ശ്രീരാമകൃഷ്ണനെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് താനെന്ന് സന്ദീപ്
Mail This Article
തിരുവനന്തപുരം ∙ നിയമസഭ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ വർക്‌ഷോപ് ഉദ്ഘാടനത്തിനു ക്ഷണിച്ചതു താൻ നേരിട്ടാണെന്നും വ്യക്തിബന്ധത്തിന്റെ പേരിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ മാധ്യമങ്ങളോടു പറഞ്ഞു.
ജനാധിപത്യ അവകാശം ഉപയോഗിച്ചാണു ശ്രീരാമകൃഷ്ണനെ വിളിച്ചത്. മറ്റു ബന്ധങ്ങളില്ല. വർക്‌ഷോപ് ഉദ്ഘാടനത്തിനു സ്വപ്ന സുരേഷും ഉണ്ടായിരുന്നു. താൻ സ്വർണം കടത്തിയോ ഇല്ലയോ എന്ന കാര്യം ഇനി കോടതിയാണു പറയേണ്ടത്. പറയാനുള്ളതെല്ലാം കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. കോടതി ശിക്ഷ വിധിക്കുമ്പോൾ കുറ്റവാളി ആരാണെന്നു വ്യക്തമാകും.
ഫൈസൽ ഫരീദിനെ വാർത്തകളിലൂടെ മാത്രമേ അറിയൂ. സരിത്ത് സുഹൃത്താണ്. 2006 മുതൽ സരിത്തിനെ അറിയാം. സരിത്ത് വഴിയാണു സ്വപ്നയുമായുള്ള പരിചയം. സ്വപ്ന ആവശ്യപ്പെട്ടതുകൊണ്ടാണു സഹായിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്നു പറയാൻ സമ്മർദം ഉണ്ടായിരുന്നു. കരാറുകൾ ഏറ്റെടുത്തു ചെയ്യുന്ന നിലയ്ക്കാണു യുഎഇ കോൺസുലേറ്റുമായുള്ള ബന്ധം. വിശേഷദിനങ്ങളിൽ നിർധനർക്കു വിതരണം ചെയ്യാൻ വസ്ത്രങ്ങളും മറ്റും വാങ്ങി നൽകിയിരുന്നതു താനായിരുന്നു. ചില ഘട്ടങ്ങളിൽ ഇടനിലക്കാരനായി പ്രവർത്തിക്കുക മാത്രമാണു ചെയ്തിരുന്നതെന്നും സന്ദീപ് നായർ പറഞ്ഞു. കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നു സന്ദീപ് നായർ ശനിയാഴ്ച ജയിൽമോചിതനായിരുന്നു.
English summary: Sandeep Nair reveals relation with P.Sreeramakrishnan