ADVERTISEMENT

തിരുവനന്തപുരം ∙ പത്താം ക്ലാസ് യോഗ്യത വേണ്ട പ്രാഥമിക പരീക്ഷയിൽ ഉൾപ്പെട്ട 192 തസ്തികകളുടെ അർഹതാ പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി. 14 ജില്ലകളിലേക്കുള്ള എൽഡി ക്ലാർക്ക് തസ്തികയുടെയും സെക്രട്ടേറിയറ്റ്, പിഎസ്‍സി ഓഫിസ് അറ്റൻഡന്റ് തസ്തികയുടെയും അർഹതാ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. സംസ്ഥാനതല പട്ടികകൾ ഇന്നലെ പ്രസിദ്ധീകരിച്ചു.

ജില്ലാ തലത്തിലുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് അടക്കമുള്ള മറ്റു തസ്തികകളുടെ പട്ടികകൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾ പിഎസ്‍സി വെബ്സൈറ്റിൽ. നവംബർ,ഡിസംബർ മാസങ്ങളിലായി നടക്കുന്ന അന്തിമ പരീക്ഷ എഴുതാൻ അർഹത നേടിയവരുടെ പട്ടികയാണു പ്രസിദ്ധീകരിക്കുന്നത്.

പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഉദ്യോഗാർഥികളുടെ എണ്ണത്തിന്റെ ആറിരട്ടിയെങ്കിലും പേരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. സംവരണ വിഭാഗങ്ങളെയും ആവശ്യമായ തോതനുസരിച്ച് ഉൾപ്പെടുത്തും.

ഭിന്നശേഷിക്കാർ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾക്ക് അർഹരായവരെ അപേക്ഷാ സമർപ്പണ സമയത്ത് അവർ അവകാശപ്പെട്ട അടിസ്ഥാനത്തിലാണ് അർഹതാ പട്ടികയിൽ ഉൾപ്പെടുത്തിയത്. അന്തിമ പരീക്ഷയ്ക്കു ശേഷം നടക്കുന്ന പ്രമാണ പരിശോധനയിൽ അവകാശവാദം തെറ്റെന്നു ബോധ്യപ്പെട്ടാൽ അവരെ ഒഴിവാക്കും.

കഴിഞ്ഞ ഫെബ്രുവരി,മാർച്ച്,ജൂലൈ മാസങ്ങളിൽ അഞ്ചു ഘട്ടങ്ങളിലായി നടന്ന പരീക്ഷ 15 ലക്ഷത്തോളം പേരാണ് എഴുതിയത്. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടന്നതിനാൽ മാർക്ക് സമീകരണം നടത്തിയാണു മൂല്യനിർണയം പൂർത്തീകരിച്ചത്. ലക്ഷക്കണക്കിന് അപേക്ഷകൾ ലഭിക്കുന്ന സമാന യോഗ്യതയുള്ള തസ്തികകളിലേക്ക് പ്രാഥമിക പരീക്ഷയും തുടർന്ന് ഓരോ തസ്തികയ്ക്കും ജോലി സ്വഭാവം അനുസരിച്ചുള്ള അന്തിമ പരീക്ഷയും നടത്തണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് പുതിയ പരിഷ്കരണത്തിലൂടെ പിഎസ്‍സി നടപ്പാക്കുന്നത്.

പ്രാഥമിക പരീക്ഷയിൽ അർഹത നേടിയവർ കാറ്റഗറി അനുസരിച്ച് അന്തിമ പരീക്ഷ എഴുതണം. ജോലി സ്വഭാവമനുസരിച്ച് 11 വിഭാഗങ്ങളായി തിരിച്ചു പരീക്ഷകളുടെ തീയതിയും വിശദ സിലബസും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary: PSC list on LD clerk to be published today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com