ADVERTISEMENT

തിരുവനന്തപുരം ∙ ജയിലിനുള്ളിൽ നിന്നു തടവുകാരുടെ മൊബൈൽ ഫോൺ വിളി വിവാദമായിരിക്കെ, തടയാൻ ഇനി ജാമറുകൾ വയ്ക്കേണ്ടതില്ലെന്നു തീരുമാനം. ജാമറുകൾ കൊണ്ടു കാര്യമില്ലെന്നു കണ്ടാണിത്.  കേരളത്തിലെ ജയിലുകളിൽ 3ജി സിം ഉപയോഗിക്കുന്ന മൊബൈൽ ഫോൺ സിഗ്നൽ തടയാനുള്ള ജാമർ ഏതാനും വർഷം മുൻപു സ്ഥാപിച്ചതാണ്. അതെല്ലാം നശിപ്പിച്ച തടവുകാർ ഇപ്പോൾ മൊബൈലിൽ ഉപയോഗിക്കുന്നതു 4 ജി സിം കാർഡുകളാണ്.

ഇതു തടയാനുള്ള ജാമർ സ്ഥാപിക്കാൻ മാസങ്ങളെടുക്കും. അപ്പോഴേക്കും തടവുകാർ 5ജി സിം ഉപയോഗിച്ചു തുടങ്ങും. തിഹാർ ജയിലിൽ 4ജി സിം കാർഡ് ഉപയോഗിച്ചുള്ള ഫോൺ വിളി തടയാൻ സ്ഥാപിച്ച ജാമറുകൾ ഫലപ്രദമല്ലെന്നും കണ്ടെത്തി. മുൻപു തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ ജയിലുകളിൽ ജാമർ വച്ചപ്പോൾ സമീപ പ്രദേശങ്ങളിൽ നെറ്റ്‌വർക് ലഭിക്കുന്നില്ലെന്ന പരാതി വന്നിരുന്നു.

മണ്ണിനടിയിൽ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ കണ്ടെത്താൻ ലീനിയർ ജം‌ക്‌ഷൻ ഡിറ്റക്ടറുകൾ വാങ്ങാൻ ജയിൽ വകുപ്പ് തീരുമാനിച്ചു. 15 സെന്റി മീറ്റർ താഴ്ചയിൽ കുഴിച്ചിട്ട ഫോണുകൾ ഇപ്രകാരം കണ്ടെത്താം. പക്ഷേ  2 തവണ ടെൻഡർ വിളിച്ചെങ്കിലും ആരും വന്നില്ല. തടവുകാർ ഫോൺ കയ്യിൽ വച്ചു  വിളിക്കുമ്പോൾ ഭൂമിക്കടിയിലെ ഫോൺ കണ്ടെത്താൻ യന്ത്രം വാങ്ങിയിട്ട് എന്തു പ്രയോജനം എന്ന ചോദ്യവും ഉയരുന്നു.

ഡ്രോൺ ആലോചനയിൽ

ജയിലിനു മുകളിൽ ഡ്രോൺ പറത്തി തടവുകാരുടെ ഫോൺ വിളി നിരീക്ഷിക്കാൻ ആലോചനയുണ്ടെന്നു ജയിൽ മേധാവി ഷേക്ക് ദർവേഷ് സാഹിബ് പറഞ്ഞു. എന്നാൽ തടവുകാർ സെല്ലിനു പുറത്തിറങ്ങി വിളിച്ചാലേ ഇതു കണ്ടെത്താൻ കഴിയൂ. അകത്തു റേഞ്ച് കിട്ടാത്തതിനാൽ പുറത്തിറങ്ങി വിളിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.

തിഹാർ ജയിലിൽ പരീക്ഷിക്കുന്ന ‘ഡോമിനന്റ് ടവർ’ എന്ന ആശയവും പരിഗണനയിലാണ്. അവിടെ 400 ഏക്കറോളമുള്ള വളപ്പിൽ ഓരോ സേവനദാതാവിന്റെയും ടവർ സ്ഥാപിച്ചു പുറത്തേക്കുള്ള മൊബൈൽ സിഗ്നൽ തടയുന്ന സംവിധാനമാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com