ഗ്രാവിറ്റിയുടെ ദൂതൻ; പ്രഫ. താണു പത്മനാഭന്റെ മുഖ്യസംഭാവന ഗുരുത്വബലത്തിൽ

astrophysicist-thanu-padmanabhan
താണു പത്മനാഭൻ
SHARE

വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനും ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും പുകൾപെറ്റ ഭൗതികശാസ്ത്രജ്ഞൻമാരിലൊരാളുമായ ജയന്ത് വിഷ്ണു നാർലികറിന്റെ ശിഷ്യൻ. ഈ ഒരൊറ്റ അഡ്രസ് മതിയായിരുന്നു പ്രഫ.താണു പത്മനാഭന്റെ മികവിനെ അടയാളപ്പെടുത്താൻ. ഇപ്പോഴും നാർലികറിന്റെ ഏറ്റവും പ്രശസ്തനായ ശിഷ്യൻ താണു തന്നെ.

ചെറുപ്പത്തിൽ തന്നെ ഗണിതശാസ്ത്രത്തിൽ അസാമാന്യ മികവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇതാണ് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ ഗവേഷണത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഒൻപതിൽ പഠിക്കുമ്പോഴേ താണു പത്മനാഭൻ കാൽക്കുലസ് മനസ്സിലാക്കിയിരുന്നു. ഗണിതത്തിൽ കമ്പമുണ്ടായിരുന്ന അച്ഛൻ നൽകിയ, ജ്യേഷ്ഠദേവന്റെ  ‘യുക്തിഭാഷ’ എന്ന പ്രാചീന ഗണിതശാസ്ത്ര ഗ്രന്ഥത്തിൽ നിന്നാണ് കാൽക്കുലസ് പഠിച്ചത്. ഗണിതത്തിനോടുള്ള ഈ അഗാധപ്രണയം ഭൗതികശാസ്ത്രത്തിലേക്കു മാറാൻ കാരണമായത് ‘ഫെയ്ൻമാൻ ലക്ചേഴ്സ് ഓൺ ഫിസിക്സ്’ എന്ന ഗ്രന്ഥമാണ്.

പത്മനാഭനെ എൻജിനീയർ ആക്കാനായിരുന്നു ബന്ധുക്കൾക്കു താൽപര്യം. എന്നാൽ, ഫിസിക്സ് ഗവേഷണത്തിനുള്ള താൽപര്യം രക്ഷിതാക്കൾ അംഗീകരിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ബിഎസ്‌സി, എംഎസ്‌സി ബിരുദങ്ങൾ സ്വർണമെഡലോടെ നേടി. ബിരുദ പഠനകാലത്ത് തന്നെ ആദ്യത്തെ ഗവേഷണ പ്രബന്ധം രചിച്ചു.

ബിരുദാനന്തര ബിരുദത്തിനു ശേഷം മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർചിലെത്തി. ഇവിടെയാണു നാർലികറിനു കീഴിൽ ഗവേഷണം ചെയ്യാൻ അവസരം ലഭിച്ചത്. 1983 ൽ പിഎച്ച്ഡി നേടിയിട്ടും അണയാത്ത ഗവേഷണ താൽപര്യം പത്മനാഭനെ കേംബ്രിജ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനെത്തിച്ചു. തുടർന്ന് അവിടെ അധ്യാപകനായി. 1992 ൽ അയുകയിൽ അധ്യാപകനായി.

പിന്നീട് രാജ്യാന്തര പ്രശസ്തിയിലേക്കുള്ള ഉയർച്ച. 2020 ൽ സ്റ്റാൻഫഡ് സർവകലാശാല പുറത്തിറക്കിയ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ ലോകത്തെ ഏറ്റവും മികച്ച 25 ശാസ്ത്രജ്ഞരുടെ പട്ടികയിൽ പത്മനാഭനും ഉൾപ്പെടുന്നു. ഔന്നത്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഒരേസമയം കഠിനാധ്വാനത്തിന്റെയും പ്രതിഭയുടെയും സമ്മേളനമായിരുന്നു.

പാഡി എന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും വിളിക്കുന്ന പ്രഫ.താണു 295 രാജ്യാന്തര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ഇൗ വർഷത്തെ ശാസ്ത്ര പുരസ്കാര ജേതാവാണ്. ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമിയുടെ യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം, ദ് വേൾഡ് അക്കാദമി ഓഫ് സയൻസസിന്റെ പ്രൈസ് ഇൻ ഫിസിക്സ്, ഇൻഫോസിസ് പ്രൈസ്, എം.പി.ബിർല അവാർഡ്, തോംസൺ റോയിട്ടേഴ്സ് അവാർഡ് തുടങ്ങി ഒട്ടേറെ ഉന്നതമായ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

കടുകട്ടിയായ ശാസ്ത്രഗവേഷണങ്ങളിൽ മുന്നേറുമ്പോഴും ശാസ്ത്രം പ്രചരിപ്പിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. 13 ഗ്രന്ഥങ്ങൾ, സ്റ്റോറി ഓഫ് ഫിസിക്സ് എന്ന പേരിൽ കുട്ടികൾക്കായി ഒരു ഗ്രാഫിക് നോവൽ, ഇരുന്നൂറിലധികം ശാസ്ത്ര പ്രഭാഷണങ്ങൾ എന്നിവ തിരക്കുപിടിച്ച ജീവിതത്തിനിടയിലും അദ്ദേഹം പൂർത്തിയാക്കി. ഗ്രന്ഥങ്ങളിൽ ശാസ്ത്രത്തിന്റെ മുന്നേറ്റം വിവരിക്കുന്ന ഡോൺ ഓഫ് സയൻസ് (2019), ക്വാണ്ടം മെക്കാനിക്സിന്റെ ഭംഗി സാധാരണക്കാർക്കു മനസ്സിലാക്കിക്കൊടുക്കുന്ന ക്വാണ്ടം തീംസ്:ദ് ചാംസ് ഓഫ് മൈക്രോവേൾഡ് എന്നിവയൊക്കെ ശ്രദ്ധേയമായിരുന്നു.

ഇന്ത്യൻ ശാസ്ത്രജ്ഞർ ഒരുമിക്കണമെന്ന സ്വപ്നം

രാജ്യാന്തര തലത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ ഒരുമിക്കണമെന്നത് പ്രഫ.താണു പത്മനാഭന്റെ ആഗ്രഹമായിരുന്നു. തന്റെ സമകാലികനും ഒന്നിലേറെ തവണ നൊബേലിന്റെ പടിവാതിൽക്കലെത്തി അവസരം നഷ്ടപ്പെട്ട ഭൗതികശാസ്ത്രജ്ഞനുമായ ഡോ. ഇ.സി.ജി സുദർശന് 2 തവണയെങ്കിലും നൊബേൽ ലഭിക്കേണ്ടതായിരുന്നെന്ന് ഒരിക്കൽ താണു പറഞ്ഞിരുന്നു.

ഇന്ത്യൻ ശാസ്‌ത്രസമൂഹത്തിന് രാജ്യാന്തര തലത്തിൽ ഒരുമിച്ചു നിൽക്കാൻ സാധിക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ കൂട്ടത്തിലുള്ളവരെ പിന്തുണയ്‌ക്കാനും ശാസ്‌ത്ര ലോകത്തെ ഇന്ത്യൻ സംഭാവനകൾ ധരിപ്പിക്കാനും കഴിയുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഉറക്കം കെടുത്തിയ ഗുരുത്വബലം

ഗുരുത്വബലത്തിന്റെ ക്വാണ്ടം സവിശേഷതകൾ പഠിക്കുന്ന ക്വാണ്ടം ഗ്രാവിറ്റിയായിരുന്നു പ്രഫ. താണുവിന്റെ പ്രധാന പഠനമേഖല. അസ്ട്രോഫിസിക്സ്, കോസ്മോളജി എന്നിവയിലും മികവു പുലർത്തിയെങ്കിലും ഗുരുത്വബലം തന്നെയാണ് അദ്ദേഹത്തിന്റെ ചിന്തകളെ നയിച്ചത്.

2000 മുതൽ ക്വാണ്ടം ഗ്രാവിറ്റിയിൽ പഠനഗവേഷണങ്ങൾ നടത്തിയ അദ്ദേഹം ഗുരുത്വബലത്തിനെക്കുറിച്ചുള്ള ധാരണയ്ക്കു പുതിയ മാനം നൽകി. ഇലാസ്തികത പോലെ ഒരു എമർജന്റ് പ്രതിഭാസമാണ് ഗുരുത്വബലമെന്ന ആശയത്തിലേക്ക് അതെത്തിച്ചു.

ഐൻസ്റ്റൈനിലൂടെ  ഗ്രാവിറ്റിയെ സംബന്ധിച്ച ന്യൂട്ടോണിയൻ സിദ്ധാന്തം പരിഷ്കരിക്കപ്പെടുകയും സ്പേസ്–ടൈം ഘടനയിലെ വക്രത എന്ന നിലയിൽ ഗ്രാവിറ്റി വിഭാവനം ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ, ക്വാണ്ടം മെക്കാനിക്സിന്റെ നിയമങ്ങൾ ബാധകമായ പരമാണുവിനുള്ളിലെ സൂക്ഷ്മതലത്തിൽ ഇതെങ്ങനെ പ്രാവർത്തികമാകും എന്നതായിരുന്നു ഭൗതികശാസ്ത്രജ്ഞരുടെ മുന്നിലുള്ള പ്രധാന സമസ്യ. താണു പത്മനാഭൻ പ്രധാനമായും സംഭാവനകൾ നൽകിയത് ഈ മേഖലയിലാണ്. തമോർജത്തെക്കുറിച്ചും (ഡാർക് എനർജി) അദ്ദേഹം ഒട്ടേറെ പഠനങ്ങൾ നടത്തി.

Content Highlight: Thanu Padmanabhan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA