ADVERTISEMENT

കൊച്ചി∙ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ രോഗിയുടെ ദുരവസ്ഥ ബോധ്യപ്പെട്ടു മുന്നോട്ടു വന്ന വൃക്ക ദാതാവ് നിർധന കുടുംബത്തിലെ ആണെന്നു പറഞ്ഞ് അനുമതി നിഷേധിച്ചതു ഹൈക്കോടതി റദ്ദാക്കി. നിർധനർ അവയവങ്ങൾ ദാനം ചെയ്യരുതെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ പുനഃപരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നിയമാനുസൃതം തീരുമാനമെടുക്കാൻ അവയവ ദാനത്തിനുള്ള തൃശൂർ ജില്ലാ ഓതറൈസേഷൻ കമ്മിറ്റിക്കു നിർദേശം നൽകി.

അനുമതി നിഷേധിച്ചതിനെതിരെ രോഗിയായ കൊണ്ടോട്ടി സ്വദേശി പി.റീജയും വൃക്കദാനത്തിനു സന്നദ്ധത അറിയിച്ച പാലക്കാട് ചിറ്റൂർ സ്വദേശി കെ.സരസ്വതിയും നൽകിയ ഹർജി അനുവദിച്ചാണു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. തൃശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റീജയുടെ ദുരിത പശ്ചാത്തലം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ആഴ്ചയിൽ 3 തവണ ഡയാലിസിസ് വേണ്ടതും ഭിന്നശേഷിയുള്ള ഇളയ കുട്ടിയെ സംരക്ഷിക്കേണ്ടതുമായ സാഹചര്യങ്ങളും പരാമർശിച്ചിരുന്നു. തുടർന്ന് സരസ്വതി വൃക്കദാനത്തിനു സന്നദ്ധയായി മുന്നോട്ടു വന്നു. ഇരുവരുടെയും കുടുംബങ്ങൾ പരസ്പരം അറിയുന്നവരാണ്. എന്നാൽ ദാതാവ് നിർധന കുടുംബത്തിൽ നിന്നാണെന്നും വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും മറ്റും പറഞ്ഞ് സമിതി അനുമതി നിഷേധിച്ച സാഹചര്യത്തിലാണു ഹർജി.

നിർധനർക്ക് അവയവം ദാനം ചെയ്യാൻ ഒരു തടസ്സവുമില്ലെന്നു കോടതി പറഞ്ഞു. പണമില്ലാത്തത് ആരുടെയും കുറ്റമല്ല. അങ്ങനെയുള്ളവരെ തുണയ്ക്കാൻ വലിയ മനസ്സുള്ള പലരും ഈ നാട്ടിലുണ്ടാകും. –കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സാമ്പത്തിക ഇടപാടു നടന്നിട്ടുണ്ടോ എന്ന കാര്യമാണു സമിതി പ്രധാനമായി നോക്കേണ്ടത്. അതിന് സൗമ്യമായ ചോദ്യം ചെയ്യൽ വേണം. വില്ലേജ് ഓഫിസർ ഒപ്പിട്ട സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സമിതിക്ക് എങ്ങനെ പറയാൻ കഴിയുമെന്നും കോടതി ചോദിച്ചു.

English Summary: Money Not a Barrier for Organ Donation, Says Kerala HighCourt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com