ADVERTISEMENT

തിരുവനന്തപുരം∙ പുനർഗേഹം പദ്ധതിയിൽ പുതിയ വീടുകളിലേക്കു മാറുന്ന മത്സ്യത്തൊഴിലാളികൾ തീരത്തെ തങ്ങളുടെ സ്ഥലം വിട്ടൊഴിയേണ്ട. അവിടെയുള്ള വീട് പൊളിച്ചു കളയണമെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തുടരാം. ഇവിടെ നിർമാണം ഒഴികെയുള്ള പ്രവർത്തനങ്ങൾ നടത്താം.

പുനർഗേഹം പദ്ധതിയുടെ പ്രയോജനം കൂടുതൽ പേർക്കു ലഭിക്കുന്നതിനായി നിബന്ധനകളിൽ ഇളവു വരുത്തിയെന്നു മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണു തീരുമാനമെടുത്തത്.

വേലിയേറ്റ രേഖയുടെ 50 മീറ്റർ പരിധിക്കകത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന ഫിഷറീസ് വകുപ്പിന്റെ പദ്ധതിയാണു പുനർഗേഹം. 18,685 കുടുംബങ്ങളെയാണു മാറ്റിപ്പാർപ്പിക്കേണ്ടത്. എന്നാൽ 7716 കുടുംബം മാത്രമാണു മാറാൻ സന്നദ്ധത അറിയിച്ചത്. മറ്റുള്ളവർ ഉയർത്തിയ ആശങ്കയ്ക്കാണു സർക്കാർ പരിഹാരം കണ്ടത്. 

 സ്ഥലം വാങ്ങുമ്പോൾ റജിസ്ട്രേഷൻ ഫീസ് മത്സ്യത്തൊഴിലാളികൾ തന്നെ അടയ്ക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ട് യോഗം ചർച്ച ചെയ്തു. ഫീസ് ഒഴിവാക്കുന്ന കാര്യം മന്ത്രിസഭ ചർച്ച ചെയ്യും. 

തീര മേഖലയിലെ റവന്യു ഭൂമി സർക്കാർ പദ്ധതികൾക്കു വിനിയോഗിക്കുമ്പോൾ പുനർഗേഹം പദ്ധതിക്കു മുൻഗണന കൊടുക്കും. എംഎൽഎമാരുടെ സഹായത്തോടെ കൂടുതൽ സ്ഥലം കണ്ടെത്തും.

നിലവിലെ വീട് പൊളിച്ചുനീക്കണം; പലിശ നിബന്ധന‌ ഒഴിവാക്കി

നിലവിൽ താമസിച്ചു വരുന്ന സ്ഥലത്തെ വീട് നിർബന്ധമായും പൊളിച്ചു നീക്കണം. ഇവിടം കൃഷി ചെയ്യാനോ, മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കാനോ ഉപയോഗിക്കാം. നിർമാണം അനുവദിക്കില്ല. സർക്കാർ നൽകുന്ന 10 ലക്ഷം രൂപയ്ക്കു വീടും സ്ഥലവും വാങ്ങുമ്പോൾ വീട് 500 ചതുരശ്രയടി വേണമെന്ന നിബന്ധനയിലും ഇളവു വരുത്തി. കുറഞ്ഞതു 400 ചതുരശ്രമീറ്റർ വിസ്തീർണം മതി. പണം നൽകി ഒരു വർഷത്തിനകം നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ 18% പലിശ ഈടാക്കുമെന്ന നിബന്ധനയും ഒഴിവാക്കി.

English Summary: Ownership of old land near coast will not lapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com