രാഷ്ട്രീയക്കേസ്: കെപിസിസി നിയമ സഹായ സെൽ രൂപീകരിക്കുന്നു

K. Sudhakaran
കെ. സുധാകരൻ
SHARE

തിരുവനന്തപുരം∙ രാഷ്ട്രീയക്കേസുകളിൽ പ്രതികളാകുന്ന പ്രവർത്തകർക്കായി ജില്ലകളിൽ നിയമസഹായ സെൽ രൂപീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. സാന്ത്വന പരിചരണ മേഖലയിൽ ഇടപെടാൻ പാലിയേറ്റിവ് കെയർ ടീം രൂപീകരിക്കും.

ജില്ലകളിൽ വികസന സമിതി രൂപീകരിച്ചു ജനപ്രതിനിധികൾക്കു വികസന അജൻഡ കൈമാറും. പാർട്ടിയുടെ വിവിധ സെല്ലുകൾ ജില്ലാതലം വരെയായി പരിമിതപ്പെടുത്തി. അതിനു താഴേക്കു പോകുന്നതു സംഘടനാ പ്രവർത്തനത്തിനു തടസ്സമുണ്ടാക്കുന്നു–കെപിസിസി നിർവാഹക സമിതി യോഗ തീരുമാനങ്ങൾ വിശദീകരിച്ചു സുധാകരൻ പറഞ്ഞു.

നേതാക്കൾക്കു നൽകി വരുന്ന പഠന ക്ലാസ് മണ്ഡലംതല ഭാരവാഹികൾക്കു കൂടി ലഭ്യമാക്കും. പാർട്ടിയുടെ രഹസ്യങ്ങൾ ചോർത്തുന്നവർക്കും സമൂഹ മാധ്യമങ്ങൾ വഴി നേതാക്കളെ അധിക്ഷേപിക്കുന്നവർക്കുമെതിരെ നടപടിയുണ്ടാകും. യൂണിറ്റ് കമ്മിറ്റി രൂപീകരണത്തെ പാർട്ടിയിൽ ചിലർ വിമർശിക്കുന്നതു കുരുടൻ ആനയെ കണ്ടതു പോലെയാണ്. ഈ സംവിധാനം മനസ്സിലാക്കിയ കർണാടകയിലെയും ആന്ധ്രയിലെയും പാർട്ടി നേതൃത്വം ഇതേക്കുറിച്ചു പഠിക്കാൻ കേരളത്തിലെത്തുന്നുണ്ട്–സുധാകരൻ പറഞ്ഞു. നവംബർ 19 ന് ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികത്തിൽ കോൺഗ്രസിന്റെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും അനുസ്മരണ പരിപാടി നടക്കും.

പാർട്ടി പുനഃസംഘടന നിർത്തിവയ്ക്കണമെങ്കിൽ എഐസിസി പറയട്ടെ

സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് എഐസിസി നേതൃത്വമായതിനാൽ, കേരളത്തിലെ പുനഃസംഘടന നിർത്തി വയ്ക്കണമെങ്കിലും അവിടെ നിന്നു നിർദേശിക്കണമെന്നു സുധാകരൻ പറഞ്ഞു.  പുനഃസംഘടനയ്ക്ക് എഐസിസിയുടെ പച്ചക്കൊടിയുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരത്തിലൂടെ നേതൃ സ്ഥാനത്തെത്താൻ കഴിയുമെങ്കിൽ മത്സരിക്കാൻ ഒത്തിരിപ്പേരുണ്ടാകും. ആരെങ്കിലുമൊക്കെ മത്സരിച്ചു നേതൃ സ്ഥാനത്തെത്താനാണല്ലോ തിരഞ്ഞെടുപ്പ്.   കെപിസിസി പ്രസിഡന്റ് മത്സര സന്നദ്ധത പ്രഖ്യാപിച്ചതു വിമർശനത്തിന് ഇടയാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തിരഞ്ഞെടുപ്പു നടത്തുന്നതു കെപിസിസി അല്ലല്ലോയെന്നു സുധാകരൻ പ്രതികരിച്ചു.

പാർട്ടി യോഗങ്ങളിൽ തന്നെയാരും വളഞ്ഞിട്ട് ആക്രമിച്ചിട്ടില്ല. കടലു കണ്ട തനിക്കു തോട് വലിയ പ്രശ്നമല്ല. തന്നെ മാത്രം ആക്രമിക്കുന്നതു ജാതക ഫലമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

English Summary: KPCC forming legal help cell

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA