ADVERTISEMENT

തിരുവനന്തപുരം∙ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് കേസെടുക്കുന്നതിനു ഗവർണറുടെ അനുമതി തേടാൻ‌ മന്ത്രിസഭ തീരുമാനിച്ചു. സോളർ കേസ് പ്രതി സരിത എസ്.നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ആര്യാടൻ അഴിമതി നടത്തിയെന്നു വിലയിരുത്തുകയും കേസെടുക്കാൻ അനുമതി തേടി വിജിലൻസ് ഡയറക്ടർ സർക്കാരിനു കത്തു നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ തീരുമാനം. ഗവർണർ അനുമതി നൽകിയാൽ കേസെടുത്തു വിജിലൻസ് വിശദ അന്വേഷണത്തിലേക്കു കടക്കും.

മന്ത്രിയായിരിക്കെ സോളർ പദ്ധതികളുടെ അനുമതിക്കായി തന്നിൽ നിന്നു 2 തവണയായി 40 ലക്ഷം രൂപ കൈപ്പറ്റിയെന്നു സരിത പ്രത്യേക അന്വേഷണ സംഘത്തിനും സോളർ കമ്മിഷനും മൊഴി നൽകിയിരുന്നു. 2016ൽ സോളർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ആര്യാടനെതിരെ വിജിലൻസ് അന്വേഷണത്തിനു സർക്കാർ നിർദേശിച്ചു. അന്നു തുടങ്ങിയ പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ പൂർത്തിയാക്കി കേസെടുക്കാൻ സർക്കാരിന്റെ അനുമതി തേടിയത്. സരിതയിൽ നിന്നും ആര്യാടനിൽ നിന്നുമടക്കം വിജിലൻസ് മൊഴി ശേഖരിച്ചിരുന്നു. 

നിയമപരമായി നേരിടും: ആര്യാടൻ മുഹമ്മദ്

നിലമ്പൂർ∙ തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടിയെ നിയമപരമായി നേരിടുമെന്നു മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. ഇതേ ആരോപണത്തിൽ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിജിലൻസ് അന്വേഷണം നേരത്തെ ഹൈക്കോടതി റദ്ദാക്കിയതാണ്.. പിന്നീട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അത് എവിടെ വരെയെത്തിയെന്ന് അറിയില്ലെന്നും ആര്യാടൻ പറഞ്ഞു. 

English Summary: Probe against Aryadan Muhammed on Saritha S Nair's complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com