ADVERTISEMENT

പാലക്കാട് ∙ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന വ്യാജ ഓൺലൈൻ റിക്രൂട്മെന്റ് ഏജൻസികൾക്കെതിരെ ജാഗ്രത വേണമെന്നു പൊലീസ് നിർദേശിച്ചു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത മുന്നൂറിലേറെ കേസുകളിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. 7,000 മുതൽ 20,000 രൂപ വരെ നഷ്ടമായവരുണ്ട്. 

റെയിൽവേ, ദേശസാൽകൃത ബാങ്കുകൾ, കേന്ദ്ര–സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒഴിവുണ്ടെന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണു തട്ടിപ്പ്. സ്ഥാപനങ്ങളുടെ പേരുകളോടു സാമ്യമുള്ള വ്യാജ വെബ്സൈറ്റുകളും ഇമെയിൽ ഐഡിയും നൽകി കബളിപ്പിക്കും. പലരും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റാണെന്നു കരുതി റജിസ്റ്റർ ചെയ്യും. ഇതോടെ മൊബൈലിലേക്കു വിളിച്ച് ഓൺലൈൻ വഴി പണം അടയ്ക്കാൻ ആവശ്യപ്പെടും. വ്യക്തിവിവരങ്ങളും ചോർത്തും. 

പൊലീസ്, കേന്ദ്രസേനകളിൽ റിക്രൂട്മെന്റ് നടത്തുന്നുവെന്ന പേരിൽ ഓൺലൈനിൽ വ്യാജ പരസ്യം നൽകി പണം തട്ടിയ 2 പേരെ പാലക്കാട്ട് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്തു വരുമാനം നേടാമെന്ന പേരിലും പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിൽ ഡെലിവറി ബോയ് ജോലി ഒഴിവുണ്ടെന്ന പേരിലും മൊബൈൽ സന്ദേശം അയച്ചു പണം തട്ടിയ കേസുകളും അന്വേഷിച്ചുവരികയാണ്. 

പാലക്കാട്, കോഴിക്കോട്, എറണാകുളം ജില്ലകളിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ഒഴിവുണ്ടെന്നു കാണിച്ച് ഈയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശം വ്യാജമാണെന്നു തെളിഞ്ഞു. ആശുപത്രി അധികൃതരുടെ പരാതിയിൽ അന്വേഷണം തുടങ്ങി.

ആധികാരികത ഉറപ്പാക്കണം: എഡിജിപി

ജോലി ഒഴിവുകൾ സംബന്ധിച്ചു സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾ ആധികാരിക ഉറപ്പു വരുത്താതെ ഫോർവേഡ് ചെയ്യരുതെന്നു സൈബർഡോമിന്റെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം നിർദേശിച്ചു. സംസ്ഥാനത്തു ലഭിച്ച പരാതികളിൽ കൂടുതലും വാട്സാപ് വഴി ലഭിച്ച വ്യാജ സന്ദേശങ്ങളായിരുന്നു വില്ലൻ. സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ്, മാധ്യമങ്ങൾ, അംഗീകൃത ഏജൻസികൾ എന്നിവ വഴിയല്ലാതെ എത്തുന്ന പരസ്യങ്ങളുടെ ആധികാരിക ഉറപ്പു വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

English Summary: Online job frauds Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com