ADVERTISEMENT

നിർധനർക്കുള്ള ഭവന പദ്ധതിയായ ലൈഫ് മിഷനെ മലയാളത്തിൽ ‘ജീവിത ദൗത്യം’ എന്നും വിശേഷിപ്പിക്കാം. അതുകൊണ്ടാകാം അല്ലെങ്കിൽ കോവിഡ് ചികിത്സ കഴിഞ്ഞു നേരെ സഭയിലേക്കു വന്നതു കൊണ്ടാകാം, മന്ത്രി എം.വി.ഗോവിന്ദൻ കൂടുതൽ തത്വചിന്തയിലായി.

ജീവിതത്തെക്കുറിച്ചു തന്നെ മന്ത്രി ദർശനം അവതരിപ്പിച്ചു: ‘ഒരു കാര്യത്തിന് ഒരു കാരണമുണ്ട്, ഒരു കാരണത്തിന് ഒരു കാര്യമുണ്ട്. കാരണമില്ലാതെ കാര്യം ഉണ്ടാകില്ല, തിരിച്ചും അങ്ങനെ തന്നെ’. ലൈഫ് മിഷൻ പദ്ധതി അവതാളത്തിലായെന്നു ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച പി.കെ.ബഷീർ അന്തം വിട്ടിരുന്നു. പിന്നീടാണു കാര്യം മനസ്സിലായത്. ബഷീറിന്റെ പരാതികളെ ആ രീതിയിൽ വിശകലനം ചെയ്യാനുള്ള തീരുമാനമാണ് ഈ ദർശനാവതരണത്തിലേക്കു നയിച്ച കാരണം.

ആരോപണങ്ങളെ കാര്യകാരണ സഹിതം ഖണ്ഡിക്കാൻ ശ്രമിച്ച മന്ത്രിയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുടുക്കിയത് ഒരു മുൻ മന്ത്രിയുടെ മറുപടി ഹാജരാക്കിയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 3,724 വീടുകൾ മാത്രമാണു നിർമിച്ചതെന്ന മന്ത്രിയുടെ ആരോപണത്തിനു ബദലായി കെ.ടി.ജലീൽ നൽകിയ മറുപടി സതീശൻ ഉദ്ധരിച്ചു. 4.34 ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന ജലീലിന്റെ സാക്ഷ്യത്തിനു കാരണം മന്ത്രി കണ്ടെത്തി:‘ ഏതോ രേഖയിലെ അച്ചടിപ്പിശകാണ്’. മന്ത്രി പറഞ്ഞ കാര്യവും പിന്നിലെ കാരണവും തള്ളിയ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പ്രസംഗത്തിൽ ആവേശം കൂടിയപ്പോൾ കാരണമൊന്നുമില്ലാതെ ‘പെൺ‍ബുദ്ധി പിൻബുദ്ധി’എന്ന പഴഞ്ചൊല്ല് ബഷീറിന്റെ നാവിൽ നിന്നു വന്നു. പ്രതിപക്ഷ ബെഞ്ചിലെ കെ.കെ.രമ അടക്കം എഴുന്നേൽക്കാൻ തുടങ്ങുകയും സ്ത്രീവിരുദ്ധ പരാമർശമെന്ന് സ്പീക്കർ മുന്നറിയിപ്പു നൽകുകയും ചെയ്തതോടെ പിൻവലിക്കലാണ് ബുദ്ധിയെന്നു ബഷീറിനു ബോധ്യപ്പെട്ടു.

മത്സ്യവിപണന രംഗത്തു സർക്കാരിന്റെ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നത് ഉൾപ്പെടെ ആ മേഖലയുമായി ബന്ധപ്പെട്ട നാലു ബില്ലുകളുടെ ചർച്ച രാഷ്ട്രീയ കലക്ക വെള്ളത്തിലെ മീൻപിടിത്തം തന്നെയായി. കരയിലിരുന്നു കളി നിയന്ത്രിച്ചിരുന്ന തരകന്മാരുടെ കയ്യിൽ നിന്നു മത്സ്യത്തൊഴിലാളിയുടെ വിമോചനമാണ് ഭരണപക്ഷത്തെ എം.നൗഷാദിന് ബിൽ. എന്നാൽ പ്രതിപക്ഷത്തെ എം.വിൻസന്റിന്, ചൂഷകരിൽ നിന്നു രക്ഷപ്പെടുത്താൻ എന്ന വ്യാജേന മോഷണം നടത്തുന്ന ഇടതു പക്ഷക്കാരുടെ കടലാക്രമണവും. കടലമ്മ ചതിക്കില്ലെന്ന് ഉറപ്പുള്ള മത്സ്യത്തൊഴിലാളി ഈ ചർച്ച കേട്ടാൽ ഏതു മുന്നണിയാണ് ചതിക്കുന്നത് എന്ന ആശയക്കുഴപ്പത്തിലായേനെ. പ്രതിപക്ഷം സംസാരിക്കുന്നതു മത്സ്യത്തൊഴിലാളികൾക്കു വേണ്ടി തന്നെയോ എന്ന സംശയമാണ് മന്ത്രി സജി ചെറിയാനുണ്ടായത്. അവർക്ക് അധിക വരുമാനം നേടിക്കൊടുക്കാനുള്ള ശ്രമമാണ് ബില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും പ്രതിപക്ഷം അത് ഉൾക്കൊണ്ടില്ല.

ചർച്ച പൊടിപാറുന്നതിനിടെ പ്രതിപക്ഷ നിര ശുഷ്കമായത് ആ മേഖലയോടുള്ള ആത്മാർഥതക്കുറവാണ് തെളിയിക്കുന്നതെന്നു കെ.യു.ജനീഷ്കുമാർ. കെപിസിസി നേതൃ യോഗത്തിനായി എംഎൽഎമാർ പോയെന്ന ന്യായമെങ്കിലും തങ്ങൾക്കു പറയാനുണ്ടെന്നും ഒഴി‍ഞ്ഞ ഭരണപക്ഷ ബെഞ്ചുകളുടെ കാര്യത്തിൽ എന്തുണ്ട് ന്യായമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.ബാബുവും തിരിച്ചടിച്ചതോടെ ജനീഷിന്റെ നില അൽപനേരം പരുങ്ങലിലായി.

ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ നേട്ടം പറഞ്ഞ് ഇടയ്ക്ക് മീൻ പിടിത്തത്തിൽ നിന്നു ബാബു വോട്ടു പിടിത്തത്തിലേക്കു പോയി. ‘ചെറുങ്ങനെ ഒന്നു പൊങ്ങി വന്നാൽ പിന്നെ അഹങ്കാരമാകും, അതാണ് ഈ പാർട്ടി രക്ഷപ്പെടാത്തത്’ എന്ന കുണ്ഠിതം എ.എൻ.ഷംസീർ പങ്കുവച്ചു.

പ്രതിപക്ഷ ആരോപണങ്ങൾ ഖണ്ഡിക്കാനായി എഴുന്നേറ്റുകൊണ്ടേയിരുന്ന മുൻ മത്സ്യഫെഡ് ചെയർമാനായ ജെ.ചിത്തരഞ്ജന്റെ ആത്മാർഥത കണ്ടപ്പോൾ സഭയിലെ സമയം ലാഭിക്കാൻ തിരുവഞ്ചൂർ ഉപായം കണ്ടെത്തി. എംഎൽഎ ഹോസ്റ്റലിൽ തൊട്ടടുത്ത മുറിയിലുള്ള ചിത്തരഞ്ജൻ വൈകിട്ട് ഇറങ്ങിയാൽ മീൻ കൂട്ടി ചോറുണ്ടുകൊണ്ട് ബാക്കി കാര്യങ്ങൾ തീ‍ർപ്പാക്കാം.

∙ ഇന്നത്തെ വാചകം

തീരത്ത് ഉയരുന്നത് ആശങ്കയുടെ തിരമാലയാണ്. എല്ലാവർക്കും മീൻ വേണം, പക്ഷേ മത്സ്യത്തൊഴിലാളിയെ വേണ്ട.

Content Highlight: Kerala Assembly, Naduthalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com