ADVERTISEMENT

നിയമസഭയിലെ ‘മാസ്ക് നുറുങ്ങുകൾ’ ചേർത്താൽ കുഞ്ഞു പുസ്തകം തന്നെ പ്രസിദ്ധീകരിക്കാം. കോവിഡ് കാല മാസ്ക് വിപണിയിലേക്ക് ആശയം അവതരിപ്പിച്ചതു തിരുവഞ്ചൂർ രാധാകൃഷ്ണനാണ്: ‘മൂവിങ് മാസ്ക് !

വെള്ളപ്പൊക്കക്കെടുതിക്കു വഴിവച്ച സർക്കാർ അനാസ്ഥ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചു തിരുവഞ്ചൂർ കത്തിക്കയറുന്നതിനിടെ സ്പീക്കർ നോക്കുമ്പോൾ മാസ്ക് മൂക്കിൽ അല്ല, താടിയിലാണ്. ‘‘അതു തനിയെ താഴെപ്പോകുന്നതാണ്. മൂവിങ് മാസ്ക് ആണ്’’.

സഭയിൽ നിന്നു നൽകുന്ന നല്ല മാസ്ക് വയ്ക്കുകയാണ് പരിഹാരമെന്നായി സ്പീക്കർ. ഇവിടെ നിന്നു തന്നെ കിട്ടിയതാണെന്നു പറഞ്ഞു തിരുവഞ്ചൂർ മാസ്ക് അഴിച്ചുനീട്ടി : ‘സ്പീക്കർക്കു പരിശോധിക്കാം’.

ലോക ചരിത്രത്തിൽ ആദ്യമായി മാസ്ക് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനു തൊട്ടടുത്തു വരെ സംഗതിയെത്തി. തമാശ വിട്ട് തിരുവഞ്ചൂർ വൈകാതെ ‘സീരിയസ്’ ആയി.

വ്യവസായ വകുപ്പിന്റെ മൂന്നു ബില്ലിൽ ഒന്നു കേരള ധാതുക്കൾ ബിൽ ആയതോടെ ചർച്ച ഊന്നിയത് പരിസ്ഥിതിയിലും കരി മണലിലും പ്രകൃതി ദുരന്തങ്ങളിലുമാണ്. അതോടെ മന്ത്രി പി.രാജീവ് തിരുവഞ്ചൂരിന്റെ പ്രളയ നോട്ടിസിലേക്കു മടങ്ങിപ്പോയി. പ്രളയം വരുമെന്നും അങ്ങനെ ഭരണം മാറുമെന്നും ഒരിക്കൽ പറഞ്ഞ തിരുവഞ്ചൂരിനെത്തന്നെ അതിന്റെ കെടുതി ഉന്നയിക്കാൻ തിരഞ്ഞെടുത്തത് ഏതോ ശത്രുക്കളാണെന്നു രാജീവ് കുത്തി.

തുടർഭരണമെന്നു ചിലരെല്ലാം അവകാശപ്പെട്ടപ്പോൾ എത്രയോ ദിവസം ഇനിയുമുണ്ടെന്നും എന്തെല്ലാം സംഭവിക്കാമെന്നും മാത്രമാണ് പറ‍ഞ്ഞതെന്ന തിരുവഞ്ചൂരിന്റെ അവകാശവാദം മന്ത്രി പക്ഷേ വകവച്ചില്ല. ഭാഗ്യത്തിന് ഈ സമയത്തു തിരുവഞ്ചൂരിന്റെ മാസ്ക്‘ മൂവ്’ ചെയ്തില്ല.

വടകര തൽക്കാലം വിട്ട് ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന്റെ ദോഷം ആർഎംപിയിലെ കെ.കെ.രമ ശ്രദ്ധ ക്ഷണിക്കലായി അവതരിപ്പിച്ചതും മന്ത്രി രാജീവിനു രസിച്ചില്ല. മണൽ നീക്കുന്ന പരിഷ്കാരം ഇത്തവണ ദുരന്തം ഒഴിവാക്കിയതും മറ്റും റവന്യുമന്ത്രി വിവരിച്ച ദിവസം തിരിച്ചൊരു നിഗമനവുമായി സഭയെ രമ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹത്തിനു തോന്നി. കണക്കുകളുമായി ഖണ്ഡിക്കാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തു നിന്നു കാര്യമായ പിന്തുണ രമയ്ക്കു കിട്ടിയില്ല. ഇതു മനസ്സിലാക്കിയ രമേശ് ചെന്നിത്തല ആലപ്പുഴയിലെ പ്രകൃതി ക്ഷോഭത്തിനു പരിഹാരം

ഖനനമല്ലെന്നു ചർച്ചാ വേളയിൽ തിരിച്ചടിച്ചു. പൊഴി മുഖത്തു നിന്നു മണൽ നീക്കിയതു കൊണ്ടു മാത്രമാണ് ഇത്തവണ രക്ഷപ്പെട്ടതെന്നായി അമ്പലപ്പുഴ എംഎൽഎ എച്ച്.സലാം. ഒരു മുന്നറിയിപ്പും നൽകാതെ സെക്കൻഡിൽ 9 ലക്ഷം ലീറ്റർ വെള്ളം ഒഴുക്കിവിട്ട് ജനങ്ങളെ മുക്കിക്കൊന്ന ശേഷം കരിമണൽ ഖനനമാണു രക്ഷ എന്ന് ആരു പറഞ്ഞാലും അംഗീകരിക്കില്ലെന്നു പി.സി.വിഷ്ണുനാഥ് തിരിച്ചടിച്ചതോടെ ആലപ്പുഴയുടെ തീരത്തെ ഖനനപ്പോര് സഭയിലും കൊഴുത്തു.

സിപിഐയോടു കേരള കോ‍ൺഗ്രസിന്(എം) കെറുവ് ഉണ്ടെങ്കിലും ടി.വി.തോമസിന്റെ കയർ പുന:സംഘടനയാണ് ആ മേഖലയെ രക്ഷപ്പെടുത്തിയതെന്ന് ആ പാർട്ടിയിലെ പ്രമോദ് നാരായണനു സംശയമില്ല. പരിതാപകരമായ സ്ഥിതി കണക്കിലെടുക്കുമ്പോൾ ആ മേഖല തന്നെ ‘കയറെടുക്കേണ്ട’ സ്ഥിതിയിലാണെന്ന ഖിന്നതയിലാണ് കെ. ബാബു.

മന്ത്രി പി.എ.മുഹമ്മദ് റിയാസുമായുള്ള ഉടക്ക് പുറത്തു വന്നതിന്റെ പ്രശ്നമൊന്നും ഭാവിക്കാത്ത മട്ടിൽ നീങ്ങിയ എ.എൻ.ഷംസീർ ഇടയ്ക്കു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു സംസാരിച്ച് കൂളായി മടങ്ങിവന്നു. അദ്ദേഹത്തിനേറ്റ ‘ഇൻസൾട്ടിനെ’ മഞ്ഞളാംകുഴി അലിയും തിരുവ‍ഞ്ചൂരും കുത്തിയെങ്കിലും ആ പ്രതിപക്ഷ സൗഹൃദത്തിൽ ഷംസീർ ‘ഇൻവെസ്റ്റ്’ ചെയ്തില്ല.

ഇന്നത്തെ വാചകം

‘അനാവശ്യ തടസ്സങ്ങൾ ഉന്നയിച്ച് ഉദ്യോഗസ്ഥർ സംരംഭകരെ മടുപ്പിക്കുന്നു. ആറുമാസമായി ടൗൺ പ്ലാനിങ്ങിൽ കുടുങ്ങി നിൽക്കുന്ന ഒരു സംരംഭകനെ നേരിട്ടറിയാം.ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ സംരംഭകർക്കു നിരാശ മാത്രമാകും ബാക്കി’ - പി. നന്ദകുമാർ

Content Highlights: Kerala Assembly, Naduthalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com