പറഞ്ഞത് വിവരക്കേട്, പരിഹസിക്കുന്നില്ല: കടകംപള്ളി; പൂവിനെ കൊല്ലാൻ തോക്കോ?

kerala-assembly-1248
നിയമസഭ
SHARE

മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡന്റ് കൂടിയായ യു.എ.ലത്തീഫിന് സ്വന്തം ബാങ്ക് ഒരു കുസുമമാണ്. പൂവിനെ കൊല്ലാൻ ആരെങ്കിലും എകെ 47 എടുക്കുമോ എന്നാണ് അദ്ദേഹത്തിനു സംശയം. നിയമഭേദഗതിയാകുന്ന തോക്ക് എടുത്ത മന്ത്രി വി.എൻ.വാസവന്റെ മുന്നിൽ ലത്തീഫും സഹ ലീഗുകാരും വെടിയുണ്ടയ്ക്കു വിരിമാറു കാട്ടുന്നവരായി.

മന്ത്രി പക്ഷേ കാഞ്ചി വലിച്ചില്ല. പകരം സമാധാന ഉടമ്പടിക്ക് തയാറായി. കേരള ബാങ്കിൽ മലപ്പുറം ജില്ലാ ബാങ്ക് ലയിപ്പിക്കുന്നതിനു മതിയായ ചർച്ച നടത്തിയില്ല എന്ന കെ.പി.എ.മജീദിന്റെ പോയിന്റിൽ പിടിച്ചു. ഏതു ചർച്ചയ്ക്കും തയാർ, പക്ഷേ ലയിപ്പിക്കലിൽനിന്നു പിന്നോട്ടില്ല.

മലപ്പുറം ജില്ലാ ബാങ്ക് സമിതിയാണ് ജില്ലാ ലീഗിനെയും സംസ്ഥാന ലീഗിനെത്തന്നെയും നിയന്ത്രിക്കുന്നതെന്നാണ് കേരള ബാങ്ക് കാർമികനായ മുൻ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനു തോന്നുന്നത്. ലയിക്കാൻ ജീവനക്കാരെല്ലാം കാത്തുനിൽക്കുകയാണെന്ന് എന്തടിസ്ഥാനത്തിലാണു പറയുന്നതെന്ന് ബാങ്കിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായ പി.ഉബൈദുല്ല ക്രുദ്ധനായി. അതോടെ കുറുക്കോളി മൊയ്തീൻ സഭയെ സ്തബ്ധമാക്കിയ വാദം ഉയർത്തി. ഈ സഭയിൽ 140 പേരുണ്ട്. പുറത്ത് ജീവനക്കാർ അതിലും കൂടുതൽ. അതുകൊണ്ട് അവർ പറയുന്നതാണോ നമ്മൾ പറയുന്നതാണോ ശരി? പറഞ്ഞതു വിവരക്കേടാണെങ്കിലും പരിഹസിക്കുന്നില്ലെന്നു കടകംപള്ളി, തൊഴിലാളിവിരുദ്ധമെന്നു മന്ത്രി വാസവനും.

ഓർഡിനൻസ് എന്നു കേട്ടാൽ രമേശ് ചെന്നിത്തലയ്ക്ക് അലർജിയാണ്; നിയമനിർമാണത്തിൽ ഇടപെടുന്നത് ഈയിടെയായി ഹരവും. ദേവസ്വം റിക്രൂട്മെന്റ് ബോർഡ് അംഗങ്ങളുടെ കാലാവധി നീട്ടാനുള്ള ഓർഡിനൻസ് ഏഴു തവണ ഇറക്കിയതിനു പിന്നിൽ എവിടെയാണു പൊതുതാൽപര്യമെന്ന് അദ്ദേഹം ചോദിച്ചു. ഏഴാം സഭയുടെ കാലത്ത് 324 ഓർഡിനൻസുകളായിരുന്നുവെന്ന് ഓർമിപ്പിച്ച മന്ത്രി കെ.രാധാകൃഷ്ണൻ അതു ചെന്നിത്തലയുടെ ഗുരു കെ.കരുണാകരന്റെ 1982ലെ മന്ത്രിസഭയാണെന്നു പറഞ്ഞില്ല. രാധാകൃഷ്ണൻ ശാന്തമായാണു പറഞ്ഞതെങ്കിലും ഉള്ളുകള്ളി ഭീകരമാണെന്നു കണ്ട പ്രതിപക്ഷം, ചർച്ച കൂടാതെ പാസാക്കണമെന്ന മന്ത്രിയുടെ അഭ്യർഥന തള്ളി. 

ഇന്നത്തെ വാചകം

‘വേഗ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർ ദേശവിരുദ്ധരാണെന്നാണു മുഖ്യമന്ത്രി പറയുന്നത്. സമരക്കാർക്കെതിരെ നരേന്ദ്ര മോദിയും ഇതു തന്നെയാണു പറയുന്നത്. ഇതാണ് ഏകാധിപതികളുടെ പൊതുസ്വഭാവം.’ – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Content Highlights: Kerala Assembly, Naduthalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA