ADVERTISEMENT

അമ്പലപ്പുഴ (ആലപ്പുഴ) ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജിനും എംഎൽഎമാർക്കും ഒപ്പം പങ്കെടുത്ത മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംല ബീവിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഡോ. റംല ബീവി കോട്ടയം മെഡ‍ിക്കൽ കോളജ് ആശുപത്രിയിലെത്തി മോണോക്ലോണൽ ആന്റിബോ‍ഡി വാക്സീൻ സ്വീകരിക്കുകയും ചെയ്തു.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡുകളിൽ തുടർച്ചയായുണ്ടായ ഗുരുതര വീഴ്ചകളെ തുടർന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് കോളജ് ഓ‍ഡിറ്റോറിയത്തിൽ അവലോകന യോഗം ചേർന്നത്. ആരോഗ്യ അഡീഷനൽ  ചീഫ് സെക്രട്ടറി ആശ തോമസ്, എംഎൽഎമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ എന്നിവരും ഡോ. റംല ബീവിക്കൊപ്പം വേദിയിലുണ്ടായിരുന്നു.

ഡോ. റംല ബീവി ഉപയോഗിച്ച മൈക്ക് കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, വകുപ്പു മേധാവികൾ, നോഡൽ ഓഫിസർമാർ എന്നിവർ ഉപയോഗിച്ചിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറിയോടൊപ്പം കാറിലാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ യോഗത്തിനെത്തിയത്. വേദിയിൽ ആശ തോമസിനു സമീപമാണ് അവർ ഇരുന്നതും. 75 പേർ യോഗത്തിൽ പങ്കെടുത്തിരുന്നു.

മോണോക്ലോണൽ ആന്റിബോഡി

കൊറോണ വൈറസ് ആധിക്യം കുറയ്ക്കാനും വേഗത്തിൽ കോവിഡ് നെഗറ്റീവ് ആകാനും നൽകുന്നതാണ് മോണോക്ലോണൽ ആന്റിബോഡി. പല സർക്കാർ ആശുപത്രികളിലും ഈ ആന്റിബോഡി ലഭ്യമാണ്. സ്വകാര്യ ആശുപത്രികളിൽ 60,000–ഒരു ലക്ഷം രൂപയാണ് വില. കോവി‍ഡ് തീവ്രമാകാൻ സാധ്യതയുള്ളവർക്കാണ് ഇതു നൽകാറുള്ളത്. പോസിറ്റീവായി 3 ദിവസത്തിനകം (പരമാവധി 10 ദിവസം) നൽകണമെന്നാണു വിദഗ്ധ നിർദേശം. എന്നാൽ, കോവി‍ഡ് തീവ്രമായശേഷം നൽകരുത്.

Content Highlight: Medical education director covid positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com