തിരുവനന്തപുരം ∙ രാഷ്ട്രീയകാര്യ സമിതി അംഗത്വത്തിനു പിന്നാലെ, എഐസിസി അംഗത്വവും മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ രാജിവച്ചു. കേരളത്തിലുള്ള എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവർ, സുധീരന്റെ വസതിയിലെത്തി അനുരഞ്ജന ചർച്ച നടത്തി. രാജി പിൻവലിക്കണമെന്ന അഭ്യർഥന സുധീരൻ നിരസിച്ചു. മാധ്യമങ്ങളെ കണ്ട സുധീരൻ സംസ്ഥാന നേതൃത്വത്തിന്റേതു ‘തെറ്റായ ശൈലിയും അനഭിലഷണീയ പ്രവണതകളും’ ആണെന്നു തുറന്നടിച്ചു.
കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതി അംഗത്വം ഒഴിഞ്ഞുള്ള കത്ത് സംസ്ഥാന നേതൃത്വത്തിനു നൽകിയതിനൊപ്പം എഐസിസി അംഗത്വം രാജിവച്ചു സോണിയ ഗാന്ധിക്കും സുധീരൻ കത്ത് അയച്ചിരുന്നു. രാജിയിലേക്കു നയിച്ച കാരണങ്ങൾ വിശദമായി സോണിയയ്ക്കുള്ള കത്തിൽ പ്രതിപാദിച്ചു.
ഡിസിസി പ്രസിഡന്റുമാരുടെയും തുടർന്നു കെപിസിസി ഭാരവാഹികളുടെയും നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന നടന്നില്ല. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടും പ്രശ്നപരിഹാരത്തിനു ശ്രമം നടക്കാത്തതിനാലാണു പദവികൾ ഒഴിയുന്നതെന്നു കോൺഗ്രസ് ഹൈക്കമാൻഡിനെ സുധീരൻ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ രാജി പിൻവലിക്കാനാവില്ലെന്നും പ്രശ്‌നം പരിഹരിക്കാൻ ഹൈക്കമാൻഡ് സ്വീകരിക്കുന്ന നടപടികൾ നോക്കി തീരുമാനമെടുക്കാമെന്നും താരിഖ് അൻവറുമായി നടത്തിയ ചർച്ചയിലും വ്യക്തമാക്കി. കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നുവെന്നു താരിഖ് അൻവർ പ്രതികരിച്ചു. എഐസിസി സെക്രട്ടറിമാരായ പി.വി.മോഹൻ, ഐവൻ ഡിസൂസ, പി.വിശ്വനാഥൻ എന്നിവരും താരിഖിനൊപ്പം ഉണ്ടായിരുന്നു. സംഘടനാതല അഴിച്ചു പണിയിൽ അതൃപ്തിയുള്ള മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ എന്നിവരെയും എഐസിസി സംഘം സന്ദർശിച്ചു.
English Summary: VM Sudheeran resign from AICC