഹകരണ മേഖലയിലെ വഴിവിട്ട രീതികൾ യഥാസമയം പരിശോധിച്ചു തിരുത്തണം. പുതിയ ജനവിഭാഗങ്ങളെ പാർട്ടിയുമായി അടുപ്പിക്കേണ്ട ചുമതലയാണു ലോക്കൽ കമ്മിറ്റികൾക്ക്. തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിങ് ശതമാനം നിലനിർത്താനായില്ല. ജയിച്ച ഇടങ്ങളിൽ പോലും തിരിച്ചടിയുണ്ടായി. ഇതിന്റെ കാരണങ്ങൾ കണ്ടെത്തി പരിശോധിക്കണമെന്നും സമ്മേളനങ്ങളിൽ നേതൃത്വം ആവശ്യപ്പെടും. മറ്റു പാർട്ടികളിൽ നിന്നു നേതാക്കന്മാർ വരുമ്പോൾ പാർട്ടിക്കാർക്കുണ്ടാകുന്ന ആശങ്ക ദൂരീകരിക്കും. ഇന്നലെ സംസ്ഥാന വ്യാപകമായി ആരംഭിച്ച ബ്രാഞ്ച് സമ്മേളനങ്ങൾ ഒക്ടോബർ പകുതിയോടെ പൂർത്തിയാകും. തുടർന്നു ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കും. 

English Summary: CPM to impliment strict measures in party forums

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com