പ്രൗഢിയോടെ, പ്രാർഥനയോടെ ദേവലോകം

devalokam-aramana
ദേവലോകം അരമനയുടെ ആകാശദൃശ്യം. പകർത്തിയത് ഇട്ടൂപ്പ് കുര്യൻ ട്രയോമീഡിയ.
SHARE

കോട്ടയം∙ ദേവലോകം. പേരിൽ തന്നെ ദൈവസാന്നിധ്യം നിറഞ്ഞ ഈ ഭൂമിയാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനം. ദേവലോകം കുന്നിന്റെ ഇരുവശത്തുമായി പരിശുദ്ധ കാതോലിക്കാ ബാവായുടെ ആസ്ഥാനമന്ദിരമായ കാതോലിക്കോസ് ഓഫിസും ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് ഓഫിസും സ്ഥിതി ചെയ്യുന്നു. 

കുന്നിനു നടുവിൽ പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ഓടിട്ട കെട്ടിടം ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിന്റെ സാക്ഷിയാണ്. കഞ്ഞിക്കുഴിക്കു സമീപം മുട്ടമ്പലത്തെ എട്ടേക്കർ വിസ്തൃതിയുള്ള ചെറിയ കുന്നിൻപുറത്തിനു പണ്ടു മുതലേ ദേവലോകം എന്നാണ് പേര്. 1950 ഡിസംബർ 21ന്     ഓർത്തഡോക്സ് സഭയ്ക്കെതിരായ ഹൈക്കോടതി വിധിയാണ് സഭയുടെ ആസ്ഥാനമായി ദേവലോകം മാറുന്നതിന് വഴിയൊരുക്കിയത്. അതുവരെ പഴയ സെമിനാരിയായിരുന്നു ഓർത്തഡോക്സ് സഭയുടെ ആസ്ഥാനം. 

പഴയ സെമിനാരിയുടെ കൈവശാവകാശത്തെക്കുറിച്ച് ആശങ്ക ഉയർന്നു. സഭാസ്നേഹികൾ ഒറ്റ ദിവസംകൊണ്ട് ഒന്നര ലക്ഷം രൂപ പിരിച്ചു. 1951ൽ ദേവലോകം കുന്ന് വിലയ്ക്കു വാങ്ങി. ദേവലോകത്ത് അന്നുണ്ടായ പരമ്പരാഗത വീട് കാതോലിക്കേറ്റ് അരമനയായി മാറി. പിന്നീട് ദേവലോകം സഭാ ആസ്ഥാനമായി വളർന്നു. പഴയ അരമനക്കെട്ടിടം പഴമയും ഗരിമയും ചോരാതെ ഇന്നും നിലനിർത്തിയിരിക്കുന്നു. 

പരിശുദ്ധ കന്യാമറിയത്തിന്റെ പേരിലുള്ള ചാപ്പൽ 1953 ഫെബ്രുവരി രണ്ടിനു കൂദാശ ചെയ്തു. 1956 ഓഗസ്റ്റ് 15ന് മദ്ബഹ കൂദാശ ചെയ്തു. 1957ൽ ഓഫിസ് കെട്ടിടം നിർമിച്ചു. പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കാലത്ത് അരമനക്കെട്ടിടത്തിന്റെ ഒന്നാം നില പൂർത്തീകരിച്ചു. 1980ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കാലത്ത് അരമനയുടെ നിർമാണം പൂർത്തിയായി. 

വിശ്വാസികൾക്ക് ദേവലോകം തീർഥാടന കേന്ദ്രമാണ്. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികൾ അരമനയിലും ചാപ്പലിലും പതിവായി എത്തുന്നു. വിശുദ്ധ തോമ്മാശ്ലീഹായുടെ തിരുശേഷിപ്പ് പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ   ബാവാ ദേവലോകത്തു സ്ഥാപിച്ചു. 

പരിശുദ്ധ കാതോലിക്കാമാരായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവാ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ എന്നിവരുടെയും ഡോ. തോമസ് മാർ മക്കാറിയോസിന്റെയും കബറിടങ്ങൾ അരമന ചാപ്പലിലുണ്ട്. മൂറോൻ കൂദാശ നാലുവട്ടം ദേവലോകം അരമന ചാപ്പലിൽ നടന്നു. 

English Summary: Dr Mathews Mar Severios Metropolitan; Orthodox Church

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA