ADVERTISEMENT

കൊല്ലം ∙ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ പ്രതി, ഭർത്താവ് സൂരജിന് 17 വർഷം കഠിനതടവും അതിനുശേഷം ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതി 5.85 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും അഡീഷനൽ സെഷൻസ് ജഡ്ജി എം.മനോജ് ഉത്തരവിട്ടു. 

അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും പ്രതിയുടെ പ്രായവും (28 വയസ്സ്) മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നതും പരിഗണിച്ചു വധശിക്ഷ ഒഴിവാക്കുകയാണെന്നു കോടതി വ്യക്തമാക്കി.

പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊല്ലുന്ന സംസ്ഥാനത്തെ ആദ്യ കേസാണിത്; രാജ്യത്തു നാലാമത്തേതും. അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയെ  (25)  കഴിഞ്ഞ വർഷം മേയ് 6നു രാത്രി മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ഏക പ്രതിയാണ് അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് എസ്.കുമാർ. മാപ്പുസാക്ഷിയായ പാമ്പുപിടിത്തക്കാരൻ ചാത്തന്നൂർ ചാവരുകാവ് സ്വദേശി സുരേഷിനെ മറ്റു കേസുകളില്ലെങ്കിൽ വിട്ടയയ്ക്കാനും കോടതി ഉത്തരവിട്ടു.

സൂരജിൽനിന്ന് ഈടാക്കുന്ന പിഴത്തുക ഉത്രയുടെ മാതാപിതാക്കൾക്കു തുല്യമായി വീതിച്ചു നൽകണം. ഉത്രയുടെ രണ്ടര വയസ്സുള്ള മകൻ ആർജവിനു ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. വിധി കേൾക്കാൻ വിജയസേനനും ഉത്രയുടെ സഹോദരൻ വിഷുവും കോടതിയിൽ എത്തിയിരുന്നു. വിധിയിൽ തൃപ്തരല്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. ജില്ലാ ജയിലിൽനിന്ന് സൂരജിനെ ഇന്നു പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റും.

മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തുന്നതിനു മുൻപു 2 തവണ അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ചതു സമാനതകളില്ലാത്ത ദുഷ്ടപ്രവൃത്തിയാണെന്ന് 478 പേജ് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. 

ജീവിതാവസാനം വരെ തടവ്

ജീവപര്യന്തം തടവ് എന്നാൽ ജീവിതാവസാനം വരെ തടവാണെന്നു സുപ്രീം കോടതി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. 14, 20 വർഷം കഴിഞ്ഞു പുറത്തിറങ്ങാവുന്നതല്ലെന്നും ചൂണ്ടിക്കാട്ടി. സർക്കാർ ഇളവു നൽകിയില്ലെങ്കിൽ ജീവിതാവസാനം വരെ ജയിലിൽ കഴിയണമെന്നു ഗോപാൽ ഗോഡ്സെയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഈ സാഹചര്യത്തിൽ 308, 201 വകുപ്പുകൾ പ്രകാരം സൂരജ് 17 വർഷം കഠിനതടവു പൂർത്തിയാക്കിയ ശേഷം ജീവപര്യന്തം തടവും അനുഭവിക്കണമെന്നാണു കോടതി വ്യക്തമാക്കിയതെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് പറഞ്ഞു,

ശിക്ഷ ഇങ്ങനെ

∙ ഐപിസി 302 (കൊലപാതകം): ജീവപര്യന്തം ശിക്ഷയും 5 ലക്ഷം രൂപ പിഴയും; പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ്

∙ ഐപിസി 307 (വധശ്രമം): ജീവപര്യന്തം ശിക്ഷയും 50,000 രൂപ പിഴയും; പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ്

∙ ഐപിസി 328 (വിഷവസ്തു ഉപയോഗിച്ചുള്ള കൊലപാതകം): 10 വർഷം തടവും 25,000 രൂപ പിഴയും; പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ്

∙ ഐപിസി 201 (തെളിവു നശിപ്പിക്കൽ): 7 വർഷം തടവും 10,000 രൂപ പിഴയും; പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ്

English Summary: Uthra Murder Case: Death Penalty for husband Sooraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com