സുരേന്ദ്രൻ പക്ഷമായി ബിജെപി; ശോഭയെ ഒഴിവാക്കിയതിൽ പഴിചാരി ഇരുപക്ഷവും

1200-shobha-surendran-k-surendran
ശോഭാ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ
SHARE

തിരുവനന്തപുരം ∙ ബിജെപി ദേശീയ നിർവാഹക സമിതിയിൽ പ്രായപരിധി കഴിഞ്ഞതുകൊണ്ടാണ് ഒ.രാജഗോപാൽ ഉൾപ്പെടാതെ പോയതെങ്കിൽ ദേശീയ നേതൃത്വത്തിന്റെ അതൃപ്തിയാണ് ശോഭ സുരേന്ദ്രന്റെ ഒഴിവാക്കലിനു പിന്നിൽ എന്നാണ് സൂചന. എന്നാൽ, ദേശീയ നേതൃത്വത്തിന്റെ മറപറ്റി വി. മുരളീധരനും കെ.സുരേന്ദ്രനും നടത്തിയ നീക്കമാണ് ഇതെന്നാണ് മറുപക്ഷത്തിന്റെ വാദം. 

ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടു നടത്തിയ അഴിച്ചുപണി ആയതിനാൽ പരാതിപ്പെടാനാകാത്ത അവസ്ഥയിലാണ് നേതാക്കൾ. ആരും പരസ്യ പ്രതിഷേധത്തിനുമില്ല. കുമ്മനം രാജശേഖരനു ദേശീയ ഭാരവാഹിപ്പട്ടികയിലേക്കുളള സ്ഥാനക്കയറ്റമാണു പ്രതീക്ഷിച്ചിരുന്നതെങ്കിൽ അതുമുണ്ടായില്ല.

2019 ൽ ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിക്കുമ്പോൾ കേരളത്തിൽ നിന്നു വി.മുരളീധരൻ, ഒ.രാജഗാപാൽ, പികെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ എന്നിവർ അംഗങ്ങളായും അൽഫോൻസ് കണ്ണന്താനം പ്രത്യേക ക്ഷണിതാവായും ഉണ്ടായിരുന്നു. 4 അംഗങ്ങൾക്കു പകരം ഇപ്പോൾ മുരളീധരനും കുമ്മനവും മാത്രമായി സ്ഥിരാംഗങ്ങൾ. പ്രത്യേക ക്ഷണിതാക്കളായി പി.കെ.കൃഷ്ണദാസും ഇ.ശ്രീധരനും. കോൺഗ്രസിൽ നിന്നെത്തി ബിജെപി ദേശീയ വക്താവായ ടോം വടക്കനും ദേശീയ വൈസ് പ്രസിഡന്റായ എ.പി.അബ്ദുല്ലക്കുട്ടിയും ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടും. കൂടാതെ എല്ലാ സംസ്ഥാന പ്രസിഡന്റുമാരും സംഘടനാ ജനറൽ സെക്രട്ടറിയും ദേശീയ നിർവാഹക സമിതിയിൽ വരുമെന്നതിനാൽ കെ.സുരേന്ദ്രനും എം.ഗണേഷിനും സമിതിയിൽ പങ്കെടുക്കാം.

കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി വന്നപ്പോഴാണു ജനറൽ െസക്രട്ടറി ശോഭ സുരേന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മാറ്റിയത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സമിതിയായ കോർ കമ്മിറ്റിയിൽ നിന്ന് അവർ അതോടെ പുറത്തായി. സംസ്ഥാന പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്ന സമിതിയാണു കോർ കമ്മിറ്റി. ശോഭയ്ക്കു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ സംസ്ഥാന നേതൃത്വം മടിച്ചതും പിന്നീടു കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നു കഴക്കൂട്ടം സീറ്റിൽ അവസാനഘട്ടത്തിൽ സ്ഥാനാർഥിയായി എത്തിയതും ബിജെപിയിൽ വിവാദമായതാണ്. പിന്നെ എങ്ങനെയാണു ദേശീയ നേതൃത്വം ഇപ്പോൾ തഴഞ്ഞതെന്നു ശോഭയോട് അടുത്തു നിൽക്കുന്ന നേതാക്കൾ ചോദിക്കുന്നു. അതെല്ലാം വിശദീകരിക്കേണ്ടതു ദേശീയ നേതൃത്വമാണെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ മറുപടി.

സംസ്ഥാന നേതൃത്വത്തിലുണ്ടായ അഴിച്ചുപണിയിലും സുരേന്ദ്രൻ പക്ഷത്തിനൊഴികെ നേതാക്കൾക്ക് അമർഷമുണ്ട്. 5 ജില്ലാ പ്രസിഡന്റുമാരെ മാറ്റി സ്വന്തം ആൾക്കാരെ സുരേന്ദ്രൻ നിയമിച്ചുവെന്നാണു പരാതി. ഇതു കൂടിയാലോചനയില്ലാതെ എടുത്ത തീരുമാനമാണെന്ന് ആരോപണമുണ്ട്. എന്നാൽ അതും ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണെന്നാണു സുരേന്ദ്രൻ പക്ഷത്തിന്റെ മറുപടി.

English Summary: BJP national panel; Kerala members

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS