മുല്ലപ്പെരിയാറിൽ സുപ്രീം കോടതി: ‘ജലനിരപ്പ് എത്രവരെ?, നാളെ പറയണം’

HIGHLIGHTS
  • 137 അടിയായി നിജപ്പെടുത്തണമെന്ന് കേരളം; വേണ്ടെന്ന് തമിഴ്നാട്
Supreme Court Of India (Photo by Sajjad HUSSAIN / AFP)
സുപ്രീം കോടതി (Photo by Sajjad HUSSAIN / AFP)
SHARE

ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് എത്രവരെയാകാമെന്ന കാര്യത്തിൽ മേൽനോട്ട സമിതി നാളെയ്ക്കകം അഭിപ്രായം അറിയിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. ‘ജലനിരപ്പ് എത്രവേണമെന്നതാണു കോടതിക്കു മുന്നിലുള്ള അടിയന്തര വിഷയം. കക്ഷികളുടെ ആശങ്കകൾ മനസ്സിലാക്കണം. ഡാം സുരക്ഷ സംബന്ധിച്ച് മേൽനോട്ട സമിതിയാണു തീരുമാനം എടുക്കേണ്ടത്’– ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികളും കേന്ദ്ര ജലകമ്മിഷൻ പ്രതിനിധിയും ഉൾപ്പെടുന്നതാണ് മൂന്നംഗ മേൽനോട്ട സമിതി. ജലനിരപ്പ് സംബന്ധിച്ച് ഇവരിൽ നിന്ന് മറുപടി ലഭ്യമാക്കാൻ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോടു കോടതി നിർദേശിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫിന്റെയും സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഹർജികൾ പരിഗണിക്കവേയാണു സുപ്രീം കോടതിയുടെ പ്രതികരണം. കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതായും 50 ലക്ഷത്തോളം പേരുടെ ജീവൻ അപകടത്തിലാണെന്നും സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി ഹാജരായ വിൽസ് മാത്യു ചൂണ്ടിക്കാട്ടി. 2018 ലെ പ്രളയസമയത്തു മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് സുപ്രീം കോടതി 139 അടിയായി നിജപ്പെടുത്തിയിരുന്നു.

ആശങ്ക ശക്തമായിരിക്കെ, ജലനിരപ്പ് സംബന്ധിച്ചു സമാന ഇടപെടൽ വേണമെന്നും കേസ് വീണ്ടും പരിഗണിക്കുന്നതു വരെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്നും കേരള സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് ആവശ്യപ്പെട്ടു. വരുംദിവസങ്ങളിൽ ഡാം പ്രദേശത്തു കനത്ത മഴയുണ്ടാകുമെന്ന പ്രവചനവും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിനെ എതിർത്ത തമിഴ്നാട്, സുപ്രീം കോടതി വിധി അനുസരിച്ച് 142 അടി വരെ ജലനിരപ്പ് ആകാമെന്നു വാദിച്ചു. 2018 ൽ ജലനിരപ്പ് 139 അടി കടന്നിരുന്നു. അന്നത്തേതു പോലെ മഴ ഭീഷണി ഇത്തവണയില്ലെന്നും ഇന്നലെ രാവിലെ 137.2 അടി ആണ് ജലനിരപ്പെന്നും തമിഴ്നാടിനു വേണ്ടി ഹാജരായ വി. കൃഷ്ണമൂർത്തി പറഞ്ഞു. 

തുടർന്നാണ്, ഡാമിന്റെ കാര്യത്തിൽ അപകടാവസ്ഥയെക്കുറിച്ചറിയില്ലെങ്കിലും ജലനിരപ്പു സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ തീരുമാനം വേണ്ടതാണെന്നു കോടതി വ്യക്തമാക്കിയത്. കോടതിക്കു ജലനിരപ്പു നിശ്ചയിക്കാൻ കഴിയില്ലെന്നും ഇതു മേൽനോട്ട സമിതിയുടെ ചുമതലയാണെന്നും ജസ്റ്റിസ് ഖാൻവിൽക്കർ പറഞ്ഞു.

തർക്കിച്ചു നിൽക്കാതെ, ഗുണപരമായതു ചെയ്യൂ

മനുഷ്യജീവനെ ബാധിക്കുന്ന കാര്യത്തെ രാഷ്ട്രീയമായി മാത്രം കാണാതെ, മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര ജല കമ്മിഷനുമായും കക്ഷികളുമായും പരസ്പരം ചർച്ച നടത്താൻ സുപ്രീം കോടതിയുടെ നിർദേശം. കോടതി മുറിയിൽ തർക്കിച്ചു സമയം കളയാതെ ഗുണപരമായ എന്തെങ്കിലും ചെയ്യണം. എല്ലാവരും ആത്മാർഥമായി പ്രവർത്തിക്കണം. രാഷ്ട്രീയമല്ല, ജനങ്ങളുടെ ജീവന്റെ പ്രശ്നമാണെന്ന് ഓർക്കണം. ഒന്നോ രണ്ടോ കക്ഷികളുടെ നിഷ്ക്രിയത്വം കൊണ്ടാണു തങ്ങൾക്കിടപെടേണ്ടി വരുന്നതെന്നും കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള പഠന റിപ്പോർട്ട് ഹർജിക്കാരനായ ഡോ. ജോ ജോസഫ് കോടതിയിൽ നൽകിയിരുന്നു. ജോ ജോസഫിനു വേണ്ടി ടി.ജി.നായർ ഹാജരായി.

English Summary: Mullaperiyar Dam: 'Understand Anxiety Of Parties', Supreme Court Seeks Committee's Immediate Decision On Water Leve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA