ADVERTISEMENT

ഇന്നു പരുമലയിൽ നടക്കുന്ന മലങ്കര അസോസിയേഷനിൽ പൗരസ്ത്യ കാതോലിക്കാ, മലങ്കര മെത്രാപ്പൊലീത്ത പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഡോ. മാത്യൂസ് മാർ സേവേറിയോസ് സംസാരിക്കുന്നു...

മലയാളം, ഇംഗ്ലിഷ്, ഹിന്ദി, സുറിയാനി, ലത്തീൻ, ജർമൻ, ഫ്രഞ്ച്, റഷ്യൻ, ഇറ്റാലിയൻ എന്നീ 9 ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയാം ഡോ. മാത്യൂസ് മാർ സേവേറിയോസിന്. അതിലുപരി അശരണരുടെയും പാവങ്ങളുടെയും ഹൃദയഭാഷ മനസ്സിലാക്കാൻ പ്രത്യേക പാടവമുണ്ട് അദ്ദേഹത്തിന്. വർഷം രണ്ടേകാൽ കോടി രൂപ ചെലവഴിക്കുന്ന വിവിധ സാമൂഹികക്ഷേമ പദ്ധതികൾക്കു നേതൃത്വം കൊടുത്തു മുന്നേറുന്ന സേവനമാണു ഹൃദയത്തിന്റെ അൾത്താരയിലെ മുഖ്യ ശുശ്രൂഷ. മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവായായി ചുമതലയേൽക്കുന്ന അദ്ദേഹം ‘മലയാള മനോരമ’യോടു സംസാരിക്കുന്നു...

സഭാധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ?

സാമൂഹികസേവന രംഗത്ത് ഏറ്റവുമധികം സംഭാവനകൾ ചെയ്യുന്ന സഭയായി മലങ്കര ഓർത്തഡോക്സ് സഭയെ മാറ്റണം. സാക്ഷ്യം നൽകുന്ന സഭ, സാക്ഷ്യം നൽകുന്ന സഭാമക്കൾ. അതാണു സ്വപ്നം. സേവന പദ്ധതികളുടെ വികേന്ദ്രീകരണവും മനസ്സിലുണ്ട്. ഓരോ ഇടവകയും അവരുടെ പരിസരത്തുള്ള പാവങ്ങളെ സഹായിക്കണം.

വീട്, വിദ്യാഭ്യാസം, വിവാഹം, ചികിത്സ, ഭക്ഷണം എന്നിവയ്ക്കു പ്രയാസം നേരിടുന്ന ഏതു മതസ്ഥരെയും സഹായിക്കാൻ നമ്മുടെ പള്ളികൾ രംഗത്തിറങ്ങട്ടെ. ആർഭാടമായി പെരുന്നാളുകൾ നടത്തുമ്പോൾ ഒരു വിഹിതം സേവനത്തിനും ചെലവാക്കണം. വീടുകളിലും ചടങ്ങുകളിലും സമ്പത്ത് ധൂർത്തടിക്കുമ്പോൾ ഒരു പങ്ക് സേവനത്തിനായി നീക്കിവയ്ക്കാൻ താൽപര്യം കാണിച്ചാൽ സമൂഹം നന്നാകും, നാട് നന്നാകും.

മെത്രാപ്പൊലീത്തയായിട്ട് ഇതു 30–ാം വർഷമാണ്. മാനസിക വെല്ലുവിളികൾ നേരിടുന്നവർ, തെരുവിൽ അലയുന്നവർ, കിടപ്പുരോഗികൾ, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ, ചികിത്സയ്ക്കു പണമില്ലാത്തവർ തുടങ്ങി വിവിധ കഷ്ടതകൾ നേരിടുന്നവർക്കായി 16 പദ്ധതികളാണു കണ്ടനാട് ഭദ്രാസനത്തിനു കീഴിൽ അങ്ങു നടത്തിക്കൊണ്ടിരുന്നത്. എങ്ങനെയാണു സേവനവഴിയിലേക്ക് എത്തുന്നത്?

പൊള്ളിക്കുന്ന 2 ജീവിതാനുഭവങ്ങളാണു പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയ്ക്ക് എന്നിൽ തിരികൊളുത്തിയത്. 8–ാം വയസ്സിൽ എന്റെ അയൽവക്കത്തെ വീട്ടിൽ ഞാൻ കണ്ട ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കൊച്ചു പെൺകുട്ടിയുടെ ചിത്രം ഓർമയിൽ ഇന്നുമുണ്ട്. ആ കുട്ടിയെ നോക്കാൻ അവളുടെ അമ്മ നേരിട്ട പ്രയാസത്തിനു ഞാൻ സാക്ഷിയാണ്. ചുഴലിദീനംമൂലം ഏറെ യാതന സഹിച്ച്, മരണത്തിനു കീഴടങ്ങിയ എന്റെ മൂത്ത സഹോദരിയുടെ വേദനിപ്പിക്കുന്ന ഓർമകൾ ഇന്നും നീറ്റലാണ്. മെത്രാപ്പൊലീത്തായുടെ ചുമതലയിലേക്ക് എത്തിയപ്പോഴാണു സ്വതന്ത്രമായി സേവന പദ്ധതികൾക്കു തുടക്കമിടാൻ കഴിഞ്ഞത്. പതിനേഴാമത്തെ പദ്ധതിക്കു തുടക്കമിടാനുള്ള ശ്രമത്തിലാണിപ്പോൾ.

പ്രതീക്ഷാഭവൻ, പ്രത്യാശാഭവൻ, പ്രശാന്തിഭവൻ, പ്രദാനം ചികിത്സാ പദ്ധതി, പ്രതിഭാ ഭവൻ, പ്രമോദം അന്നദാന പദ്ധതി എന്നിങ്ങനെ എല്ലാ സംരംഭങ്ങളുടെയും പേരുകൾക്കും പ്രത്യേകത...

ഗുഡ് സമരിറ്റൻ പോലെ ഇംഗ്ലിഷ് പേരുകളിലേക്കു സ്വാഭാവികമായും തിരിഞ്ഞപ്പോഴാണ് ആദ്യത്തെ പ്രോജക്ടിനു മലയാളം പേരു മതിയെന്നു ഞാൻ തീരുമാനിച്ചത്. എന്റെ ഗുരുകൂടിയായ ജോഷ്വ  അച്ചനുമായി (ഫാ. ടി.ജെ.ജോഷ്വ) കുറെ പേരുകൾ ചർച്ച ചെയ്തിട്ടാണു പ്രതീക്ഷയെന്ന ആദ്യ പേരിലേക്കെത്തിയത്. പിന്നീടുള്ളതിനെല്ലാം ‘പ്ര’യിൽ തുടങ്ങുന്ന പേരു മതിയെന്നു തീരുമാനിച്ചു.

16 സ്ഥാപനങ്ങൾ. നടത്തിപ്പ് വലിയ പ്രശ്നമല്ലേ? ദിനചര്യ എങ്ങനെയാണ്?

പുലർച്ചെ 3.30ന് എഴുന്നേൽക്കുന്നതാണു ശീലം. മുറിക്കുള്ളിലോ വരാന്തയിലോ മുക്കാൽ മണിക്കൂർ നടത്തം പതിവാണ്. യോഗയും ചെയ്യും. പിന്നീടു പ്രാർഥന, കുർബാന. മലയാളം, ഇംഗ്ലിഷ് പത്രങ്ങൾ രാവിലെ തന്നെ വായിക്കും. രാത്രി 10ന് ഉറക്കം. മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പരിപാലിക്കുന്ന സൗത്ത് പിറമാടത്തെ പ്രത്യാശാഭവനിലാണു 2006 മുതൽ താമസം. ഉദാരമതികളായ സഭാമക്കൾ നടത്തിപ്പിനുവേണ്ട സഹായം നൽകുന്നു. എല്ലാ പൈസയും ഭദ്രാസനത്തിന്റെ അക്കൗണ്ടിലേക്കാണു വരുന്നത്. എന്റെ പേരിൽ ബാങ്ക് അക്കൗണ്ടില്ല. എനിക്കൊരു സേവിങ്സ് ബാങ്ക് നിക്ഷേപമോ സ്ഥിര നിക്ഷേപമോ ഒന്നുമില്ല.

കുടുംബാന്തരീക്ഷമാണോ വൈദികനാകാൻ കാരണം?

തീർച്ചയായും. കഷ്ടപ്പാടിനിടയിലും പ്രാർഥന കൈവിടാത്ത കുടുംബമായിരുന്നു. റബർ വെട്ടിയും പറമ്പിലെ പണി ചെയ്തുമാണു പിതാവ് മറ്റത്തിൽ ചെറിയാൻ അന്ത്രയോസ് വീട് നോക്കിയിരുന്നത്. റബർ വെട്ടാനൊക്കെ ഞാനും സഹായിക്കുമായിരുന്നു. വീട്ടിൽ പശുവളർത്തലുണ്ടായിരുന്നു. രാവിലെ വീടുകളിൽ പാലുകൊടുക്കാൻ ഞാൻ പോകുമായിരുന്നു. കോളജ് പഠനകാലത്തു ഫീസ് കൊടുക്കാൻ പശുവിനെ വിൽക്കേണ്ടി വരെ വന്നിട്ടുണ്ട്. പ്രാർഥനയും വിശ്വാസവും മുറുകെപ്പിടിക്കാൻ പഠിപ്പിച്ചതു കുടുംബമാണ്.

വിദേശപഠനകാലം എങ്ങനെ ഓർക്കുന്നു?

റഷ്യയിൽ 2 വർഷവും റോമിൽ 5 വർഷവും പഠനം നടത്തി. അക്കാലത്താണു വിദേശഭാഷകൾ പഠിച്ചത്. വിവിധ സംസ്കാരങ്ങളെ അടുത്തറിഞ്ഞ കാലമായിരുന്നു. ക്രിസ്തുശാസ്ത്രത്തിൽ എന്റെ പിഎച്ച്ഡി പൂർത്തിയാക്കിയതു റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ്. 1984 മുതൽ ഞാൻ കോട്ടയം പഴയ സെമിനാരി അധ്യാപകനാണ്. അധ്യാപനം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. പുതിയ ചുമതലയിലേക്കെത്തിയാലും ഇടയ്ക്കെങ്കിലും അധ്യാപനം തുടരണമെന്ന് ആഗ്രഹമുണ്ട്.

സഭകൾ തമ്മിലുള്ള ഐക്യത്തിന് പുതിയ കാലഘട്ടത്തിൽ എത്രത്തോളം പ്രസക്തിയുണ്ട്?

മലങ്കരസഭയും കത്തോലിക്കാ, മാർത്തോമ്മാ സഭകളുമായുള്ള ഡയലോഗ് സമിതിയിൽ ഞാനും അംഗമായിരുന്നു. സഭകൾ ഒന്നാകുക എന്ന ആശയം പ്രായോഗികമല്ല ഇക്കാലത്ത്. ഓരോ സഭയും അവരവരുടെ സ്വത്വം മുറുകെപ്പിടിക്കാൻ മുൻപത്തെക്കാളും വളരെയധികം ആഗ്രഹിക്കുന്ന കാലമാണിത്. പരസ്പരം പഠിക്കാനും സഹകരിക്കാനും ശ്രമിക്കുന്നതിലാകണം ശ്രദ്ധ. ആശയപരമായ സഹവർത്തിത്വത്തിന് എക്കാലത്തും പ്രസക്തിയുണ്ട്.

ഫോൺ സ്വിച്ച് ഓഫ് ചെയ്ത് റാന്നി പെരുനാട്ടിലെ ബഥനി ആശ്രമത്തിൽ ധ്യാനത്തിലായിരുന്നു കഴിഞ്ഞ മൂന്നാഴ്ചയായി അദ്ദേഹം. ഒരാഴ്ച മൗനവ്രതത്തിലുമായിരുന്നു. പ്രാർഥന നൽകിയ കരുത്തിൽ ആത്മീയ ഉൾക്കാഴ്ചയും ആശയദൃഢതയും സേവനദൗത്യവുമായി മലങ്കരയുടെ പുതിയ ഇടയൻ യാത്ര തുടങ്ങുകയാണ്.

ഡോ.മാത്യൂസ് മാർ സേവേറിയോസ് - ജീവിതരേഖ

∙ ജനനം–1949 ഫെബ്രുവരി 12.

∙ ഇടവക – കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി.

∙ മാതാപിതാക്കൾ– മറ്റത്തിൽ ചെറിയാൻ അന്ത്രയോസ്, പാമ്പാടി വാലേൽ വടക്കേകടുപ്പിൽ മറിയാമ്മ.

∙ സ്കൂൾ– സെന്റ് പീറ്റേഴ്സ് എൽപി സ്കൂൾ, സെന്റ് പോൾസ് ഹൈസ്കൂൾ, വാഴൂർ എസ് വി ആർവി എൻഎസ്എസ് ഹൈസ്കൂൾ

∙ പ്രീഡിഗ്രി– വാഴൂർ എസ്‌വി ആർ എൻഎസ്എസ് കോളജ്, ഡിഗ്രി – സിഎംഎസ് കോളജ് കോട്ടയം (കെമിസ്ട്രി).

∙ തിയോളജി– ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ പഠിച്ച് സെറാംപൂർ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം

∙ ബിരുദാനന്തര പഠനം– പിജി ഡിപ്ലോമ ഇൻ സെഞ്ചുറി ബൈസന്റൈൻ ഓർത്തഡോക്സ് തിയോളജി. തിയോളജിക്കൽ അക്കാദമി, ലെനിൻഗ്രാഡ്.

∙ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം – ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് റോം.

∙ പിഎച്ച്ഡി– മാബൂഗിലെ മാർ പീലക്സിനോസ് പിതാവിന്റെ ക്രിസ്തുശാസ്ത്രം – ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട്, റോം.

∙ വൈദിക പട്ടം– 1978 ജൂൺ 30.

∙ മേൽപട്ട സ്ഥാന തിരഞ്ഞെടുപ്പ് – 1989 ഡിസംബർ 28.

∙ റമ്പാൻ സ്ഥാനം – 1990 മാർച്ച് 31.

∙ എപ്പിസ്കോപ്പാ സ്ഥാനാഭിഷേകം – 1991 ഏപ്രിൽ 30.

∙ മെത്രാപ്പൊലീത്താ – 1993 സെപ്റ്റംബർ 22.

∙ കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത – 1993 സെപ്റ്റംബർ 26ന്.

∙ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത - 2002.

∙ കോട്ടയം സെൻട്രൽ, കണ്ടനാട്, ഇടുക്കി (രണ്ടു തവണ), മലബാർ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പൊലീത്തായായിരുന്നു.

∙ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി സ്ഥാനം 2 തവണ വഹിച്ചിട്ടുണ്ട്.

English Summary: Interview with Dr. Mathews Mar Severios

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com