ദമ്പതികളോടു പൊലീസ് കൈക്കൂലി ചോദിച്ചെന്ന പരാതി: അന്വേഷണം നടത്താൻ നിർദേശം

HIGHLIGHTS
  • അന്വേഷിച്ച് മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി
SHARE

കൊച്ചി ∙ വീടുവിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ പരാതി നൽകിയ ഡൽഹി സ്വദേശികളായ ദമ്പതികളോടു പൊലീസ് കൈക്കൂലി ചോദിക്കുകയും ആൺമക്കളെ കേസിൽ കുടുക്കുകയും ചെയ്തെന്ന പരാതിയിൽ  അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മുദ്രവച്ച കവറിൽ  റിപ്പോർട്ട് നൽകാനാണു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു ഹൈക്കോടതി നിർദേശം നൽകിയത്. ആഭ്യന്തര സെക്രട്ടറി, ഡിജിപി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എന്നിവരെ ഹർജിയിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്.

മാതാപിതാക്കളിൽനിന്നു നോർത്ത് പൊലീസ് കൊച്ചി– ന്യൂഡൽഹി വിമാന ടിക്കറ്റുൾപ്പെടെ ഈടാക്കിയെന്നും 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നുമാണു ഡൽഹി സ്വദേശികളുടെ പരാതി. കൈക്കൂലി നൽകാൻ തയാറാകാതിരുന്നതിനെത്തുടർന്ന് ഇവരുടെ 2 ആൺമക്കൾക്കെതിരെ സഹോദരിമാരെ പീഡിപ്പിച്ചുവെന്നു കാട്ടി പോക്സോ കേസ് റജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും പരാതിയുണ്ട്.

ആരോപണങ്ങൾ അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്വമേധയാ വിഷയം ഹർജിയായി പരിഗണിക്കുകയായിരുന്നു. ഹർജി 25നു വീണ്ടും പരിഗണിക്കും. ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ലെങ്കിലും കോടതിയുടെ പരിഗണന വേണ്ട വിഷയമാണെന്നു ഹൈക്കോടതി പറഞ്ഞു. പരാതി ഉന്നയിച്ച കുടുംബത്തിനു കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും സംഭവവുമായി ബന്ധപ്പെട്ടു നിലവിലുള്ള അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടെന്ന പരാതിയിൽ  ബാലാവകാശ കമ്മിഷനും‍ കേസെടുത്തു. കമ്മിഷൻ ചെയർപഴ്സൻ‍ കെ.വി. മനോജ്കുമാർ എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫിസർ, നോർത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരോടു നവംബർ മൂന്നിനകം റിപ്പോർട്ട് നൽകാനാണു നിർദേശം നൽകിയത്. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും പൊലീസുകാർ കുറ്റക്കാരെന്നു തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ഡൽഹിയിൽനിന്നു തിരികെയെത്തിച്ചപ്പോൾ പെൺകുട്ടികളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ സഹോദരൻമാരുടെ പീഡനത്തെപ്പറ്റി  പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്. സംഭവം വിശദമായി അന്വേഷിച്ചു കോടതിക്കും ബാലാവകാശ കമ്മിഷനും റിപ്പോർട്ട് നൽകുമെന്നും കമ്മിഷണർ പറഞ്ഞു.

English Summary: Investigation on compliant regarding police asking bribe from couple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA