ലോക മാനസികാരോഗ്യദിനം ഇന്ന്: നിലതെറ്റി മാനസികാരോഗ്യ അതോറിറ്റി
Mail This Article
തിരുവനന്തപുരം ∙ മനോദൗർബല്യമുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയുടെ പ്രവർത്തനം കടലാസിൽ. വർഷത്തിൽ, നാലു തവണയെങ്കിലും യോഗം ചേരണമെന്നാണ് നിയമത്തിൽ പറയുന്നതെങ്കിലും ഇതു വരെ ഒരു യോഗം പോലും ചേർന്നിട്ടില്ല.
ജില്ലാതലത്തിൽ പരാതികൾ പരിഹരിക്കാനായി മെന്റൽ ഹെൽത്ത് റിവ്യു ബോർഡ് രൂപീകരിക്കണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല. അതോറിറ്റിക്ക് ഇതു വരെ സർക്കാർ ഫണ്ടും അനുവദിച്ചില്ല. 2017ലെ കേന്ദ്ര മാനസികാരോഗ്യ നിയമത്തെ തുടർന്നാണ് ഈ വർഷം ജനുവരിയിൽ കേരളത്തിലും അതോറിറ്റി രൂപീകരിച്ചത്.
ആരോഗ്യ സെക്രട്ടറി ചെയർപഴ്സനായി 17 പേരാണ് അതോറിറ്റിയിൽ ഉണ്ടാകേണ്ടതെങ്കിലും രണ്ടു പേരെ ഇതു വരെ നിയോഗിച്ചിട്ടില്ല. അതോറിറ്റിക്കു പുറമേ കേരളത്തിൽ അഞ്ചിടത്ത് മെന്റൽ ഹെൽത്ത് റിവ്യു ബോർഡ് രൂപീകരിക്കണമെന്നും നിയമത്തിലുണ്ട്. ഇതു സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം മാത്രമാണ് പുറപ്പെടുവിച്ചത്.
റിവ്യു ബോർഡ് രൂപീകരിക്കാൻ രണ്ടു തവണ അപേക്ഷ ക്ഷണിച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കുറവായതിനാൽ തുടർനടപടി മുടങ്ങി. ജില്ലാ ജഡ്ജി അധ്യക്ഷനായി 6 പേരാണ് മെന്റൽ ഹെൽത്ത് റിവ്യു ബോർഡിൽ വേണ്ടത്. മനോദൗർബല്യത്തിന് ചികിത്സ തേടി മുക്തരായവരുടെ പ്രതിനിധികളും അതോറിറ്റിയിലും ബോർഡിലും ഉണ്ട്.
സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി യോഗം ചേരാൻ വൈകുന്നതിനാൽ സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഗുണനിലവാര നിരീക്ഷണം, പോരായ്മകൾ പരിഹരിക്കുക തുടങ്ങിയ ദൗത്യങ്ങൾ നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണ്.
യോഗം വിളിക്കുന്നതിനു ലോക്ഡൗണിനെ തുടർന്നാണ് കാലതാമസമുണ്ടായതെന്നു സ്റ്റേറ്റ് മെന്റൽ അതോറിറ്റി സിഇഒ വി.വി.ജയ അറിയിച്ചു.
English Summary: World Mental Health Day