ADVERTISEMENT

തിരുവനന്തപുരം ∙ കിട്ടാക്കടം ഈടാക്കുന്നതിനുള്ള ജപ്തി നടപടികളുടെ ചുമതല വില്ലേജ് ഓഫിസർമാർക്കു നൽകുന്ന പട്ടികയിൽ കേരള ബാങ്കിനെക്കൂടി ഉൾപ്പെടുത്തി കേരള റവന്യു റിക്കവറി നിയമത്തിൽ മാറ്റം വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള കേരള ബാങ്കിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ഈ വിജ്ഞാപനത്തിന്റെ പരിധിയിൽ വരും. 

1968ലെ ഈ നിയമപ്രകാരം പൊതു, വാണിജ്യ ബാങ്കുകളെയെല്ലാം അതതു സമയത്തു പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കെഎസ്ആർടിസി, സിവിൽ സപ്ലൈസ് കോർപറേഷൻ ഉൾപ്പെടെയുള്ള 132 സ്ഥാപനങ്ങളുടെ പണം പിരിക്കാൻ വില്ലേജ് ഓഫിസർമാരെ വിജ്ഞാപനത്തിലൂടെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ കുടിശിക പിരിക്കാനുള്ളതാണു നിയമം എങ്കിലും വകുപ്പ് 71 പ്രകാരം മറ്റേതെങ്കിലും പൊതു സ്ഥാപനത്തിനു സർക്കാരിതര സ്ഥാപനങ്ങളും വ്യക്തികളും നൽകാനുള്ള കുടിശികകൾ പിരിച്ചെടുക്കുന്നതിനും വിജ്ഞാപനം ഇറക്കാം. സ്വകാര്യ സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ കുടിശിക 5 ലക്ഷം വരെയെങ്കിലും ഈടാക്കിയാൽ തുകയുടെ 5 ശതമാനവും 5 ലക്ഷത്തിനുമുകളിലെങ്കിൽ 7.5 ശതമാനവും കലക്‌ഷൻ ചാർജായി സർക്കാരിനു ലഭിക്കും. 

റവന്യു റിക്കവറി നിയമപ്രകാരമുള്ള കുടിശികകൾ ജപ്തി നടപടികളിലൂടെ പിരിക്കുന്നതിനുള്ള ചുമതല കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർക്കാണുള്ളത്. ഇത്തരത്തിൽ ബാങ്കിന്റെ കുടിശിക പിരിക്കണമെങ്കിൽ ബാങ്ക് മാനേജർ കലക്ടറെ അറിയിച്ചാൽ മതി. ജപ്തി നടപടികൾ വഴി വില്ലേജ് ഓഫിസർമാർ പണം ഈടാക്കി ബാങ്കുകളുടെ അക്കൗണ്ടിൽ അടയ്ക്കും.

കേരള ബാങ്കിൽ നിന്നു 10 ലക്ഷം റവന്യു റിക്കവറി കേസുകൾ വില്ലേജ് ഓഫിസുകളിലേക്ക് എത്തുമെന്നാണു റവന്യു വകുപ്പിന്റെ കണക്കുകൂട്ടൽ. വില്ലേജ് ഓഫിസുകളിൽ 5 ജീവനക്കാരാണുള്ളത്. പുതിയ ചുമതല കൂടി വരുമ്പോൾ അവരുടെ ജോലി ഭാരം വർധിക്കുന്നതിനൊപ്പം സാധാരണക്കാരുടെ മറ്റ് ആവശ്യങ്ങൾക്കു കാലതാമസവും നേരിടും.

English Summary: Village officers given charge of attachment procedures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com