ADVERTISEMENT

തിരുവനന്തപുരം ∙ അധികാരവികേന്ദ്രീകരണം നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം വരുമാനമായ ഏകദേശം 500 കോടിയിലേറെ രൂപയുടെ തനതു ഫണ്ടിൽ സംസ്ഥാന സർക്കാർ പിടിമുറുക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ 10 വർഷം മുൻപു നൽകിയ അനുമതി അടുത്ത സാമ്പത്തിക വർഷം മുതൽ പിൻവലിക്കുമെന്നു ധനകാര്യ വകുപ്പ് വ്യക്തമാക്കി. പകരം ഇതു സ്പെഷൽ ട്രഷറി സേവിങ്സ് ബാങ്ക് (എസ്ടിഎസ്ബി) അക്കൗണ്ടിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ട് ധനവകുപ്പ് സർക്കുലർ ഇറക്കി. എസ്ടിഎസ്ബി അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കുന്നതിനു നിയന്ത്രണങ്ങൾ ബാധകമല്ല. ഇക്കാര്യത്തിൽ തുടർനിർദേശങ്ങൾ ധനവകുപ്പ് തന്നെ നൽകുമെന്നും മറ്റു വകുപ്പുകൾ നൽകരുതെന്നും സർക്കുലറിൽ ഉണ്ട്. 

2011 മേയിൽ അന്നത്തെ യുഡിഎഫ് സർക്കാരാണ് തനതു ഫണ്ട് ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കാൻ അനുവദിച്ചത്. സംസ്ഥാനത്തെ 941 പഞ്ചായത്തുകൾ, 87 നഗരസഭകൾ, ആറ് കോർപറേഷനുകൾ എന്നിവയുടെ കെട്ടിടനികുതി, തൊഴിൽ നികുതി, കെട്ടിട വാടക വരുമാനം തുടങ്ങിയവയാണു തനതു ഫണ്ട്. ഇത് ഉപയോഗിച്ചാണു ദൈനംദിന പ്രവർത്തനങ്ങൾ. കോവിഡ് കാലത്ത് നികുതി വരുമാനം ഗണ്യമായി കുറഞ്ഞിട്ടും പ്രതിരോധ പ്രവർത്തനങ്ങൾക്കു തദ്ദേശസ്ഥാപനങ്ങൾക്ക് ഏക ആശ്രയം തനതു ഫണ്ടായിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തികസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ തീരുമാനം. 

തദ്ദേശ വകുപ്പുമായി പോലും കൂടിയാലോചന ഇല്ലാതെയാണു ധനവകുപ്പ് സർക്കുലർ ഇറക്കിയതെന്നു സൂചനയുണ്ട്. നിലവിൽ കേന്ദ്ര സർക്കാരിൽ നിന്നു പഞ്ചായത്തുകൾക്കുള്ള പദ്ധതിവിഹിതം അതാതു പഞ്ചായത്തുകളുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നിർദേശമുണ്ട്. മുൻപ് ഇതു ട്രഷറിയിൽ സൂക്ഷിച്ച ശേഷം പദ്ധതിയുടെ പ്രവൃത്തികളുടെ ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് ഫണ്ട് നൽകുകയായിരുന്നു. എന്നാൽ, ഗുണഭോക്താക്കൾക്കും പഞ്ചായത്തുകൾക്കുമുള്ള വിഹിതം നേരിട്ടു നൽകണമെന്ന നിർദേശം വന്നതോടെ  ഈ ഫണ്ട് ട്രഷറിയിൽ നിന്നു മാറ്റാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായി. സംസ്ഥാന വിഹിതം മാത്രമാണ് ഇപ്പോൾ ട്രഷറി വഴി നൽകുന്നത്. നിലവിൽ സംസ്ഥാനത്തെ നഗരസഭകളിൽ നിന്നു വിരമിച്ച ജീവനക്കാർക്കു പെൻഷൻ ഇനത്തിൽ സർക്കാർ നൽകാനുള്ള കുടിശിക 650 കോടി രൂപയാണ്. 

സഹകരണമേഖലയ്ക്കു തിരിച്ചടി?

തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട് സൂക്ഷിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ട്രഷറിയിലേക്കു മാറ്റുന്നതു മൂലം ഏറ്റവും വലിയ തിരിച്ചടി സഹകരണമേഖലയിലാകും. 70 ശതമാനത്തിലേറെ അക്കൗണ്ടുകൾ സഹകരണ ബാങ്കുകളിലാണെന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com