ADVERTISEMENT

തിരുവനന്തപുരം / ആലപ്പുഴ ∙ സ്കൂളുകൾ നവംബർ ഒന്നിനു തുറക്കുമ്പോൾ യൂണിഫോം നിർബന്ധമാക്കില്ല. സ്കൂളുകളിൽ ഉച്ചഭക്ഷണമുണ്ടാകില്ല; പകരം അലവൻസ് നൽകും. സ്കൂളിലിരുന്ന് ഉച്ചഭക്ഷണം കഴിക്കാനും അനുവദിക്കില്ല. കുട്ടികൾ ഭക്ഷണം പങ്കിടുന്നത് ഒഴിവാക്കാനാണിത്. സ്കൂൾ പരിസരങ്ങളിലെ ഭക്ഷണശാലകളിൽ ഭക്ഷണം പങ്കിടുന്നതും തടയും. 

ചെറിയ രോഗലക്ഷണങ്ങളെങ്കിലുമുള്ള കുട്ടികളെ ക്ലാസിലേക്കു വരുത്തില്ല. ആദ്യ ഘട്ടത്തിൽ ഭിന്നശേഷി വിദ്യാർഥികളും എത്തേണ്ടതില്ല. അന്തിമ മാർഗരേഖ 5 ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദേശത്തുനിന്നുള്ള പ്രായോഗിക മാതൃകകളും മാർഗരേഖയിൽ ഉൾപ്പെടുത്തും.

മന്ത്രിതലത്തിലും ജില്ലാ, സ്കൂൾ തലങ്ങളിലും യോഗങ്ങൾ ചേരുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളെ സ്കൂളിൽ അയയ്ക്കാൻ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും. സ്കൂളിൽ ശരീരോഷ്മാവും ഓക്സിജൻ അളവും പരിശോധിക്കും. ക്ലാസ് മുറിക്കു മുന്നിൽ സോപ്പും വെള്ളവും ഉണ്ടാവും. ഒരു ബെഞ്ചിൽ 2 കുട്ടികളെ വീതമേ ഇരുത്തൂ. കൂട്ടം കൂടാൻ അനുവദിക്കില്ല. 10– 20 കുട്ടികളുടെ വീതം ചുമതല ഓരോ അധ്യാപകർക്കു നൽകും.

ഓട്ടോറിക്ഷകളിൽ 2 കുട്ടികളെ വീതമേ അനുവദിക്കൂ. ഇക്കാര്യം യൂണിയനുകളുമായി ചർച്ച ചെയ്യും. യാത്രയ്ക്കായി കെഎസ്ആർടിസിയുമായി ചേർന്നു സംവിധാനമുണ്ടാക്കും. സ്കൂൾ ബസുകൾ മിക്കതും തകരാറിലാണ്. അവ ശരിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ സംവിധാനമുണ്ടാകും. രക്ഷാകർത്താക്കൾക്ക് ഓൺലൈൻ ബോധവൽക്കരണം നടത്തും. സ്കൂൾ പരിസരവും ശുചിമുറികളും വൃത്തിയാക്കാൻ സന്നദ്ധസേവകരുടെയടക്കം സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.യുനിസെഫ് ഉൾപ്പെടെയുള്ള ഏജൻസികളുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചർച്ച ചെയ്താണ് നിർദേശങ്ങൾ അന്തിമമാക്കുന്നത്.

പ്രധാനാധ്യാപക നിയമനത്തിന് ശ്രമം: മന്ത്രി

ആലപ്പുഴ ∙ ഒട്ടേറെ സ്കൂളുകളിൽ പ്രധാനാധ്യാപകർ ഇല്ലെന്ന പരാതി ശരിയാണെന്നും സ്കൂൾ തുറക്കും മുൻപു പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്ഥാനക്കയറ്റം നടക്കാത്തതിനു കാരണം അധ്യാപകർ തന്നെയാണ്. ഹൈക്കോടതിയിലുള്ള അയ്യായിരത്തിലേറെ കേസുകളിൽ കൂടുതലും സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ടവയാണ്.

English Summary: Kerala govt preparations to reopen schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com