ADVERTISEMENT

പരുമല (തിരുവല്ല) ∙ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ സ്ഥാനാരോഹണം ചെയ്തു. വ്യാഴാഴ്ച ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധ്യക്ഷൻ ഡോ. മാത്യൂസ് മാർ സേവേറിയോസിനെ പൗരസ്ത്യ കാതോലിക്കായായും മലങ്കര മെത്രാപ്പൊലീത്തയായും തിരഞ്ഞെടുത്തത്.

ധന്യനിമിഷം: പരുമല പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ സർവഥായോഗ്യൻ എന്ന് അർഥം വരുന്ന ഓക്സിയോസ് ചൊല്ലി മെത്രാപ്പൊലീത്തമാർ ഇരിപ്പിടത്തോടെ ഉയർത്തുന്നു. ഡോ. സഖറിയാ മാർ അപ്രേം, കുര്യാക്കോസ് മാർ ക്ലിമ്മീസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തുടങ്ങിയവർ സമീപം. ‌ചിത്രം: മനോരമ
ധന്യനിമിഷം: പരുമല പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ സർവഥായോഗ്യൻ എന്ന് അർഥം വരുന്ന ഓക്സിയോസ് ചൊല്ലി മെത്രാപ്പൊലീത്തമാർ ഇരിപ്പിടത്തോടെ ഉയർത്തുന്നു. ഡോ. സഖറിയാ മാർ അപ്രേം, കുര്യാക്കോസ് മാർ ക്ലിമ്മീസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തുടങ്ങിയവർ സമീപം. ‌ചിത്രം: മനോരമ

മലങ്കര സഭ ഒന്നാണെന്നും ഭിന്നതകൾ പരിഹരിക്കപ്പെടണമെന്നും സ്ഥാനാരോഹണത്തിനു ശേഷം ബാവാ പറഞ്ഞു. നിയമ വ്യവസ്ഥയുടെ കീഴിൽ സുസ്ഥിരമായി അച്ചടക്കത്തോടെ സമുദായം നിലനിൽക്കണം. കലഹത്തിന്റെ വികല വീക്ഷണമല്ല, ശാശ്വത സമാധാനത്തിനു വേണ്ടിയുള്ള നിലപാടാണു തന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

പരുമല പള്ളിയിൽ ഇന്നലെ രാവിലെ 6.30നു തുടങ്ങിയ അഭിഷേക ചടങ്ങുകൾക്കു സീനിയർ മെത്രാപ്പൊലീത്തയും അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ അധ്യക്ഷനുമായ കുര്യാക്കോസ് മാർ ക്ലിമ്മീസ് കാർമികത്വം വഹിച്ചു. ലക്ഷക്കണക്കിനു വിശ്വാസികൾ ഓൺലൈനായും മെത്രാപ്പൊലീത്തമാരും സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും വൈദികരും നേരിട്ടും  പങ്കെടുത്തു. മലങ്കര സഭയുടെ ഒൻപതാമത്തെ കാതോലിക്കാ ബാവായ്ക്കു മാത്യൂസ് തൃതീയൻ എന്ന പേര് കുര്യാക്കോസ് മാർ ക്ലിമ്മീസ് അഭിഷേക ചടങ്ങുകൾക്കിടെ പ്രഖ്യാപിച്ചു. സ്ഥാനത്തിനു സർവഥാ യോഗ്യനെന്ന് അർഥം വരുന്ന ‘ഓക്സിയോസ്’ ചൊല്ലുമ്പോൾ മെത്രാപ്പൊലീത്തമാർ അദ്ദേഹത്തെ ഇരിപ്പിടത്തോടെ എടുത്തുയർത്തി.

വ്യാഴാഴ്ച മലങ്കര അസോസിയേഷനിൽ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മലങ്കര മെത്രാപ്പൊലീത്തയുടെ ഔദ്യോഗിക ചുമതലകൾ അദ്ദേഹം ഏറ്റെടുത്തു. എതിരില്ലാതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയതായി മുഖ്യ വരണാധികാരി ഫാ. ഡോ. അലക്സാണ്ടർ ജെ.കുര്യൻ അസോസിയേഷൻ യോഗത്തെ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത സഹ മെത്രാപ്പൊലീത്തമാരും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുത്ത അസോസിയേഷൻ അംഗങ്ങളും കയ്യടിച്ചു തീരുമാനം അംഗീകരിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സമ്മാനമായി കൊടുത്തുവിട്ട പേന, ഫലകം എന്നിവ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് മലങ്കര അസോസിയേഷൻ വരണാധികാരി ഫാ. അലക്സാണ്ടർ ജെ.കുര്യൻ നൽകുന്നു. ജോ ബൈഡന്റെ അഭിനന്ദനക്കത്ത് ചടങ്ങിനിടെ വായിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സമ്മാനമായി കൊടുത്തുവിട്ട പേന, ഫലകം എന്നിവ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് മലങ്കര അസോസിയേഷൻ വരണാധികാരി ഫാ. അലക്സാണ്ടർ ജെ.കുര്യൻ നൽകുന്നു. ജോ ബൈഡന്റെ അഭിനന്ദനക്കത്ത് ചടങ്ങിനിടെ വായിച്ചിരുന്നു.

ദേവലോകത്ത് ഔദ്യോഗിക ചുമതലയിൽ

കോട്ടയം ∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തി ഔദ്യോഗിക ചുമതല ഏറ്റെടുത്തു. അരമന ചാപ്പലിലും മുൻഗാമികളായ കാതോലിക്കാ ബാവാമാരുടെ കബറിടങ്ങളിലും ധൂപാർപ്പണം നടത്തിയതിനു ശേഷമാണു ചുമതലയേറ്റത്. 

7.30ന് ആദ്യ കൽപന ഒപ്പിട്ട്  ചുമതലയെറ്റെടുത്ത കാതോലിക്കാ ബാവായ്ക്ക് ഓഫിസുകളുടെയും സ്ട്രോങ് റൂം ഉൾപ്പെടെയുള്ള മറ്റു മുറികളുടെയും താക്കോൽ സഭയിലെ സീനിയർ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് കൈമാറി. സഭയിലെ മറ്റ് മെത്രാപ്പോലീത്തമാർ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ എന്നിവരും സന്നിഹിതരായിരുന്നു. ഇന്നു രാവിലെ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ പരിശുദ്ധ കാതോലിക്കാ ബാവാ കുർബാന അർപ്പിക്കും.

ആദ്യ പരിപാടി നവജീവനിൽ

കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്നു 12.30ന് ആർപ്പൂക്കര നവജീവൻ സന്ദർശിക്കും. കാതോലിക്കാ സ്ഥാനമേറ്റതിനു ശേഷമുള്ള ബാവായുടെ ആദ്യ ഔദ്യോഗിക പരിപാടിയാണു നവജീവനിൽ ക്രമീകരിച്ചിരിക്കുന്നത്.

English Summary: Baselios Mar Thoma Mathews III Catholicos ordained as supreme head of the Malankara Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com