ജനാധിപത്യ ശൈലിയുടെ മാതൃക

Orthodox-Church-Devalokam-Catholicate-Aramana-4
ദേവലോകം അരമന
SHARE

മലങ്കര സഭയിൽ ഉരുത്തിരിഞ്ഞ കാതോലിക്കാ, മലങ്കര മെത്രാപ്പൊലീത്ത സ്ഥാനങ്ങൾ നസ്രാണികളുടെ ചരിത്രപരമായ പരിണാമത്തിന്റെ ഫലമാണ്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് കൊളോണിയൽ– മിഷനറി അധീശത്വത്തോടുകൂടിയാണ് ക്രൈസ്തവർ അവരുടെ തനിമയും സ്വാതന്ത്ര്യവും തിരിച്ചറിയുന്നത്. ക്രിസ്തു ശിഷ്യനായ തോമസ് അപ്പസ്തോലന്റെ (സുറിയാനിയിൽ, ‘മാർത്തോമ്മാ ശ്ലീഹാ) മാർഗത്തിൽ അതുവരെ ഒന്നായിക്കഴിഞ്ഞിരുന്ന അവർക്കിടയിൽ പിളർപ്പും സംഘർഷങ്ങളും ഉടലെടുത്തു തുടങ്ങി. ഏതാണ്ട് 300 വർഷങ്ങളിലെ ആത്മപരിശോധനയുടെയും ക്ലേശപൂർണമായ അന്വേഷണത്തിന്റെയും ഫലമായിട്ടാണ് നസ്രാണി സമൂഹത്തിൽ അന്തർലീനമായിരുന്ന സ്വത്വ ബോധം, സ്വാതന്ത്ര്യം, ദൗത്യചിന്ത എന്നിവയുടെ പ്രതീകമായി കാതോലിക്കാ സ്ഥാനം ഉരുത്തിരിയുന്നത്.

കാഥോലിക്കോസ് എന്ന ഗ്രീക്കു പദത്തിനർഥം സമഗ്രമായത്, പൊതുവായത് എന്നാണ്. ഒരു സഭയുടെ അധ്യക്ഷസ്ഥാനിയാവുമ്പോൾ ‘പൊതുപിതാവ്’ എന്നർഥം കൽപിക്കാം. റോമാ സാമ്രാജ്യത്തിനു പുറത്തുള്ള പുരാതന ക്രിസ്തീയ സഭകളിലാണ് ഈ സ്ഥാനപ്പേര് സ്വീകരിക്കപ്പെട്ടത്. പേർഷ്യ, അർമീനിയ, ജോർജിയ, ഇത്യോപ്യ, മലങ്കര തുടങ്ങിയ സ്ഥലങ്ങളിലെ തദ്ദേശീയ സഭകളാണ് ഉദാഹരണം.ഇതിൽനിന്നു വ്യത്യസ്തമായി റോമാ സാമ്രാജ്യത്തിലെ പ്രമുഖ നഗരങ്ങളായിരുന്ന റോം, അലക്സാന്ത്രിയ, അന്ത്യോഖ്യ, കോൺസ്റ്റാൻന്റിനോപ്പിൾ (ഇസ്താംബുൾ) എന്നിവിടങ്ങളിലെല്ലാം നാലാം നൂറ്റാണ്ടിൽ ക്രിസ്തീയസഭ ഔദ്യോഗിക മതമായപ്പോൾ ആ നഗരങ്ങളിലെ പ്രധാന ബിഷപ് സ്ഥാനികൾ പാത്രിയർക്കീസ് (പ്രധാന പിതാവ്) എന്ന സ്ഥാനനാമത്തിൽ അറിയപ്പെട്ടു. 1912ൽ ഇന്ത്യയിലുണ്ടായ കാതോലിക്കാ സ്ഥാനത്തിന് സുറിയാനി പാരമ്പര്യത്തിൽ ചരിത്രപരമായ വേരുകളുണ്ട്. അന്ന് ആ സ്ഥാനത്തെ പലരും സംശയദൃഷ്ടിയോടെ നോക്കിയെങ്കിലും പിൽക്കാലം അതു അനുകരണീയമായ മാതൃകയായിത്തീർന്നു.

ഓർത്തഡോക്സ് സഭാ വിജ്ഞാനീയമനുസരിച്ച് ഏതെങ്കിലുമൊരു തദ്ദേശീയ സഭ ഭരണപരമായും ഇടയസേവനപരമായും പട്ടത്വപരമായും പക്വതയും സ്വാധികാരവും ആർജിക്കുമ്പോൾ മേൽപറഞ്ഞ അധ്യക്ഷ സ്ഥാനങ്ങളിലൊന്ന് സ്വീകരിക്കുകയെന്നത് സ്വാഭാവികമാണ്. അതേസമയം സ്വതന്ത്രമായ തദ്ദേശീയ സഭകൾ തമ്മിൽ ക്രിസ്തുവിലുള്ള ഏക വിശ്വാസത്തിലും കൂദാശകളിലും സ്നേഹത്തിലും സംസർഗം പുലർത്തുകയും ചെയ്യും. റഷ്യൻ ഓർത്തഡോക്സ് സഭ, അർമേനിയൻ ഓർത്തഡോക്സ് സഭ എന്നിവ ഉദാഹരണം.

1934 മുതലാണ് മലങ്കരയിൽ കാതോലിക്കാ സ്ഥാനവും മലങ്കര മെത്രാപ്പൊലീത്താ സ്ഥാനവും ഒരേ അധ്യക്ഷസ്ഥാനിയിൽ സമ്മേളിച്ചു തുടങ്ങിയത്. ഒരു സമൂഹത്തിനുള്ളിൽ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടായാൽ സംഘർഷമുണ്ടാകും എന്ന പ്രായോഗിക വിവേകമാണ് ആ നടപടിക്കു പിന്നിൽ. എന്നാൽ വേദശാസ്ത്രപരവും ആധ്യാത്മികവുമായ അർഥം ഇതിനുണ്ട്. ‘മലങ്കരമെത്രാപ്പൊലീത്ത’ മുഖ്യമായും ഭൗതികവും വ്യാവഹാരികവുമായ അധികാരം കൈയാളുന്ന സ്ഥാനിയാണ്. കാതോലിക്കാ സ്ഥാനി ആത്മീകവും കൂദാശികവുമായ ധർമം നിറവേറ്റാൻ നിയുക്തനാണ്. രണ്ടു സ്ഥാനങ്ങളും വേർതിരിഞ്ഞു നിൽക്കാതെ അന്തിമമായി മനുഷ്യനന്മയും ഐക്യവും അനുരഞ്ജനവും ലക്ഷ്യമാക്കി ക്രിസ്തുവിനു സാക്ഷ്യം നൽകേണ്ടതാണ്.

ജനങ്ങൾക്ക് ഭൂരിപക്ഷമുള്ള മലങ്കര അസോസിയേഷൻ കാതോലിക്കായെ തിരഞ്ഞെടുക്കുന്നത് അപ്പസ്തോലിക കാലത്തെ ജനാധിപത്യ ശൈലി മാതൃകയാക്കിയാണ്. മലങ്കര ഉൾപ്പെടെയുള്ള ചില ഓർത്തഡോക്സ് സമിതികളിൽ മാത്രമാണ് ഈ രീതി നിലനിൽക്കുന്നത്. ജനങ്ങളും വൈദികരും മെത്രാന്മാരും ഉൾപ്പെടുന്ന ഈ സമിതിക്ക് യഥാർഥ സുന്നഹദോസിന്റെ സ്വഭാവമുണ്ട്. അതു കൊണ്ടാണല്ലോ മെത്രാന്മാർ (എപ്പിസ്കോപ്പമാർ) മാത്രമുള്ള സുന്നഹദോസിന് എപ്പിസ്കോപ്പൽ എന്ന വിശേഷം കൊടുക്കുന്നത്. വിശ്വാസികളായ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സ്ഥാനികളും അവരുടെ അധികാരത്തെയും പദവിയെയും ദൈവജനത്തിന്റെ വിവേകത്തിന് വിധേയമാക്കി, സഭയുടെ ഐക്യത്തിനും അനുരഞ്ജനത്തിനും സമൂഹത്തിന്റെ സമാധാനത്തിനും ലോകത്തിന്റെ നീതിപൂർവമായ ക്ഷേമത്തിനും വേണ്ടി സ്വയംസമർപ്പിക്കാൻ വിളിക്കപ്പെട്ടവരാണ്. ജനം അവരിൽനിന്ന് പ്രതീക്ഷിക്കുന്ന ക്രിസ്തീയ സാക്ഷ്യം അതാണ്.

English Summary: Dr Mathews Mar Severios; Malankara Orthodox Syrian Church

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA