ADVERTISEMENT

കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പു വീഴ്ചകളുടെ പേരിൽ സിപിഎമ്മിൽ 2 ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ 14 പേർക്കെതിരെ കടുത്ത നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. കെ. മണിശങ്കർ, എൻ. സി. മോഹനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി. എൻ. സുന്ദരൻ, വി. പി. ശശീന്ദ്രൻ, പി. കെ. സോമൻ എന്നിവരെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തു. കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ഷാജു ജേക്കബിനെ പാർട്ടിയിൽ നിന്നു പുറത്താക്കി.വൈറ്റില ഏരിയ സെക്രട്ടറി കെ. ഡി. വിൻസന്റ്, പെരുമ്പാവൂർ ഏരിയ സെക്രട്ടറി പി. എം. സലിം, ഏരിയ കമ്മിറ്റി അംഗങ്ങളായ മുൻ എംഎൽഎ സാജു പോൾ, ആർ. എം. രാമചന്ദ്രൻ, എം. ഐ. ബീരാസ് എന്നിവർക്കും ഒരു വർഷം സസ്പൻഷനുണ്ട്. മറ്റൊരു ഏരിയ കമ്മിറ്റി അംഗം സി.ബി.എ. ജബ്ബാറിനെ ബ്രാഞ്ചിലേക്കു തരം താഴ്ത്തി. കൂത്താട്ടുകുളത്തെ പാർട്ടി അംഗങ്ങളായ അരുൺ സത്യൻ, അരുൺ വി. മോഹൻ എന്നിവരെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു.

തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലെ വീഴ്ചകൾ സംബന്ധിച്ചു ജില്ലാ കമ്മിറ്റി 15 ദിവസം മുൻപെടുത്ത നടപടികൾ ലഘുവായെന്നു കണ്ടാണു കർശന നടപടിയിലേക്കു സംസ്ഥാന നേതൃത്വം നീങ്ങിയത്. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ എന്നിവർ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം റിപ്പോർട്ട് ചെയ്യുകമാത്രമേ ഉണ്ടായുള്ളൂ. നടപടി നേരിട്ട ജബ്ബാർ ഒഴികെയുള്ള അംഗങ്ങൾക്ക് ഇപ്പോൾ നടന്നുവരുന്ന പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാനാവില്ല. പാർട്ടിയുടെ പോഷക സംഘടനകളിൽ തുടരാം. അതിന്റെ ഭാരവാഹിത്വത്തിനും തടസ്സമില്ല. സസ്പെൻഷൻ കാലാവധി കഴിഞ്ഞു പാർട്ടി അനുമതിയോടെ പാർട്ടിയുടെ സാധാരണ അംഗത്വത്തിലേക്കു തിരിച്ചെത്താം. 

സിപിഎം ജില്ലാ ഘടകത്തിൽ അടുത്തകാലത്തെങ്ങും ഇത്രയും കടുത്ത നടപടികളുണ്ടായിട്ടില്ല. മറ്റെല്ലാ ജില്ലകളിലും മുന്നേറാൻ കഴിഞ്ഞിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയിൽ മാത്രം പാർട്ടിക്കു മുന്നേറ്റമുണ്ടാക്കാനാകാത്തതു സംസ്ഥാന നേതൃത്വം ഏറെ ഗൗരവത്തോടെയാണു കണ്ടത്. ജില്ലയിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച രണ്ടു കമ്മിറ്റികളും കുറ്റക്കാരെന്നു കണ്ടെത്തിയവർക്കെതിരെ നടപടി നിർദേശിച്ചു. നടപടിയെടുക്കാതെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളുണ്ടായപ്പോഴും സംസ്ഥാന നേതൃത്വം ഇടപെട്ടു.

English summary: Suspension for cpm leaders in Ernakulam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com