ADVERTISEMENT

തിരുവനന്തപുരം/ ന്യൂഡൽഹി ∙ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ കാര്യമായ ഇളവു നൽകാതെ കെപിസിസി ഭാരവാഹി പട്ടികയ്ക്കു നേതൃത്വം രൂപം നൽകി. സ്ഥാനമൊഴിഞ്ഞ 14 ഡിസിസി പ്രസിഡന്റുമാരെയും നിർവാഹകസമിതിയിൽ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്താനാണു പുതിയ ധാരണ. ഭാരവാഹികൾ അടക്കം 51 അംഗ നിർവാഹകസമിതി എന്നതിൽ മാറ്റം വരുത്തേണ്ടെന്നും നിശ്ചയിച്ചു. പ്രസിഡന്റ് കെ.സുധാകരൻ പട്ടിക ഹൈക്കമാൻഡിനു സമർപ്പിച്ചു. പട്ടികയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ അംഗീകാരം നൽകും. സംസ്ഥാനത്തു ചർച്ചകൾ പൂർത്തിയാക്കി തയാറാക്കിയ പട്ടികയിൽ ഹൈക്കമാൻഡ് മാറ്റങ്ങൾ വരുത്തില്ലെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

15 ജനറൽ സെക്രട്ടറിമാർ മതിയെന്ന ധാരണയിൽ മാറ്റം വരും. വനിതാ പ്രാതിനിധ്യം ഉറപ്പിക്കാനായി ഒരു വനിതാ വൈസ് പ്രസിഡന്റിനെയും 3 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി. ഇതോടെ പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റ് എന്നിവരടക്കം 26 പേരായിരിക്കും ആകെ ഭാരവാഹികൾ. നേരത്തെ 23 ഭാരവാഹികളും 28 നിർവാഹകസമിതി അംഗങ്ങളും എന്നതായിരുന്നു ധാരണ. ഇതോടെ നിർവാഹകസമിതി അംഗങ്ങളുടെ എണ്ണം 25 ആകും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനും  ആലോചിച്ചാണു പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. മാനദണ്ഡങ്ങൾ മാറ്റണോ വേണ്ടയോ എന്ന കാര്യത്തിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി. ഇരുനേതാക്കളും നൽകിയ പട്ടികയിൽ നിന്നു ഭാരവാഹികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആ പട്ടികയിലെ ആരൊക്കെയാണ് ഉൾക്കൊള്ളിക്കുക എന്ന കാര്യത്തിൽ തുടർചർച്ച നടന്നില്ല. ഉമ്മൻചാണ്ടിയോ താനോ ഒരു തരത്തിലുമുള്ള സമ്മർ‍ദത്തിനു ശ്രമിച്ചിട്ടില്ലെന്നു ചെന്നിത്തല പ്രതികരിച്ചു. 

നേരത്തെ ദീർഘകാലം കെപിസിസി ഭാരവാഹികളായിരുന്നവരെ വീണ്ടും ഭാരവാഹിത്വത്തിലേക്കു പരിഗണിക്കേണ്ടെന്ന മാനദണ്ഡത്തിൽ ഇളവു ലഭിക്കുന്ന പക്ഷം പത്മജ വേണുഗോപാലിനെ വൈസ് പ്രസിഡന്റാക്കാം. അക്കാര്യം കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിക്കും. ഇളവ് അനുവദിച്ചില്ലെങ്കിൽ പത്മജയെ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തും. 

സാധ്യതാ പട്ടിക: എ.വി.ഗോപിനാഥ്, വി.പി.സജീന്ദ്രൻ, കെ.മോഹൻകുമാർ, പത്മജ വേണുഗോപാൽ / സുമ ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ). കെ.ശിവദാസൻ നായർ, എ.എ.ഷുക്കൂർ, റോയ് കെ.പൗലോസ്, വി.ടി.ബൽറാം, അനിൽ അക്കര, പി.എം.നിയാസ്, ജ്യോതികുമാർ ചാമക്കാല, ഷാനവാസ് ഖാൻ, പഴകുളം മധു, ജോസി സെബാസ്റ്റ്യൻ, ജയ്‌സൺ ജോസഫ്, ജമാൽ മണക്കാടൻ, കെ.പി.ശ്രീകുമാർ, എം.ജെ.ജോബ്, പി.എ.സലീം, രമണി.പി.നായർ, പി.കെ.ജയലക്ഷ്മി, ഫാത്തിമ റോസ്ന (ജനറൽ സെക്രട്ടറിമാർ).

കെപിസിസി ഭാരവാഹി പട്ടിക കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു കൈമാറും. ബിഹാറിലുള്ള താരിഖ് ഇന്നു ഡൽഹിയിൽ തിരിച്ചെത്തിയാലുടൻ പട്ടിക കൈമാറുമെന്നാണു വിവരം. സോണിയയുടെ അംഗീകാരത്തോടെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണു പട്ടിക ഒൗദ്യോഗികമായി പ്രഖ്യാപിക്കുക.

English Summary: KPCC Finalises list of office beares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com